ലോകകപ്പ് കഥകൾ: ഒരേയൊരു ഹാട്രിക്!!

“ജീവിതം ഒരു ഭാഗ്യക്കുറിയാണ്,” 1966നപ്പുറം ഇംഗ്ലണ്ടിനെ ലോകകപ്പ് നേടാൻ സഹായിച്ച തന്റെ പ്രശസ്തമായ ഹാട്രിക് നേട്ടത്തെക്കുറിച്ച് പറയുമ്പോൾ ഹെഴ്സ്റ്റിന്റെ കണ്ണുകൾ വികാരഭരിതമാകുന്നു. സർ ജിയോഫ് ഹേഴ്സ്റ്റ് 1966ൽ ഫുട്ബോൾ ചരിത്രത്തിൽ അതുല്യമായ ഒരു സ്ഥാനമുറപ്പിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യത്തെ കളിക്കാരൻ. നീണ്ട 55 വർഷങ്ങൾക്ക് ശേഷവും ഒരു കോട്ടവും സംഭവിക്കാതെ ആ റെക്കോർഡ് നിലനിൽക്കുന്നു.

കളിക്കളത്തിന് സുപരിചിതരല്ലാത്ത കളിക്കാരെ ആരും സ്മരിക്കാറില്ല എന്നത് പല കളിക്കാരുടെയും വിധിയാണ്. എന്നാൽ ചില സമയത്ത് വിധിയെ വെല്ലുന്ന സംഭവവികാസങ്ങൾക്ക് ചരിത്രം സാക്ഷിയാവാറുണ്ട്. 1966ലെ ലോകകപ്പിൽ ജിയോഫ് ഹേഴ്സ്റ്റിന് അത്തരമൊരു അനുഭവമുണ്ടായി. 24 വയസ്സുകാരനായ ഹേഴ്സ്റ്റ് ദേശീയ ടീമിനു വേണ്ടിയുള്ള തന്റെ അരങ്ങേറ്റം നടത്തിയത് അതേ വർഷമാണ്.

അന്താരാഷ്ട്ര വേദികളിലെ ചുരുങ്ങിയ പ്രത്യക്ഷപ്പെടലുകളും, വെസ്റ്റ്ഹാം യുണൈറ്റഡിനു വേണ്ടിയുള്ള ക്ലബ്ബ് പ്രകടനവും ഹേഴ്സ്റ്റിനെ ലോകകപ്പിന് വേണ്ടിയുള്ള കോച്ച് ആൽഫ് റാംസെയുടെ ഡ്രീം സ്ക്വാഡിൽ ഇടം നൽകി. ജൂൾഡ് റിമെറ്റ് ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ റാംസെയുടെ ഫസ്റ്റ് ചോയ്സ് ജിമ്മി ഗ്രീൻസും റോജർ ഹണ്ടുമായിരുന്നു. പകരക്കാർക്കുള്ള അവസരങ്ങൾ കുറവായിരുന്ന അക്കാലത്ത്, സൈഡ് ബെഞ്ചിൽ തുടരാനായിരുന്നു ഹേഴ്സ്റ്റിന്റെ വിധി.

ആരാധകരുടെ പ്രവചനംപ്പോലെ തന്നെ, ഉറുഗ്വായ്, മെക്സിക്കോ, ഫ്രാൻസ് എന്നീ ടീമുകളെ തകർത്തുകൊണ്ട് ഇംഗ്ലണ്ട് അനായാസം ഗ്രൂപ്പ് സ്റ്റേജ് പിന്നിട്ടു. അങ്ങനെയിരിക്കെയാണ് ആ താരോദയത്തിന്റെ തലവര തെളിയുന്നത്. ഫ്രാൻസിനെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ ഗ്രീവ്സ്ന് അടുത്ത മത്സരത്തിൽ വിശ്രമം നൽകുന്നു. പകരം, തൽസ്ഥാനത്തേക്ക് ടേംസൈഡിൽ ജനിച്ച ആ യുവ സ്ട്രൈക്കറെ കോച്ച് റാംസെ ഉൾപ്പെടുത്തുന്നു. പിന്നീട് നടന്നത് ചരിത്രം. ക്വാർട്ടർ ഫൈനലിൽ അർജൻറീനക്കെതിരെ ജിയോ ഹെഴ്സ്റ്റ് നേടിയ തകർപ്പൻ ഹെഡർ ഗോളിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് സെമി ബെർത്ത് ഉറപ്പിക്കുന്നു.

Image: Fifa.com

പോർച്ചുഗലിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിലും ഹെഴ്സ്റ്റിനെ കോച്ച് കളിക്കളത്തിൽ ഇറക്കി. ഇംഗ്ലണ്ട് 2-1 എന്ന മാർജിനിൽ ഫൈനലിലേക്ക് മുന്നേറി. ആ കളിയിൽ ഒരു അസിസ്റ്റും ഹെഴ്സ്റ്റ് തന്റെ പേരിലാക്കി. ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് വേണ്ടി പരിക്കിൽ നിന്നും മുക്തനായ ജിമ്മി ഗ്രീവ്സിനെ ഹെഴ്സ്റ്റിനു പകരം കളിക്കളത്തിൽ ഇറക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ നേർവിപരീതമാണ് സംഭവിച്ചത്. കോച്ച് റാംസെ ഹെഴ്സ്റ്റിനെ തന്റെ ഫസ്റ്റ് ഇലവനിൽ നിലനിർത്തി.

ഫൈനലിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യപ്രഹരമേറ്റു. ഹാളറിന്റെ ഗോളിൽ വെസ്റ്റ് ജർമനി ലീഡെടുത്തു. അൽപ സമയത്തിനുശേഷം ലഭിച്ച ഫ്രീ കിക്കെടുക്കാൻ ക്യാപ്റ്റൻ ബോബി മൂർ തയ്യാറായി. ക്യാപ്റ്റനിൽ നിന്ന് ലഭിച്ച ക്രോസ് ഞൊടിയിടയിൽ ഹെഴ്സ്റ്റ് വലയിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുമ്പോൾ സ്കോർ 1-1. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിൻ പീറ്റേഴ്സന്റെ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ഹെഴ്സ്റ്റിന് അസിസ്റ്റ്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തിൽ വെബ്ബറിലൂടെ ജർമ്മനി തിരിച്ചടിച്ചു. മത്സരം സമനില.

കാണികളൊന്നടങ്കം ആകാംക്ഷഭരിതരായി. ആവേശത്താൽ ആർത്തു വിളിക്കുന്ന ജർമൻ ആരാധകരെ നിശബ്ദരാക്കിക്കൊണ്ട് മത്സരത്തിന്റെ അധികസമയത്ത് ഹെഴ്സ്റ്ററ്റിന്റെ ഇരട്ടപ്രഹരം. ഇംഗ്ലണ്ടിന് 4-2ന്റെ അവിശ്വസനീയ ജയം. ഇംഗ്ലണ്ടിന് ആദ്യ ലോക കിരീടം. എന്നാൽ ഹെഴ്സ്റ്റ് നേടിയ അവസാന രണ്ട് ഗോളുകളുടെ പേരിൽ കായികലോകത്ത് ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. അധിക സമയത്തെ ആദ്യ ഗോൾ വലയിൽ എത്തിയെന്നും എത്തിയില്ലെന്നുമുള്ള തർക്കം. കാണികൾ മത്സര സമയം കഴിഞ്ഞു എന്ന് കരുതി സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയശേഷമാണ് ഹെഴ്സ്റ്റിന്റെ മൂന്നാമത്തെ ഗോൾ എന്നതാണ് മറ്റൊരു ചർച്ചാവിഷയം.

വിവാദങ്ങളൊക്കെ സജീവമാണെങ്കിലും, ഹെഴ്സ്റ്റിന്റെ പേരിലുള്ള ലോകകപ്പ് ഫൈനലിലെ ഹാട്രിക് പ്രകടനം അതിനു മുമ്പോ പിന്നീടോ ഇതുവരെ ആവർത്തിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിൽ കായിക പ്രേമികൾ ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിലും ഹെഴ്സ്റ്റ് അതിൽ പങ്കുചേർന്നില്ല. വിജയത്തിനുശേഷം ഒന്നും സംഭവിക്കാത്തത് പോലെ ഗ്രൗണ്ടിൽ നിന്നും ലണ്ടനിലെ തന്റെ ഭവനത്തിലേക്ക് പോയ ഹെഴ്സ്റ്റ്, പൂന്തോട്ടത്തിലെ പുല്ല് വെട്ടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് അന്വേഷിച്ചു നടന്ന പത്രപ്രവർത്തകർ കണ്ടത്.

കളിക്കളത്തിലെന്നപോലെ, കളത്തിനു പുറത്തും ഒരു നല്ല സ്വഭാവത്തിനുടമയായിരുന്നു ഹെഴ്സ്റ്റ്. അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നു തന്നെ നമുക്ക് അത് വായിച്ചെടുക്കാവുന്നതാണ്, “ഫുട്ബോളിലും ജീവിതത്തിലും നല്ല മനോഭാവം വേണമെന്ന് ഞാൻ മനസ്സിലാക്കി. തീർച്ചയായും, ഞാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നില്ല, പക്ഷേ എനിക്ക് വളരെ നല്ല ഒരു മനോഭാവമുണ്ടായിരുന്നു”. ഇക്കാലയളവിൽ ധാരാളം പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഏതൊരു കളിക്കാരനും തകർക്കാൻ പ്രയാസകരമായ ഒരു വേൾഡ് റെക്കോർഡ് സ്വന്തം പേരിലാക്കിയതിനുശേഷമാണ് ഹ്രസ്വമായ തന്റെ ഫുട്ബോൾ കരിയറിനോട് ഹെഴ്സ്റ്റ് ബൈ പറഞ്ഞത്.


Discover more from

Subscribe to get the latest posts sent to your email.

1966ENGLANDFIFA world cupgeoff hurst
Comments (0)
Add Comment