“I recall travelling into London and the front page of the Times had a picture of the Tranny – it was the news breaking that Boro had signed a Brazilian star. For me, still the best player I’ve seen in a Boro shirt. I Named my youngest after the little fella.”
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ബ്രസീലിയൻ താരം ആരെന്ന് ചോദിച്ചാൽ പെലെ, നെയ്മർ, കക്കാ തുടങ്ങിയ ഉത്തരങ്ങൾ നമ്മെ തേടിയെത്തും. എന്നാൽ ഇംഗ്ലണ്ടിലെ മിഡിൽസ്ബ്രോ ആരാധകരോട് ഇതേ ചോദ്യം ചോദിച്ചാൽ അവർക്ക് പറയാൻ ഒരൊറ്റ നാമമേ ഉണ്ടാകൂ. ജൂനിഞ്ഞോ പൗലിസ്റ്റ.
ബ്രസീലിലെ ഏതൊരു ആൺ കുട്ടിയേയും പോലെ തെരുവുകളിൽ പന്ത് തട്ടിയാണ് ജൂനിഞ്ഞോയും വളർന്നത്. സാവോ പോളോ ടീമിലെത്തി ഒരു വർഷത്തിനകം ബ്രസീലിലെ മികച്ച യുവതാരമെന്ന അവാർഡ് താരത്തെ തേടിയെത്തി. സ്ട്രൈക്കർക്ക് തൊട്ട് പിന്നിൽ കളി മെനഞ്ഞ് ബ്രസീൽ ദേശീയ ടീമിലും ഇടം നേടിയ ജൂനിഞ്ഞോയെ അപ്പോഴേക്കും യൂറോപ്യൻ ക്ലബ്ബുകൾ നോട്ടമിട്ടിരുന്നു. 1995ൽ ഇംഗ്ലണ്ടിൽ ബ്രസീൽ ടീമിലംഗമായി കളിക്കാനെത്തിയതായിരുന്നു ജൂനിഞ്ഞോയുടെ കരിയറിലെ വഴിത്തിരിവ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയ താരം ഒരു മികച്ച അസിസ്റ്റും നൽകി. മത്സരം കണ്ടിരുന്ന മിഡിൽസ്ബ്രോയുടെ ബ്രയാൻ റോബ്സന് ജൂനിഞ്ഞോയുടെ പ്രതിഭയിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെ താരം സാവോ പോളോയിൽ നിന്ന് മിഡിൽസ്ബ്രോ യിലേക്കെത്തി.
റിവർസൈഡ് മൈതാനത്ത് കാല് കുത്തുന്നതിന് മുമ്പ് തന്നെ ജൂനിഞ്ഞോ ബോറോ ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി കഴിഞ്ഞിരുന്നു. ഒരു ബ്രസീലിയൻ താരം തങ്ങളുടെ ക്ലബ്ബിലേക്ക് എത്തുക എന്നത് അവർക്ക് അത്രയേറെ ആനന്ദം പകരുന്ന വാർത്തയായിരുന്നു. അരങ്ങേറി പതിനൊന്നാം മിനുട്ടിൽ തന്നെ ലീഡ്‌സ് പ്രതിരോധത്തെ കീറി മുറിച്ച് നൽകിയ അസിസ്റ്റിലൂടെ ജുനിഞ്ഞോ വരവറിയിച്ചു.ജൂനിഞ്ഞോയുടെ കൂടെ മികവിൽ ക്ലബ് ആ വർഷം പ്രീമിയർ ലീഗിൽ 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
തൊട്ടടുത്ത സീസണിൽ മികച്ച കളി പുറത്തെടുത്തിട്ടും പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെടാൻ ആയിരുന്നു മിഡിൽസ്ബ്രോയുടെ വിധി.മറ്റൊരു ബ്രസീലിയൻ താരം എമഴ്സൻ, ഇറ്റാലിയൻ താരം റവനെല്ലി എന്നിവരുടെ കൂടെ മികച്ച ഒത്തിണക്കത്തിൽ പന്ത് തട്ടിയ ജൂനിഞ്ഞോ ടീമിനെ എഫ് എ കപ്പ്, ലീഗ് കപ്പ് എന്നിവയുടെ ഫൈനലിൽ എത്തിച്ചെങ്കിലും ടീം രണ്ടിലും പരാജയപ്പെട്ടു. ആ സീസണിൽ Football Writer’s Association ന്റെ മികച്ച രണ്ടാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജൂനിഞ്ഞോ ആയിരുന്നു. 1998 ലോകകപ്പ് പടി വാതിൽക്കൽ എത്തി നിൽക്കെ ദേശീയ ടീമിൽ ഇടം നേടണമെങ്കിൽ മറ്റൊരു ക്ലബിൽ കളിക്കേണ്ടത് ജൂനിഞ്ഞോക്ക് അത്യാവശ്യമായി. അങ്ങനെ താരം അത്ലറ്റിക്കോ മാഡ്രിഡിൽ എത്തി.
പക്ഷെ വിധി പരിക്കിന്റെ രൂപത്തിൽ ജൂനിഞ്ഞോയെ വേട്ടയാടി. സീസൺ അവസാനം പരിക്കിൽ നിന്ന് മുക്തനായി കളത്തിൽ എത്തിയെങ്കിലും ലോകകപ്പ് ടീമിൽ ഇടം നേടാൻ താരത്തിനായില്ല. പിന്നീട് അത്ലെറ്റികൊയിൽ നിന്ന് മിഡിൽസ്ബ്രോയിലേക്ക് ലോണിൽ തിരിച്ചെത്തിയെങ്കിലും ജൂനിഞ്ഞോക്ക് മികവ് പുലർത്താനായില്ല.
അവിടെ നിന്ന് ബ്രസീലിലേക്ക് തിരിച്ചു പോയ ജൂനിഞ്ഞോ വാസ്കോ ഡ ഗാമയിൽ തന്റെ കളി മികവ് തിരിച്ചു പിടിക്കാൻ ഇറങ്ങി. പക്ഷെ, തന്റെ അതെ പേരിലുള്ള, തന്നേക്കാൾ രണ്ട് വയസ് ഇളയതായ മറ്റൊരു താരം മധ്യ നിരയിൽ സ്ഥാനം പിടിച്ചിരുന്നു.. പിന്നീട് ഫ്രീകിക്കുകളുടെ രാജകുമാരൻ ആയി മാറിയ ജൂനിഞ്ഞോ പെർനാംബുക്കാനോ ആയിരുന്നു അത്. പിന്നീട് ഫ്ലമങ്കോയിലും പന്ത് തട്ടിയ ജൂനിഞ്ഞോ തന്റെ പ്രകടനങ്ങളുടെ പിൻബലത്തിൽ 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ ഇടം നേടി.
പിന്നീട് ഒരിക്കൽ കൂടെ ജുനിഞ്ഞോ തന്റെ പ്രിയപ്പെട്ട ക്ലബ്ബിലേക്കെത്തി. തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ഫോം കണ്ടെത്തിയ മിഡിൽസ്ബ്രോ ലീഗ് കപ്പ് ഫൈനലിലും എത്തി. ബോൾട്ടനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മിഡിൽസ്ബ്രോ ലീഗ് കപ്പ് കിരീടം സ്വന്തമാക്കി. 128 വർഷത്തിന് ശേഷമായിരുന്നു മിഡിൽസ്ബ്രോ ഒരു കിരീടം നേടുന്നത്. താൻ നേടിയ ലോക കിരീടത്തേക്കാൾ മിഡിൽസ്ബ്രോയുമൊത്തുള്ള ലീഗ് കിരീടം ആണ് കൂടുതൽ പ്രിയപ്പെട്ടതെന്ന് പിൽക്കാലത്ത് ജൂനിഞ്ഞോ വെളിപ്പെടുത്തുകയുണ്ടായി.
മിഡിൽസ്ബ്രോയുടെ പ്രിയ താരത്തിന്, ജൂനിഞ്ഞോക്ക് ജന്മദിനാശംസകൾ.
Discover more from
Subscribe to get the latest posts sent to your email.