ജർമനിക്ക് ഏഷ്യയുടെ രണ്ടാം പ്രഹരം

കഴിഞ്ഞ ദിവസം സൗദി അറേബ്യ 36 മത്സരങ്ങളിൽ അപരാജിതമായി മുന്നേറിയിരുന്ന അർജന്റീനയെ മുട്ടുകുത്തിച്ചതിന്റെ ഞെട്ടൽ മാറും മുന്നെ ലോക ഫുട്ബോൾ മാമാങ്കത്തിൽ മറ്റൊരു അട്ടിമറി കൂടി. അതും മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ കരുത്തരായ ജർമനിയെ കീഴ്പ്പെടുത്തിയിരിക്കുന്നു.

2018 ലോകകപ്പിൽ സൗത്ത് കൊറിയയോടും മേക്സിക്കൊയോടും പരാജയപ്പെട്ട് ഗ്രൂപ്പിൽ നിന്നും പുറത്തായ ജർമനി ചില മാറ്റങ്ങളോടെയാണ് ഖത്തറിലെത്തിയത്. ജപ്പാനാവട്ടെ യൂറോപ്യൻ ശക്തികളായ സ്പെയിനിനും ജർമനിക്കും ഇടയിൽ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നില്ല.

കളിയുടെ ആദ്യ പകുതി ജർമൻ ആധിപത്യമായിരുന്നു. വമ്പൻ ആധിപത്യം പുലർത്തിയ ജർമനി ജപ്പാന് നേരിയ അവസരം പോലും നൽകിയില്ല. എത്രത്തോളമെന്നാൽ കോർണറുകളിലല്ലാതെ ജർമൻ ബോക്സിൽ ജപ്പാന് വിരലിലെന്നാവുന്ന തവണ മാത്രമാണ് കടക്കാനായത്. ജർമനിയുടെ തുടരെതുടരെയുള്ള ആക്രമണങ്ങളും ക്രോസുകളുമെല്ലാം ജപ്പാൻ നിഷ്പ്രയാസം പ്രതിരോധിച്ചെങ്കിലും മുപ്പത്തിയൊന്നാം മിനുട്ടിൽ അവർക്ക് പെനാൽറ്റി വഴങ്ങേണ്ടിവന്നു.

ഗുണ്ടോഗൻ പെനാൽറ്റി സ്പോട്ടിൽ നിന്ന് ജർമനിക്കു വേണ്ടി ആദ്യ ഗോൾ നേടുന്നു

കിമ്മിച്ച് ബോക്സിലേക്ക് നൽകിയ ഡയഗണൽ ക്രോസ്സ് കാലിലൊതുക്കുന്നതിനിടെ ഡേവിഡ് റൗമിന് മീതെ ജപ്പാൻ ഗോൾകീപ്പർ ഗോണ്ട വീഴുകയായിരുന്നു. ഗുണ്ടോഗൻ തികഞ്ഞ ലാഘവത്തോടെ പെനാൽറ്റി വലയിലെത്തിച്ച് വേൾഡ് കപ്പിലെ തന്റെ ആദ്യ ഗോൾ നേടി. തുടർന്നും കളിയിൽ ആധിപത്യം പുലർത്തിയ ജർമനി ചെറിയ വിഫലശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗുണ്ടോഗനും കമ്മിച്ചും മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ ഗ്നാബ്രിയും മുള്ളറും മുസിയാലയും ഹാവർട്സും ജപ്പാൻ ഗോൾമുഖത്ത് നിരന്തരം ഭീഷണി മുഴക്കി.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാനത്തിൽ ജപ്പാൻ ഒരു മികച്ച മുന്നേറ്റം നടത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ നഗറ്റൊമോ നൽകിയ ക്രോസ്സിന് മാഎഡ തലവെച്ചെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല. എങ്കിലും ഈ മുന്നേറ്റം ജർമനിക്കുള്ള ജപ്പാന്റെ മുന്നറിയിപ്പായിരുന്നു.

മാനുവൽ നോയറെ മറികടന്ന് ജപ്പാനു വേണ്ടി സമനില ഗോൾ നേടുന്ന റിറ്റ്സു ഡോൺ

ഏകപക്ഷീയമായി ജർമനി കളിമെനഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിൽ പന്തുരുണ്ടപ്പോൾ മറ്റൊരു ജപ്പാനെയാണ് കാണികൾ കണ്ടത്. ഒന്നിനുപിറകെ ഒന്നായി ജർമൻ ബോക്സിൽ പന്തെത്തിച്ച് അസാനോയും മാഎടയും കളിവാണു. എഴുപതാം മിനുട്ടിന് ശേഷം കളിയുടെ ഗതിമാറി. ഇരുടീമും ശക്തിപ്രാപിച്ചു.

ജപ്പാൻ ബോക്സിൽ ജർമനി നടത്തിയ തുടർച്ചയായുള്ള അക്രമണങ്ങൾ ക്രമാനുക്രതമായ നാല് സേവുകളിലൂടെ കീപ്പർ ഗോണ്ട തടഞ്ഞു. എഴുപത്തിമൂന്നാം മിനുട്ടിൽ ജപ്പാന്റെ ഊഴമായിരുന്നു. എന്റോ നൽകിയ പന്ത് ഇറ്റോ നെഞ്ചിൽ ഇറക്കി താഴെ വലത് മൂലയിലേക്ക് പായിച്ചെങ്കിലും നോയർ തടഞ്ഞിട്ടു. എഴുപത്തിയഞ്ചാം മിനുട്ടിൽ ടാകുമി ജർമൻ ബോക്സിന്റ ഇടതുഭാഗത്തുനിന്നും തൊടുത്ത അശക്തമായ ഷോട്ട് നോയർ തടുത്തെങ്കിലും റീബോണ്ട് മുതലെടുത്ത് എട്ടാം നമ്പർ താരം ഡോൺ അത് വലയിലാക്കി ജപ്പാനെ സമനിലയിലെത്തിച്ചു.

അസിസ്റ്റ് നൽകിയതും ഗോളടിച്ചതും ഒരു മിനുട്ടും നാലു മിനുട്ടും മാത്രം മുന്നെ കളത്തിലെത്തിയ സൂപ്പർ സബ്ബുകളായിരുന്നു. എൻപതാം മിനുട്ടിൽ റുഡിഗർ ഹെഡറിലൂടെ ജർമനിയുടെ ലീഡ് തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. നിർണ്ണിത സമയം അവസാനിക്കാനിരിക്കെ ജർമനിക്ക് ജപ്പാന്റെ രണ്ടാം പ്രഹരമേറ്റു.

ജപ്പാന്റെ കോർട്ടിൽ നിന്നും ഇറ്റാകുറ ഫ്രീകിക്കിലൂടെ നൽകിയ ലോങ്ങ്‌ പാസ്സ് അസാനോ നിയന്ത്രിച്ച് വലതുഭാഗത്തൂടെ ബോക്സിലെത്തി നോയറെ മറികടന്ന് വലയിലാക്കി. അനായാസം വിജയം വരിക്കാമെന്ന പ്രതീക്ഷയിലെത്തിയ ജർമനി തകർന്നടിഞ്ഞു.

ഏഷ്യൻ ഫുട്ബാളിൽ നിന്നും ജർമനിക്കിത് രണ്ടാം പ്രഹരമാണ്. 18ൽ കൊറിയയാണ് മറുപടിയില്ലാത്ത രണ്ടുഗോളിന് ജർമനിയെ പരാജയപ്പെടുത്തിയത്. ഇതോടെ ലോകകപ്പിലെ തങ്ങളുടെ അവസാന നാലുകളിയിൽ മൂന്നിലും ജർമനി പരാജയപ്പെട്ടിരിക്കുന്നു.

ഗ്രൂപ്പ് Eയിൽ ഇനി സ്പെയിനിനെയും കോസ്റ്ററിക്കയെയുമാണ് ജർമനിക്ക് നേരിടാനുള്ളത്. പ്രവചനങ്ങൾക്കതീതമായി കുതിച്ച ജപ്പാന് ഇതിലും മികച്ച തുടക്കമില്ല. ആദ്യപകുതിയിൽ കളിപിടിക്കാൻ വിഷമിച്ചെങ്കിലും രണ്ടാം പകുതിയിൽ ശക്തിപ്രാപിച്ചവർ ജർമനിയെ വരുത്തിയിലാക്കുകയായിരുന്നു.


Discover more from

Subscribe to get the latest posts sent to your email.

AsiaGermanyGroup EJapan
Comments (0)
Add Comment