കേരളത്തിലെ വനിതാ ഫുട്ബോളിനെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രശസ്തമായ ഫിഫ സ്കോളർഷിപ്പ്

കണ്ണൂരിൽ നിന്നുള്ള ഗവേഷകയായ അമൃത മോഹന് കേരളത്തിലെ വനിതാ ഫുട്ബോളിനെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് പ്രശസ്തമായ ഫിഫ റിസർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോളുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണങ്ങളെ പിന്തുണയ്ക്കുന്ന ഈ സ്കോളർഷിപ്പ്, തിരഞ്ഞെടുത്ത ഗവേഷകർക്ക് 25,000 യുഎസ് ഡോളർ വരെ ധനസഹായം നൽകിപ്പോരുന്നു. 

സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ സെന്റർ ഫോർ സ്പോർട്സ് സ്റ്റഡീസ് (CIES) നടത്തിപ്പിൽ ലഭിക്കുന്ന ഈ ഫിഫ സ്കോളർഷിപ് കേരളത്തിലെ ഫുട്ബോളിനെക്കുറിച്ചുള്ള ഒരു പഠനത്തിന് ആദ്യമായാണ് ലഭിക്കുന്നത് എന്നത് അമൃതയുടെ പ്രോജക്റ്റിന്റെ പ്രധാന നേട്ടമാണ്. ആഗോളതലത്തിൽ ഗവേഷകരിൽ നിന്ന് അപേക്ഷകൾ ലഭിക്കുന്ന അത്യന്തം മത്സരാധിഷ്ഠിതമായ സ്കോളർഷിപ്പാണിത്. അമൃത ഇപ്പോൾ ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. 

വനിതാ ഫുട്ബോളിന്റെ വളർച്ച, വെല്ലുവിളികൾ, സാധ്യതകൾ എന്നിവ പരിശോധിക്കുന്നതാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. കേരളത്തിലെ ഫുട്ബോൾ മേഖലയിലെ പ്രധാന പങ്കാളികളുടെ കാഴ്ചപ്പാടുകളും വനിതാ ഫുട്ബോളർമാരുടെ അനുഭവങ്ങളും പഠനത്തിൽ ഉൾപ്പെടുന്നു. സമകാലീന വനിതാ ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും ഭരണനിർവാഹകരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആഴത്തിലുള്ള അഭിമുഖങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി നടത്തപ്പെടും. ഇവയിൽ നിന്നും ലഭിക്കുന്ന അറിവുകളെ ആധാരമാക്കി, കേരളത്തിലെ ഫുട്ബോൾ മേഖലയിൽ പ്രായോഗികമായി നടപ്പിലാക്കാവുന്ന ശുപാർശകൾ ഉൾപ്പെടുത്തിയ സമഗ്രമായ 50 പേജുള്ള ഗവേഷണ റിപ്പോർട്ട് 2026 മാർച്ചിൽ സമർപ്പിക്കുമെന്ന് അമൃത അറിയിച്ചു.

“ഈ സ്കോളർഷിപ്പ് ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്റെ നാടിനെക്കുറിച്ച് ഗവേഷണം നടത്താനും കേരളത്തിലെ വനിതാ ഫുട്ബോൾ താരങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്താനും കഴിയുന്നത് ഒരേസമയം ബഹുമതിയും ഭാഗ്യവുമാണ്,” അമൃത പറയുന്നു. “കേരളത്തിന് ശക്തമായ ഫുട്ബോൾ സംസ്കാരമുണ്ട്. എന്നിരുന്നാലും ഇവിടെയുള്ള  വനിതാ ഫുട്ബോളിന്റെ ചരിത്രത്തെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ. ആ കൗതുകമാണ് ഈ ഗവേഷണത്തെ മുന്നോട്ട് നയിക്കുന്നത്,” അവർ കൂട്ടിച്ചേർക്കുന്നു.

കേരളത്തിലെ വനിതാ ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും ക്ലബ് അധികൃതരെയും അസോസിയേഷൻ ഭരണനിർവാഹകരെയും മറ്റു ബന്ധപ്പെട്ട വ്യക്തികളെയും അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ അമൃത ക്ഷണിക്കുന്നു. “ഈ പദ്ധതിക്ക് അവരുടെ ശബ്ദങ്ങൾ അത്യന്തം പ്രധാനമാണ്. കേരളത്തിന്റെ വനിതാകായികചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്ക് ഈ പഠനം വഴിതെളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അവർ പറയുന്നു.

ഫുട്ബോളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതുമയുള്ള അറിവ് സൃഷ്ടിക്കുന്ന ഗവേഷകരെ പിന്തുണയ്ക്കുന്നതാണ് ഫിഫ റിസർച്ച് സ്കോളർഷിപ്പ് പരിപാടിയുടെ ലക്ഷ്യം. അക്കാദമിക് മൂല്യം, നവീനത, ഫുട്ബോൾ സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് അർത്ഥവത്തായ പരിഹാരങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ തിരഞ്ഞെടുക്കുന്നത്.

പ്രതിവർഷം സെപ്റ്റംബർ മാസത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്; മാസാവസാനത്തോടെ അപേക്ഷ സമർപ്പിക്കണം. സമഗ്രമായ ഗവേഷണ പ്രമേയം, C V(കരിക്കുലം വിറ്റെ), രണ്ട് അക്കാദമിക് ശുപാർശ കത്തുകൾ എന്നിവ സമർപ്പിക്കേണ്ടതാണ്. വിജയികളായ അപേക്ഷകരെ അടുത്ത വർഷം ജനുവരി അവസാനം അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി: https://www.cies.ch/research/fifa-research-scholarship

സഹപ്രവർത്തകരെയും പങ്കാളികളെയും ക്ഷണിക്കുന്നു

കേരളത്തിലെ വനിതാ ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികളെയും ഈ പ്രോജക്റ്റിന്റെ ഭാഗഭാക്കാവാൻ അമൃത സ്വാഗതം ചെയ്യുന്നു. കേരളത്തിലെ വനിതാ ഫുട്ബോൾ താരങ്ങൾ, പരിശീലകർ, ക്ലബ് അധികൃതർ, അസോസിയേഷൻ ഭരണനിർവാഹകർ എന്നിവരും, ഈ ഗവേഷണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന മറ്റ് ബന്ധപ്പെട്ട വ്യക്തികളും ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി അമൃത മോഹനെ amritha.mohan@monash.edu എന്ന ഇമെയിൽ വിലാസത്തിലോ, Twitter-X / LinkedIn വഴിയോ ബന്ധപ്പെടാം.

 


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment