കൊമ്പൻ്റെ കൊമ്പൊടിച്ച് ബംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ ആറാം മത്സരത്തിലും തോൽവിയറിയാതെ ബംഗളൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ബംഗളൂരു സീസണിലെ അഞ്ചാം വിജയം നേടുന്നത്. ഇതോടെ ആറുമത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുമായി ബംഗളൂരു പോയിൻ്റ് പട്ടികയിൽ ഒന്നാമത് തുടരുന്നു.

എട്ടാം മിനുട്ടിൽ പെരേര ഡയസിൻ്റെ ഗോളിലാണ് ബംഗളൂ രു മുന്നിലെത്തുന്നത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധ താരം പ്രീതം കോട്ടാൽ വരുത്തിയ പിഴവ് മുതലെടുത്ത് ഡയസ് ഗോൾകീപ്പർ സോം കുമാറിന് മുകളിലൂടെ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തു. ഗോൾ തിരിച്ചടിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം ശ്രമിച്ചെങ്കിലും ഗുർപ്രീത് വില്ലനായി. ഒടുവിൽ ഇടവേളക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. പെനാൽറ്റിയിൽ നിന്നും ജീസസ്  ഗോൾ കണ്ടെത്തി, ഇതോടുകൂടി തുടർച്ചയായ ആറാം മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാനുള്ള ബംഗളൂരുവിന്റെ മോഹങ്ങൾ അസ്തമിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമും കൂടുതൽ അക്രമകാരികളായി. ലീഡ് എടുക്കാൻ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും  ഗുർപ്രീതിനെ കീഴ്പ്പെടുത്താനായില്ല. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോംകുമാറിന്റെ പിഴവിൽ നിന്നാണ് ബംഗളൂരിൽ ലീഡ് എടുക്കുന്നത്. ബോക്സിലേക്ക് ഉയർന്നുവന്ന ഫ്രീകിക്ക് കയ്യിൽ ഒതുക്കാൻ ശ്രമിച്ച സോം കുമാറിന് പിഴച്ചു, വീണു കിട്ടിയ പന്തിനെ പകരക്കാരനായി ഇറങ്ങിയ എഡ്ഗാർ മെൻഡസ് വലയിലെത്തിച്ചു. ഗോൾ വീണതോടുകൂടി ബ്ലാസ്റ്റേഴ്സ് കൂടുതൽ പ്രതിരോധത്തിലായി. പകരക്കാരായി രാഹുലും , ഡ്രിൻസിച്ചും കളത്തിൽ ഇറങ്ങിയെങ്കിലും ബംഗളൂരു വലകുലുക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരത്തിന്റെ അവസാന മിനിട്ടിലാണ് ബംഗളൂരുവിന്റെ മൂന്നാം ഗോൾ വരുന്നത്. ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ബംഗളൂരുവിൻ്റെ മലയാളി താരം മുഹമ്മദ് സല ക്ലിയർ ചെയ്ത പന്തിനെ സ്വീകരിച്ച മെൻഡെസ് ഗോൾകീപ്പറേയും മറികടന്ന് മൂന്നാം ഗോൾ നേടി.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment