2017 മാര്‍ച്ച് 8. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ അമ്പരിപ്പിച്ച മത്സരത്തിന് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട് ക്യാമ്പ് നൗ സാക്ഷിയായ രാത്രിയായിരുന്നു അന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവുകളിലൊന്ന്. പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ പി എസ് ജിയുടെ ഹോംഗ്രൗണ്ട് പാര്‍ക്ക് ഡേ പ്രിന്‍സസില്‍ ബാഴ്‌സ 4-0 എന്ന സ്‌കോറിനു കശാപ്പ് ചെയ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 14ന് നടന്ന മത്സരത്തില്‍ ഡിമരിയയുടെ ഇരട്ട ഗോളുകളും, ഡ്രാക്‌സ്‌ലര്‍, കവാനി എന്നിവരുടെ ഓരോ ഗോളും ബാഴ്‌സയെ പരാജയത്തിന്റെ പടുകുഴിയില്‍ ആഴ്ത്തി. വളരെ എളുപ്പത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു കയറാം എന്ന വ്യാമോഹത്തില്‍ ആയിരുന്നു ഫ്രഞ്ച് പട ബാഴ്‌സയുടെ കോട്ടയില്‍ എത്തിയത്.
കഥ ഇനിയാണ് ആരംഭിക്കാന്‍ പോകുന്നത്. 96290 കാണികള്‍ക്ക് മുന്നില്‍ കറ്റാലന്‍ പട സര്‍വ്വ സജ്ജരായി ഇറങ്ങി. ആര്‍ത്തുവിളിച്ചു സ്വന്തം ടീമിന് സപ്പോര്‍ട്ട് നല്‍കിയ ആരാധകരെ ടീം നിരാശരാക്കിയില്ല. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ വിശ്വസ്തന്‍ ലൂയിസ് സുവാരസ് എതിര്‍ പോസ്റ്റ് ചലിപ്പിച്ചു. മത്സരം ചൂടുപിടിപ്പിക്കുന്നതിനു മുന്നേ വഴങ്ങിയ ഗോളില്‍ പി എസ് ജി ബാക്ക്ഫുട്ടില്‍ ആയി. ബാഴ്‌സയുടെ മുന്‍നിര നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടേയിരുന്നു. ഇതിന്റെ റിസള്‍ട്ട് എന്നോണം 40ാം മിനുട്ടില്‍ പി എസ് ജി ഡിഫന്‍ഡര്‍ ലെയ്വിന്‍ കുര്‍സാവയുടെ കാലില്‍ നിന്ന് സ്വന്തം പോസ്റ്റിലേക്ക് തന്നെ ഗോള്‍ കയറി. ഇപ്പോള്‍ ബാഴ്‌സ കളിയില്‍ 2-0 നു മുന്നില്‍. അഗ്ഗ്രെഗേറ്റ് സ്‌കോര്‍ 2- 4. കളി ഹാഫ് ടൈമിന് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ഒരുങ്ങി തന്നെയായിരുന്നു ബാഴ്‌സലോണ ത്രിമൂര്‍ത്തികള്‍ ഇറങ്ങിയത്. മെസ്സി നെയ്മര്‍ സുവാരസ് ത്രയം നിരന്തരം പി എസ് ജിക്കു തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 49ാം മിനുട്ടില്‍ നെയ്മറിനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനു കിട്ടിയ പെനാല്‍റ്റി സമ്മര്‍ദ്ദം തെല്ലും ഇല്ലാതെ ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസ്സി ഗോള്‍ ആക്കിമാറ്റി. മത്സരത്തില്‍ ബാര്‍സ മൂന്ന് ഗോള്‍ അടിച്ചു ടോട്ടല്‍ സ്‌കോര്‍ 3-4 ആക്കി കഴിഞ്ഞു. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി പി എസ് ജിയുടെ ഉറുഗ്വന്‍ കുന്തമുന എഡിസണ്‍ കവാനി 62ാം മിനുട്ടില്‍ സുന്ദരമായ ഒരു ഗോളിലൂടെ ആവേശത്തില്‍ ആര്‍ത്തു വിളിച്ചിരുന്ന ഗാലറിയെ നിശബ്ദമാക്കിയത്. ബാഴ്‌സ കളിയില്‍ ആദ്യമായി ബാക്ക്ഫുട്ടില്‍ ആയ നിമിഷങ്ങള്‍. ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും മേല്‍ തീര്‍ത്തും നിശബ്ദതയെ പുല്‍കിയ നിമിഷങ്ങള്‍. അഗ്രഗേറ്റ് സ്‌കോര്‍ 3-5. ഈ ഒരു ഗോളിന്റെ വില പതിന്മടങ്ങാണ്. കാരണം എവേ ഗോളിന്റെ മുന്‍തൂക്കം നേടിയ പാരീസിനെ കെട്ടു കെട്ടിക്കണം എങ്കില്‍ ഇനിയും മൂന്നു ഗോളുകള്‍ തന്നെയെങ്കിലും സ്‌കോര്‍ ചെയ്യണം. ഗ്യാലറി നിശബ്ദതയില്‍ ആഴ്ന്ന് പോയ 26 മിനുട്ടുകള്‍. പ്രതീക്ഷയറ്റ പലരും കളി മുഴുവന്‍ കാണാതെ എഴുന്നേറ്റു സ്റ്റേഡിയത്തിന് വെളിയിലേക്ക് നടന്നു കൊണ്ടിരിക്കുന്നു.
മത്സരം 87 മിനുട്ട് പിന്നിട്ടിരിക്കുന്നു. ബാഴ്‌സക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി നെയ്മറിന് കൈമാറി. പെനാല്‍റ്റി ബോക്‌സില്‍ തൊട്ടു വെളിയില്‍ നിന്നും എടുത്ത ഫ്രീകിക്ക് ഷോട്ട് പി എസ് ജി ഗോള്‍കീപ്പര്‍ കെവിന്‍ ട്രാപ്പിന് ഒരു അവസരവും നല്‍കാതെ വലതു മൂലയില്‍ ചുംബിച്ചിറങ്ങി. അഗ്രിഗേറ്റര്‍ സ്‌കോര്‍ 4-5. നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. ഇനിയും രണ്ടു ഗോളുകള്‍ കൂടെ സ്‌കോര്‍ ചെയ്താലേ ബാഴ്‌സക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ആവു. നാടകീയ രംഗങ്ങള്‍ക്ക് വേദിയാകുന്ന കാഴ്ചകളാണ് ഇനി ക്യാമ്പ് നൗ സാക്ഷിയാകുന്നത്.
90ാം മിനിറ്റില്‍ സുവാരസ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്യപ്പെടുന്നു. റഫറി ബാഴ്‌സക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നു. മിശിഹാ പന്ത് വീണ്ടും നെയ്മറിനു കൈമാറുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ സാവധാനത്തില്‍ റണ്ണിംഗ് നടത്തി ഗോള്‍ കീപ്പര്‍ ട്രാപ്പിനെ തീര്‍ത്തും കബളിപ്പിച്ചു ബോള്‍ പോസ്റ്റിനുള്ളില്‍ നിക്ഷേപിക്കുന്നു. സ്‌കോര്‍ ഇപ്പോള്‍ 5-5. പക്ഷേ ഇനിയും ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്താല്‍ മാത്രമേ ബര്‍സക്ക് മുന്നേറാന്‍ ആകു. ഇല്ലെങ്കില്‍ എവേ ഗോള്‍ അടിസ്ഥാനത്തില്‍ പി എസ് ജി ക്വാര്‍ട്ടറില്‍ കടക്കും. മത്സരം നിശ്ചിത സമയവും അധികസമയവും പിന്നിട്ടു അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലക്ഷക്കണക്കിന് ആരാധകര്‍ കണ്ണും നട്ടു കാത്തിരിക്കുന്നു. മനസ്സ് തുറന്നു പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ഇതിനിടെ ബാഴ്‌സയുടെ ആക്രമണത്തില്‍ പി എസ് ജിയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ച ബോള്‍ നെയ്മറിനു ലഭിക്കുന്നു. ഇടം കാലില്‍ പി എസ് ജി ബോക്‌സിനകത്തേക്ക് അതി മനോഹരമായി തന്റെ ഇടം കാല്‍ കൊണ്ട് ചിപ്പ് ചെയ്തു നല്‍കുന്നു. ബാര്‍സ താരം സെര്‍ജിയോ റോബര്‍ട്ടോക്കു തന്റെ വലം കാല്‍ കൊണ്ട് പന്തിന്റെ ദിശ തിരിച്ചു വിടേണ്ടി മാത്രമേ വന്നുള്ളു. ട്രാപ്പിനെയും മറി കടന്നു ബോള്‍ ഗോള്‍വലയില്‍ കടന്നിരുന്നു. ഒരു ലക്ഷത്തിനടുത്തു വരുന്ന ഗ്യാലറി പൊട്ടിത്തെറിച്ചു. ഹര്‍ഷാരവങ്ങള്‍ മുഴങ്ങി. അതുവരെ നിശബ്ദമായിരുന്നവര്‍ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് ആര്‍ത്തട്ടഹസിച്ചു. അപ്പോഴും അത് മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ തലയില്‍ കൈ വെച്ച് നിന്നു പോയ ആരാധകര്‍. തീര്‍ത്തും ഒരു യക്ഷിക്കഥ പോലെ ഈ മത്സരം മാറി. തിരിച്ചു വരവുകള്‍ക്കു പല ഫുട്‌ബോള്‍ മത്സരങ്ങളും സാക്ഷിയായിട്ടുണ്ടെങ്കിലും ഈ ഒരു മത്സരം ദര്‍ശിച്ച ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത രാജകീയമായ, സിനിമ ക്ളൈമാക്‌സിനെ വെല്ലുന്ന മത്സരമായിതു മാറി. ബ്രസീലിയന്‍ താരം നെയ്മര്‍ മത്സരത്തിനു മുന്നേ പറഞ്ഞ ഒരു വാക്ക് ഉണ്ടായിരുന്നു “1 % ചാന്‍സ്.99% വിശ്വാസം” ഇന്നും സ്‌പെയിന്‍ തെരുവോരങ്ങളില്‍ ഈ വാക്കുകള്‍ ജ്വലിച്ചു നില്‍ക്കുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി നെയ്മര്‍ തന്നെ കളിയിലെ താരമായി എന്നതും ശ്രദ്ധേയമായി.
Discover more from
Subscribe to get the latest posts sent to your email.