ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധക പിന്തുണയിൽ പകരം വെക്കാനില്ലാത്ത ടീമാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. ഫ്രീ ടിക്കറ്റ് കൊടുത്തിട്ട് പോലും സ്റ്റേഡിയങ്ങൾ നിറക്കാനാകാതെ മറ്റു ടീമുകൾ കഷ്ടപ്പെടുമ്പോൾ മത്സരത്തിനും ദിവസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ് കൊച്ചിയിലേത്. പറഞ്ഞിട്ടെന്താ, രൂപീകരിച്ചിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും കണ്ടു കുളിര് കോരാൻ ഒരു ട്രോഫി പോലും തങ്ങളുടെ ഷെൽഫിൽ ഇല്ലെന്നതാണ് ക്ലബ്ബിന്റെ ഏറ്റവും വലിയ ദുഃഖം. ഇപ്പോഴിതാ നാണക്കേടിന്റെ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ ബ്ലാസ്റ്റേഴ്സ്.
ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന 13 ടീമുകളിൽ ഒരു കിരീടം പോലും പേരിലില്ലാത്ത ഏക സീനിയർ ടീം എന്നതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ വിശേഷണം. ഇന്നലെ നടന്ന ഡ്യൂറന്റ് ട്രോഫി ഫൈനലിൽ നോർത്ത് ഈസ്റ്റ് എഫ്.സി ഉജ്ജ്വല വിജയം നേടിയതോടെയാണ് ഈ നാണക്കേട് ഒറ്റക്ക് ചുമക്കേണ്ട ഗതികേട് ബ്ലാസ്റ്റേഴ്സിന്റെ തലയിൽ വന്നു പെട്ടത്.
ഐ.എസ്.എല്ലിലെ മറ്റ് 12 ക്ലബ്ബുകൾക്കും നിലവിൽ സ്വന്തം പേരിൽ കിരീടങ്ങളുണ്ട്. നിലവിലുള്ള 4 പ്രധാന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങളുള്ളത് കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനുമാണ്. 17 ഡ്യൂറന്റ് കപ്പുകളും 2 ഐലീഗും 2 ഐഎസ്എല്ലുമടക്കം 21 കിരീടങ്ങൾ കൊണ്ട് സമ്പന്നമാണ് മോഹൻ ബഗാൻ. തൊട്ടുപിന്നിൽ 16 ഡ്യൂറന്റ് കപ്പും 3 ഐലീഗും 1 സൂപ്പർ കപ്പുമടക്കം 20 കിരീടങ്ങളുമായി ചിരവൈരികളായ ഈസ്റ്റ് ബംഗാൾ. താരതമ്യേന പുത്തൻ ക്ലബ്ബാണെങ്കിലും ബംഗളൂരു എഫ്.സിയുടെ അക്കൗണ്ടിൽ 6 കിരീടങ്ങളുണ്ട്. മുംബൈ സിറ്റിയുടെ ഷെൽഫിലാകട്ടെ കിരീടങ്ങളുടെ എണ്ണം 4. മുഹമ്മദൻസിനും ഗോവക്കും 3 ടൈറ്റിലുകളും ചെന്നൈയിന്റെ പേരിൽ രണ്ടെണ്ണവുമുണ്ട്. ഓരോന്ന് വീതം കിരീടങ്ങളുമായി സാന്നിദ്ധ്യമറിയിക്കാൻ ഒഡീഷക്കും പഞ്ചാബിനും ഹൈദരാബാദിനും ജംഷഡ്പൂരിനും ഏറ്റവുമൊടുവിൽ നോർത്ത് ഈസ്റ്റിനുമായിട്ടുണ്ട്.
സൂപ്പർ ലീഗിലെ സ്ഥിരതയാർന്ന പ്രകടനം ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് ഫാൻസ് ശ്രമിക്കുന്നത്. 3 തവണ ഫൈനലിൽ എത്തിയിട്ടുള്ള ബ്ലാസ്റ്റേഴ്സിനെ ഒരു പരാജയ ക്ലബ്ബെന്നും പറഞ്ഞ് ഇടിച്ചു താഴ്ത്താനാവില്ല എന്നതാണ് ആരാധകരുടെ വാദം. എന്നിരുന്നാലും, പെട്ടെന്ന് തന്നെ ഈ നാണക്കേട് തീർക്കാനായിരിക്കും ഇനി ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. മറുവശത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗോകുലം കേരള 3 മേജർ കിരീടങ്ങൾ നേടിയത് കൂടി വെച്ചു നോക്കുമ്പോൾ ഇത് ബ്ലാസ്റ്റേഴ്സിന് അഭിമാന പ്രശ്നമാണ്. പൊടി പിടിച്ചു കിടക്കുന്ന ഷെൽഫിൽ ആദ്യമായി വെക്കാൻ ഏറ്റവും അനുയോജ്യം ഇത്തവണത്തെ ഐ.എസ്.എൽ കിരീടം തന്നെയായിരിക്കുമെന്ന നിശ്ചയദാർഢ്യത്തോടു കൂടിയായിരിക്കും ഇനി ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണം.
Discover more from
Subscribe to get the latest posts sent to your email.