സി.എ.എസ് വിധി തുണയായി; ഇന്റർ കാശി ഐ-ലീഗ് ചാമ്പ്യന്മാർ

കളിക്കാരന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ (Court of Arbitration for Sport – CAS) നിർണായക വിധി അനുകൂലമായതോടെ, ഇന്റർ കാശിയെ 2024-25 ഐ-ലീഗ് സീസണിലെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) അപ്പീൽസ് കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സി.എ.എസ് വിധി പ്രസ്താവിച്ചത്.

വെള്ളിയാഴ്ച പുറത്തുവന്ന ഈ വിധിയോടെ, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ക്ലബ്ബിന് നഷ്ടപ്പെട്ട നിർണായക പോയിന്റുകൾ തിരികെ ലഭിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചർച്ചിൽ ബ്രദേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും കിരീടം ഉറപ്പിക്കാനും ഇന്റർ കാശിക്കായി.

സ്പാനിഷ് താരം മാരിയോ ബാർക്കോയുടെ രജിസ്ട്രേഷനെ ചൊല്ലിയായിരുന്നു തർക്കം. സീസണിന് മുൻപ് കാശി ബാർക്കോയെ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, പരിക്കേറ്റതിനെ തുടർന്ന് ഡിസംബറിൽ താരത്തിന് പകരം മതിയ ബാബോവിച്ചിനെ ടീമിലെടുത്തു. രണ്ട് മാസങ്ങൾക്ക് ശേഷം, ക്ലബ്ബ് വിട്ടുപോയ മറ്റൊരു വിദേശ താരമായ ഹുവാൻ പെരസ് ഡെൽ പിനോയ്ക്ക് പകരമായി കാശി വീണ്ടും ബാർക്കോയെ രജിസ്റ്റർ ചെയ്തു.

ലീഗ് നിയമങ്ങൾ പ്രകാരം, പരിക്കിനെ തുടർന്ന് ഒരു തവണ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട കളിക്കാരന് ആ സീസണിൽ പിന്നീട് കളിക്കാനാകില്ലെന്ന് വാദിച്ച് എ.ഐ.എഫ്.എഫിന്റെ കോമ്പറ്റീഷൻസ് കമ്മിറ്റി ഈ രജിസ്ട്രേഷൻ അസാധുവാക്കി. ഈ തീരുമാനം ഐ-ലീഗ് കമ്മിറ്റി ആദ്യം റദ്ദാക്കിയെങ്കിലും, പിന്നീട് എ.ഐ.എഫ്.എഫ് അപ്പീൽസ് കമ്മിറ്റി പുനഃസ്ഥാപിക്കുകയും ഇന്റർ കാശിയുടെ നാല് പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

തുടർന്നാണ് ഇന്റർ കാശി ഈ കേസ് സി.എ.എസ്സിന് മുൻപാകെ എത്തിച്ചത്. ക്ലബ്ബിന്റെ വാദങ്ങൾ അംഗീകരിച്ച സി.എ.എസ്, പോയിന്റ് കുറച്ചുകൊണ്ടുള്ള നടപടി റദ്ദാക്കുകയായിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഇന്റർ കാശിക്ക് സി.എ.എസിൽ നിന്ന് അനുകൂല വിധി ലഭിക്കുന്നത്. നേരത്തെ, അയോഗ്യനായ കളിക്കാരനെ കളിപ്പിച്ചതിന് നംധാരി എഫ്‌സിക്കെതിരായ കേസിലും മൂന്ന് പോയിന്റുകൾ സി.എ.എസ് ഇന്റർ കാശിക്ക് നൽകിയിരുന്നു.

പുതിയ വിധിയോടെ നഷ്ടപ്പെട്ട പോയിന്റുകൾ തിരികെ ലഭിച്ചപ്പോൾ ഇന്റർ കാശിയുടെ ആകെ പോയിന്റ് 42 ആയി. ഇതോടെ 40 പോയിന്റുമായി റണ്ണേഴ്സ് അപ്പായ ചർച്ചിൽ ബ്രദേഴ്സിനെ രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കി അവർക്ക് കിരീടം ഉറപ്പിക്കാനായി.

“കായികരംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പരമോന്നത നീതിന്യായ സ്ഥാപനമാണ് സി.എ.എസ്. അവരുടെ തീരുമാനങ്ങളെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു,” എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ ‘സ്പോർട്സ്റ്റാറി’നോട് പറഞ്ഞു. “പുതിയ വിധിയുടെ പശ്ചാത്തലത്തിൽ, ഔദ്യോഗികമായി ഐ-ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയെ ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.”

സാധാരണയായി ഐലീഗ് ചാമ്പ്യന്മാർക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ISL) സ്ഥാനക്കയറ്റം ലഭിക്കാറുണ്ടെങ്കിലും, അടുത്ത സീസണിൽ ഇന്റർ കാശിക്ക് ഐ.എസ്.എല്ലിൽ കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. സംഘാടകരും എ..എഫ്.എഫും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റുമായി (MRA) ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാൽ ഐ.എസ്.എൽ തുടങ്ങുന്നത് വൈകുമെന്നാണ് റിപ്പോർട്ടുകൾ.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment