Footy Times

മാജിക്കൽ മഗ്യാർസ്: ഫുട്ബോൾ ഹംഗറിയുടെ സുവർണ സ്‌മൃതികൾ

0 407

Football Paradiseൽ പ്രസിദ്ധീകരിച്ച അലക്സ് ഡീകറിന്റെ ലേഖനത്തിന്റെ സംക്ഷിപ്ത വിവർത്തനം.

മറ്റൊരു ലോകക്കപ്പു കൂടി നമ്മുടെ മുന്നിലെത്തുകയാണ്. ഏതൊരു കായിക മത്സരത്തെക്കാളും മുന്തിയ കായിക മാമാങ്കം! ഈ കായികോത്സവത്തിൽ പങ്കുകൊള്ളാൻ ഒരു നൂറ്റാണ്ടോളമായി ലോകത്തെ എല്ലാ രാജ്യങ്ങളും ഘോരഘോരമായി പോരാടുന്നു!

ലോകക്കപ്പ് ഫൈനൽ മത്സരം ലോകമൊന്നടങ്കം കണ്ണിമവെട്ടാതെ കാണാറുണ്ടല്ലോ. 1950ൽ ബ്രസീലിനെ ഉറുഗ്വേ പരാജയപ്പെടുത്തിയതും, 1974ൽ നെതർലൻഡ്സിനെ പശ്ചിമ ജർമനി മറികടന്നതും, 2014ൽ മരിയോ ഗോഡ്സെയെന്ന പയ്യൻ ബെഞ്ചിൽ നിന്നും ഇറങ്ങിവന്ന് ലയണൽ മെസ്സിയുടെ അർജന്റീനയെ കീഴടക്കിയതുമെല്ലാം ലോകം വീക്ഷിച്ചതാണ്.

ഫ്രാങ്ക് പുഷ്കാസ്

എന്നാൽ, ഫുട്ബോൾ ചരിത്രത്തെ കുറിച്ച് അത്ര ധാരണയില്ലാത്തവർക്ക് ഹംഗറി ലോകഫുട്ബാൾ മാമാങ്കത്തിന്റെ ഫൈനലുകൾ കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. 1938ലും 54ലും ഹംഗറി ലോകക്കപ്പ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 1954ലെ യോഗ്യതാ മത്സരങ്ങളിൽ പോലും അവിശ്വസിനീയ പ്രകടനമാണവർ കാഴ്ചവെച്ചത്. ഇന്നത്തെ ഹംഗറിയുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും വിശ്വസിക്കാനാവില്ല. 1982 വരെയുള്ള ഹംഗറിയുടെ ലോകക്കപ്പ്
യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും മികച്ചതായിരുന്നുവത്. ചുരുക്കിപ്പറഞ്ഞാൽ 50കളിൽ യൂറോപ്പിലെ എല്ലാ ടീമുകളും ഭയപ്പെട്ട ഫുട്ബോൾ ടീമായിരുന്നു ഹംഗറിയുടേത്.

വർഷം 1953. അടുത്ത വർഷത്തെ ലോകക്കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹംഗറി ഇംഗ്ലണ്ടിലേക്ക് പറക്കുന്നു, ഒരു നൂറ്റാണ്ടായി തങ്ങളുടെ സ്വദേശത്ത് പരാജയമറിയാത്ത ഇംഗ്ലണ്ടുമായി കൊമ്പുകോർക്കാൻ. ഫുട്ബാളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിനെ പിന്തുണച്ചുകൊണ്ട് വെംബ്ലി സ്റ്റേഡിയം കാണികളാൽ നിറഞ്ഞിരിക്കുന്നു. പക്ഷേ ഹംഗറി കുലുങ്ങിയില്ല. പുഷ്കാസും സംഘവും 6-3ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കളം വിട്ടത്. മൂന്നുവർഷം മുമ്പ് 1950ൽ ഉറുഗ്വേ ബ്രസീലിനെ കീഴടക്കിയ ഫൈനലിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മത്സരഫലം.

കാൽപന്തിന്റെ സൃഷ്ടാക്കളെ മൂന്നിനെതിരെ ആറുഗോളുകൾക്ക് പരാജയപ്പെടുത്തിയത് ലോകക്കപ്പിലേക്ക് തലയെടുപ്പോടെ കടന്നുചെല്ലാൻ ഹംഗറിക്ക് ധൈര്യം നൽകി. 1938ലും ഹംഗറി ലോകക്കപ്പ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും 54ലേത് ‘അരാനിക്സ്പാറ്റ്’ അഥവാ ‘സുവർണ സംഘമായിരുന്നു’. നാലുവർഷം അപരാജിതരായി യൂറോപ്പ് ഭരിച്ചവർ.

ഗ്രൂപ്പ്‌ ഘട്ടത്തിൽ സൗത്ത് കൊറിയക്കെതിരെ 9-0 ന്റെ വിജയം നേടിയ പുഷ്കാസും കൂട്ടരും ജർമനിയെ 8-3 ന്റെ വമ്പൻ പരാജയത്തിലാഴ്ത്തി. ഫൈനലിനുമുമ്പ് ഹംഗറി വെള്ളം കുടിച്ചത് ക്വാർട്ടറിൽ ബ്രസീലിനെ നേരിട്ടപ്പോഴാണ്. കളത്തിനകത്തും പുറത്തുമായി ഒട്ടേറെ ഏറ്റുമുട്ടലുകൾ നടന്ന മത്സരത്തിൽ മൂന്ന് കളിക്കാരെ വിലക്കുകയും ചെയ്തിരുന്നു. ഒടുവിൽ 4-2 ന് ബ്രസീലിനെ പരാജയപ്പെടുത്തി ഹംഗറി സെമിയിലേക്ക് പ്രവേശിച്ചു. എക്സ്ട്രാ ടൈമിൽ 4-2 ന് ഉരുഗ്വേയെ നിഷ്പ്രയാസം മറികടന്ന് തങ്ങളുടെ ബദ്ധവൈരികളായ പശ്ചിമ ജർമനിയെ നേരിടാൻ ഫൈനലിലെത്തി.

ലോകക്കപ്പ് നേടുന്ന രണ്ടാമത്തെ യോറോപ്യൻ ടീമാവാനുള്ള എല്ലാ സാഹചര്യവും ഒത്തിണങ്ങിയിരിക്കുന്നു. സുവർണ സംഘത്തെ ആർക്കും തോൽപിക്കാനുമാവില്ല, അതും ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കെ. എന്നാൽ ചില ടീമുകൾ അവസാന നിമിഷം തോൽവി ഏറ്റുവാങ്ങുന്ന ഒരു പ്രവണതയുണ്ട്. അവരൊരിക്കലും പരാജയപ്പെടില്ല എന്ന് കരുതിയിരിക്കുമ്പോൾ തന്നെ അവരുടെ അധീശത്വം അവസാനിക്കുന്നതായി കാണാം.

ഗ്രൂപ്പ്‌ ഘട്ടത്തിൽ ഹംഗറിയോട് വമ്പൻ പരാജയം നേരിട്ടിരുന്ന പശ്ചിമ ജർമനി ടീമിന്റെ തന്ത്രങ്ങളും ഉദ്യോഗസ്ഥ സഞ്ചയത്തെയും പാടേ മാറ്റിയിരുന്നു. ഫൈനലിൽ ഹംഗറി മികച്ച രീതിയിൽ തന്നെ തുടങ്ങി. 2-0ന് മുന്നിട്ടുനിന്നെങ്കിലും ജർമനി മൂന്നെണ്ണം മടക്കി 3-2 ന് മുന്നിലെത്തി. കളിയുടെ അവസാന നിമിഷത്തിൽ പുഷ്കാസ് സമനില ഗോൾ നേടിയെങ്കിലും, ഓഫ്‌സൈഡ് വിളിക്കപ്പെട്ടു. ഹംഗറി തോറ്റു.

കണ്ണുചിമ്മി തുറന്നപ്പോഴേക്കും ലോകക്കപ്പെന്ന ഹംഗറിയുടെ സ്വപ്നം ഉടഞ്ഞുപോയി. ബുഡാപസ്റ്റിലെ പ്രബല ക്ലബ് അംഗങ്ങളും മറ്റു പ്രധാന കളിക്കാരും വീണുപോയിരിക്കുന്നു. ലോകം കീഴടക്കാനുള്ള അവരുടെ അവസാന ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. ഓസ്ട്രിയയുടെ ‘വണ്ടർ ടീമിന്റെ’ പിൻഗാമികളും ഡച്ചുകാരുടെ ‘ടോട്ടൽ ഫുട്ബോളിന്റെ’ പിൻഗാമികളുമായ ഹംഗറി റണ്ണേഴ്സ് അപ്പ്‌ മാത്രമായി ചരിത്രത്തിലേക്ക് മാഞ്ഞു.