ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീമിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് (Karim Benarif Kerala Blasters).
പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ ടീമിനെ രക്ഷിക്കാൻ മധ്യനിരയിൽ പുതിയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി മൊറോക്കൻ മിഡ്‌ഫീൽഡർ കരീം ബെനാരിഫിനെ (Karim Benarif) ക്ലബ്ബ് ടീമിലെത്തിച്ചിരിക്കുകയാണ്.
ടീമിന്റെ മോശം പ്രകടനത്തിൽ നിരാശരായ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ പുതിയ സൈനിങ്.ഇറാഖ് സ്റ്റാർസ് ലീഗിലെ കർബല എഫ്‌സിയിൽ നിന്നാണ് താരം കൊച്ചിയിലേക്ക് എത്തുന്നത്.
സെൻട്രൽ മിഡ്‌ഫീൽഡർ എന്ന നിലയിൽ പന്തുകൾ കൃത്യമായി വിതരണം ചെയ്യുന്നതിനൊപ്പം തന്നെ, ടീമിന്റെ ആവശ്യാനുസരണം ഡിഫൻസീവ് മിഡ്‌ഫീൽഡറായും റൈറ്റ് മിഡ്‌ഫീൽഡറായും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കും.
ആഫ്രിക്കയിലെ ഏറ്റവും വലിയ ക്ലബ്ബ് ടൂർണമെന്റുകളായ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിലും കോൺഫെഡറേഷൻ കപ്പിലും എഫ്‌യുഎസ് റബാത്തിനായി കളിച്ച മികച്ച പരിചയസമ്പത്തും താരത്തിനുണ്ട്.
ഈ അനുഭവസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന്റെ തളർന്നുകിടക്കുന്ന മധ്യനിരയ്ക്ക് പുതുജീവൻ നൽകുമെന്നാണ് കരുതപ്പെടുന്നത്.
നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മധ്യനിരയിൽ കളി നിയന്ത്രിക്കാൻ കെൽപ്പുള്ള ഒരു പ്ലേമേക്കറുടെ അഭാവമാണ്.
മുന്നേറ്റ നിരയിലേക്ക് കൃത്യമായ പാസുകൾ എത്താതിരുന്നതും പ്രതിരോധത്തിന് മതിയായ പിന്തുണ ലഭിക്കാത്തതും ടീമിനെ പോയിന്റ് പട്ടികയിൽ പിന്നോട്ടടിച്ചു.
ഈ വിടവ് നികത്താൻ ബെനാരിഫിന്റെ സാന്നിധ്യം സഹായിക്കുമെന്ന് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡും മാനേജ്‌മെന്റും വിശ്വസിക്കുന്നു.
RELATED READS: കർക്കശക്കാരൻ, ഫിറ്റ്നസ് മുഖ്യം, കൗണ്ടർ അറ്റാക്കിങ്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പടത്തലവനെക്കുറിച്ച് ആരാധകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ പുറത്ത്; മത്സരക്രമം അറിയാം
പകരം ആര് പുറത്ത്?
പുതിയ വിദേശ സൈനിങ് എത്തിയതോടെ ആരാധകർക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യം ഏത് വിദേശ താരം പുറത്തുപോകും എന്നതാണ്.
ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമേ സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു.
നിലവിൽ ആറ് വിദേശ താരങ്ങളും ടീമിലുള്ളതിനാൽ പുതിയ താരത്തെ ഉൾപ്പെടുത്തണമെങ്കിൽ ഒരാളെ ഒഴിവാക്കിയേ മതിയാകൂ.
മൊറോക്കൻ മിഡ്ഫീൽഡർക്ക് ഇടം നൽകാൻ ആരെയാണ് മാനേജ്‌മെന്റ് റിലീസ് ചെയ്യുക എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുകയാണ്.
പുതിയ വിദേശ താരത്തിന് പകരം റിലീസ് ചെയ്യേണ്ട താരത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.
വരും മണിക്കൂറുകളിൽ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ടീമിന്റെ ഘടനയ്ക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ലഭ്യമായ സൂചനകൾ പ്രകാരം, ബ്ലാസ്റ്റേഴ്സിന്റെ ജർമൻ മിഡ്ഫീൽഡർ മാർലോൺ അല്ലെങ്കിൽ സ്പാനിഷ് മിഡ്ഫീൽഡർ മാതിയാസ് ഹെർണാണ്ടസ് എന്നിവരിൽ ഒരാളായിരിക്കും ടീമിൽ നിന്ന് പുറത്തുപോവുക.
ഇരുവരുടെയും പ്രകടനം ഈ സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ക്ലബ്ബിനെ നയിക്കുന്നത്.
വരാനിരിക്കുന്ന മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണ്. ഏപ്രിൽ അഞ്ചിനാണ് ടീമിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്തുള്ള സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് ഈ നിർണ്ണായക പോരാട്ടം.
വൈകുന്നേരം അഞ്ച് മണിക്ക് ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ടേബിളിൽ താഴെത്തട്ടിലുള്ള ടീമായതിനാൽ സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെ വിജയിച്ച് മൂന്ന് പോയിന്റുകൾ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് അത്യാവശ്യമാണ്.
ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ ഭീഷണിയിൽ നിന്ന് താൽക്കാലികമായെങ്കിലും ആശ്വാസം കണ്ടെത്താൻ സാധിക്കുകയുള്ളു.
കരീം ബെനാരിഫിന്റെ വരവ് ഈ മത്സരത്തിന് മുൻപ് ടീമിന് എത്രത്തോളം ഊർജ്ജം നൽകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
ALSO READ: ഇനി കൊച്ചിയിലേക്ക് ഇല്ല; ഇന്ത്യൻ ടീമിനെ ആട്ടിപ്പുറത്താക്കി ജിസിഡിഎ; കേരളത്തിന് തന്നെ നാണക്കേട്
English Summary: Kerala Blasters FC has officially signed Moroccan midfielder Karim Benarif to strengthen their squad for the ISL 2026 season. As the club faces a tough period, the arrival of Karim Benarif is expected to stabilize the midfield. Coach Ashley Westwood will soon decide which foreign player will be released to accommodate the new signing.
content: Karim Benarif Kerala Blasters
Discover more from
Subscribe to get the latest posts sent to your email.