ഫ്രഞ്ച് ലീഗ് വണ്ണിൽ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള നാന്റ്സിന് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ചാമ്പ്യന്മാർ പരാജയം നേരിട്ടത്. മെസ്സി, നെയ്മർ, എമ്പപ്പെ എന്നിവർ ഒരുമിച്ച് കളിയിൽ ഇറങ്ങിയിട്ടും പാരീസിന് പരാജയം തടുക്കാനായില്ല.
മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം പി.എസ്.ജി കാണിച്ചുവെങ്കിലും തുടക്കത്തിൽ തന്നെ നാന്റ്സ് ഞെട്ടിച്ചു. നാലാം മിനിറ്റിൽ തന്നെ ഒരു പ്രത്യാക്രമണത്തിൽ മോസസ് സിമോണിന്റെ പാസിൽ നിന്നു റാന്റൽ മുഅമി നാന്റ്സിനായി ഗോൾ നേടി. പതിനാറാം മിനിറ്റിൽ 19 കാരൻ ക്വിന്റൻ മെർലിൻ ഒസ്മാൻ ബുഖാരിയുടെ പാസിൽ നിന്നു അടിച്ച ഷോട്ട് പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ പാരീസ് രണ്ടു ഗോളുകൾക്ക് പിറകിലായി.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വൈനാൾഡത്തിന്റെ ഹാന്റ് ബോളിന് വാർ പെനാൽട്ടി വിധിച്ചതോടെ പി.എസ്.ജി വീണ്ടും സമ്മർദ്ദത്തിലായി. പെനാല്‍റ്റി ലക്ഷ്യം കണ്ട ലുണ്ടോവിച്ച് ബ്ലാസ് അവരുടെ ജയം ഉറപ്പിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ലയണൽ മെസ്സിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ നെയ്മർ ജൂനിയർ പാരീസിന് തിരിച്ചു വരവിൻ്റെ പ്രതീക്ഷകൾ നൽകി.
എന്നാൽ 58 മത്തെ മിനിറ്റിൽ എമ്പപ്പെയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി നെയ്മർ പാഴാക്കിയത് വലിയ തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സി പെനാല്‍റ്റി പാഴാക്കിയതിന് പുറകെയാണ് നെയ്മർ പെനാല്‍റ്റി ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുന്നത്. തുടർന്ന് മെസ്സിയും നെയ്മറും എമ്പപ്പയും ഒക്കെ ശ്രമിച്ചുവെങ്കിലും പാരീസ് പരാജയം സമ്മതിക്കുകയായിരുന്നു. നാലു മാസത്തിനിടയിലുള്ള പാരീസിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്.
Discover more from
Subscribe to get the latest posts sent to your email.