ഫിഫയും ഉക്രൈനും വിലക്കിന്റെ രാഷ്ട്രീയവും

ഉക്രൈനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ റഷ്യയെ ഖത്തർ ലോകകപ്പിൽ നിന്ന് വിലക്കി കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് റഷ്യൻ ക്ലബുകളെ വിലക്കിക്കൊണ്ട് യുവേഫയും രംഗത്ത് വന്നിട്ടുണ്ട്.

ഏതൊരു ആക്രമണവും അപലപിക്കപ്പെടേണ്ടത് തന്നെയാണ്. യുദ്ധങ്ങളും കലാപങ്ങളും ചെറുത്ത് തോല്പിക്കപ്പെടണം പക്ഷെ നിലവിൽ ഫിഫയുടെയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് വന്ന വിലക്കുകൾ അത്ര നിഷ്കളങ്കമല്ല. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ധിക്കരിച്ചു കൊണ്ട് മറ്റൊരു രാജ്യം അവരുടെ അതിർത്തിക്കുള്ളിലേക്ക് സൈന്യവുമായി കടന്ന് കയറുന്നത് ഇതാദ്യമായല്ല. ലോകത്ത് യുദ്ധങ്ങളും അധിനിവേശങ്ങളും ഒരു പുതിയ സംഭവവുമല്ല. ഇതിന് മുമ്പുണ്ടായ എത്ര അധിനിവേശങ്ങളിൽ ഫിഫ നിലപാട് എടുത്തിട്ടുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ലോകത്തിന് തന്നെ ഭീഷണിയായ ആയുധങ്ങൾ സദ്ദാം ഹുസൈന്റെ കൈവശം ഉണ്ടെന്ന വ്യാജ പ്രചരണത്തിന്റെ മറ പിടിച്ചാണ് അമേരിക്കയും ബ്രിട്ടനും സഖ്യ കക്ഷികളും ഇറാഖിന്റെ മണ്ണിൽ പടയോട്ടം നടത്തിയത്. സിറിയയിൽ, ലിബിയയിൽ, അഫ്ഗാനിസ്ഥാനിൽ എല്ലാം അമേരിക്ക ലോക പോലീസ് ചമഞ്ഞു ആക്രമണങ്ങൾ അഴിച്ചു വിട്ടു.

മാലിയിൽ ഫ്രാൻസ് ആഭ്യന്തര യുദ്ധം നിയന്ത്രിക്കാൻ എന്ന പേരിൽ വർഷങ്ങളോളം സൈന്യവുമായി അഴിഞ്ഞാടിയത് നാം കണ്ടതാണ്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശവും ആക്രമണങ്ങളും ഇപ്പോൾ ആർക്കും ഒരു വാർത്തയേ അല്ലാതായി കഴിഞ്ഞു. ഇവർ ആരെങ്കിലും ഫിഫയിൽ നിന്ന് നടപടി നേരിട്ടിട്ടുണ്ടോ? ഈ കാരണങ്ങൾ കൊണ്ട് ഏതെങ്കിലും രാജ്യത്തെ ലോകകപ്പിൽ നിന്ന് ഫിഫ വിലക്കിയോ?

നിലവിൽ റഷ്യക്ക് ലോകകപ്പിൽ നിന്ന് വിലക്കേർപ്പെടുത്തിയ വാർത്തയെ റഷ്യൻ അധിനിവേശത്തെ പാശ്ചാത്യ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന രീതിയുമായി കൂട്ടി വായിച്ചാൽ കാര്യം മനസിലാകും.
“This isn’t just some uncivilized third-world country. This is a country full of people with blue eyes and blonde hair who you can see yourself living next door to.”

ഉക്രൈനെ റഷ്യ ആക്രമിച്ചതിനെ സംബന്ധിച്ച് വാർത്താ അവതാരകർ പറയുന്നതിതാണ്. ഈ വരികളിൽ എല്ലാം ഉണ്ട്. ഉക്രൈൻ യൂറോപ്യൻ രാജ്യം ആണെന്ന ഒറ്റ കാരണം ആണ് നിലവിൽ ഏവരും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് പിന്നിലുള്ളത്. തികച്ചും വംശീയ പരാമർശങ്ങളോടെ യുദ്ധം നടക്കുന്നത് സിറിയയും ഇറാകും പോലെയുള്ള മൂന്നാം കിട രാജ്യത്തല്ല, ഞങ്ങളുടെ അതേ നിറമുള്ള, അതേ സൗന്ദര്യമുള്ള ആളുകൾ ഉള്ള യൂറോപ്പിൽ തന്നെയുള്ള ഉക്രൈയിനിലാണ് എന്ന് ഇവർ പറഞ്ഞു വെക്കുമ്പോൾ ഫിഫയുടെ വിലക്കിന്റെ രാഷ്ട്രീയവും ഏത് രീതിയിൽ ആണ് രൂപപ്പെട്ടത് എന്ന് മനസിലാക്കാൻ വലിയ പ്രയാസമില്ല.

ഒരു കായിക ടീം അവരുടെ രാജ്യത്തെ മനുഷ്യത്വ രഹിതമായ രാഷ്ട്രീയ നിലപാടിനെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വരികയാണെങ്കിൽ തീർച്ചയായും നടപടികൾ എടുക്കേണ്ടതാണ്. നിലവിൽ റഷ്യയിലെ ഫുട്ബോൾ അസോസിയേഷനോ താരങ്ങളോ റഷ്യൻ അധിനിവേശത്തെ അനുകൂലിച്ചു രംഗത്ത് വന്നതായുള്ള വാർത്തകൾ ഒന്നും കണ്ടിട്ടില്ല.

യൂറോപ്പ ലീഗിൽ ലേപ്സിഗിനെ നേരിടേണ്ട CSKA മോസ്‌കോ യെ യുവേഫയും വിലക്കിയിട്ടുണ്ട്. ഒപ്പം അടുത്ത നവംബറിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് റഷ്യൻ ടീമിനെയും. ഏതൊരു ഫുട്ബോൾ താരത്തിന്റെയും കരിയറിലെ സുപ്രധാനമായ നിമിഷമാണ് ലോകകപ്പിൽ പങ്കെടുക്കുക എന്നത്. ആ അവസരം ഇങ്ങനെ നിഷേധിക്കപ്പെടുന്നത് സങ്കടകരമാണ്. ഒപ്പം ഫിഫയുടെ ഇരട്ടത്താപ്പും ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നുണ്ട്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment