ഉറങ്ങാൻ വരട്ടെ… നടക്കാൻ പോകുന്നത് കിടിലോൽക്കിടിലം മത്സരങ്ങൾ

കാൽപ്പന്ത് പ്രേമികൾക്കിന്ന് ഉറക്കമില്ലാത്ത രാവാണ്. അങ്ങ് യൂറോപ്പിൽ തീപാറും പോരാട്ടങ്ങളിൽ പ്രിയ താരങ്ങളിറങ്ങുമ്പോൾ എങ്ങനെ ഉറങ്ങും? തുലാവർഷക്കുളിരിനെ അപ്രസക്തമാക്കും വിധം തീപാറുന്ന പോരാട്ടങ്ങൾക്കാണ് ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15 ന് യുവേഫ നാഷൻസ് ലീഗ് വേദിയാകുന്നത്.

ഏറ്റവും ഗ്ലാമർ പോരാട്ടം നടക്കുന്നത് പോർച്ചുഗലും പോളണ്ടും തമ്മിൽ തന്നെ. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുന്നതിലും വലിയ ഹൈപ്പ് മറ്റെന്താണ് വേണ്ടത്? എതിർവശത്തും ചില്ലറക്കാരല്ല. ലാലിഗയിൽ മിന്നുന്ന ഫോമിലുള്ള സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലുള്ള പോളണ്ട് രണ്ടും കല്പിച്ച് തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്. ലീഗ് എ ഗ്രൂപ്പ് 1-ൽ കളിച്ച രണ്ട് കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ് പോർച്ചുഗലെങ്കിൽ 3 പോയിന്റ് മാത്രമുള്ള പോളണ്ടിന് മത്സരം അതീവ നിർണായകമാണ്.

സ്പെയിനും ഡെന്മാർക്കും തമ്മിലുള്ള പോരാട്ടമായിരിക്കും അക്ഷരാർത്ഥത്തിൽ കാണികളെ പ്രകമ്പനം കൊള്ളിപ്പിക്കുന്നത്. യൂറോ കപ്പ് തൂക്കിയ നിറവിലെത്തുന്ന താരനിബിഡമായ സ്പെയിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നുറപ്പ്. ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ തങ്ങളേക്കാൾ മുമ്പിലാണ് ഡെന്മാർക്ക് എന്നത് സ്പെയിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കും. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ നേരിടുന്നതും കാണികൾക്ക് ദൃശ്യവിരുന്നാകും. രണ്ടാൾക്കും ജീവന്മരണപ്പോരാട്ടമാണിത്.

വലിയ സൂപ്പർ പരിവേഷം ഒന്നുമില്ലെങ്കിലും ബെലാറസും വടക്കൻ അയർലൻഡും തമ്മിലും സൈപ്രസും റൊമാനിയയും തമ്മിലുള്ള മത്സരങ്ങളും മോശമാകില്ല. ചുരുക്കിപ്പറഞ്ഞാൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന അഞ്ച് മത്സരങ്ങൾക്കാണ് ഒരേസമയം നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കാര്യം സിംപിളാണ്, ഇന്ന് ഉറക്കമില്ല!!


Discover more from

Subscribe to get the latest posts sent to your email.

Cristiano Ronaldolamine yamalPolandPortugalSpainuefa nations league
Comments (0)
Add Comment