ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എലണ്ട് റോഡില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ തീ പാറും പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആധിപത്യം ആയിരുന്നു. ഇടക്ക് പോഗ്ബയുടെ പാസില്‍ നിന്നു ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ആയില്ല. തൊട്ടു മുമ്പില്‍ നിന്നു റൊണാള്‍ഡോയുടെ ഷോട്ട് എമിലിയെ തടഞ്ഞു.
34ാമത്തെ മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ മുന്നിലെത്തി. ലൂക് ഷായുടെ കോര്‍ണറില്‍ നിന്നു ഹെഡറിലൂടെ ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ആണ് അവര്‍ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. സീസണില്‍ 140 കോര്‍ണറുകളില്‍ നിന്നു യുണൈറ്റഡ് നേടുന്ന ആദ്യ ഗോള്‍ ആയിരുന്നു ഇത്. വിമര്‍ശകര്‍ക്ക് ഉള്ള മഗ്വയറിന്റെ മറുപടിയായി മാറി ഈ ഗോള്‍. സാക്ഷാല്‍ റോയ് കീനു ശേഷം എലണ്ട് റോഡില്‍ യുണൈറ്റഡ് നേടുന്ന ആദ്യ ഗോള്‍ ഇതോടെ മഗ്വയറിന് സ്വന്തമായി.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ലിന്റലോഫിന്റെ മികച്ച ഓട്ടം സമ്മാനിച്ച പന്തില്‍ നിന്നു അതിമനോഹരമായ ക്രോസ് ബോക്‌സിന് അകത്തേക്ക് ജേഡന്‍ സാഞ്ചോ നല്‍കി. മികച്ച ഒരു ഹെഡറിലൂടെ ഗോള്‍ കണ്ടത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ബിയേല്‍സ റഫീനിയ അടക്കമുള്ളവരെ കളത്തില്‍ ഇറക്കി. തുടര്‍ന്ന് കണ്ടത് മറ്റൊരു ലീഡ്‌സ് യുണൈറ്റഡിനെ ആയിരുന്നു. 53 മത്തെ മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പോയുടെ പാസില്‍ നിന്നു ക്രോസ് ചെയ്യാനുള്ള റോഡ്രിഗോയുടെ ശ്രമം ഡിഹിയയെ മറികടന്നു ഗോള്‍ ആയതോടെ മത്സരത്തില്‍ ലീഡ്‌സ് തിരിച്ചു വന്നു.
തൊട്ടടുത്ത നിമിഷം ഡാനിയേല്‍ ജെയിംസിന്റെ പാസില്‍ നിന്നു റഫീനിയ സമനില ഗോള്‍ കൂടി നേടിയതോടെ ലീഡ്‌സ് ആരാധകര്‍ വലിയ ആവേശത്തിലായി. ലീഡ്‌സ് ആരാധകരുടെ പിന്തുണയോടെ ഇരച്ചു വന്നെങ്കിലും യുണൈറ്റഡ് പിടിച്ചു നിന്നു. പ്രതിരോധത്തിലെ പിഴവുകള്‍ വീണ്ടും ലീഡ്‌സിന് വിനയായപ്പോള്‍ 70 മത്തെ മിനിറ്റില്‍ യുണൈറ്റഡ് ഒരിക്കല്‍ കൂടി മത്സരത്തില്‍ മുന്നിലെത്തി. സാഞ്ചോയുടെ പാസില്‍ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയന്‍ താരം ഫ്രഡിന്റെ ഉഗ്രന്‍ അടി ലീഡ്‌സ് ഗോള്‍ കീപ്പര്‍ക്ക് തടയാനുള്ള അവസരമൊന്നും നല്‍കിയില്ല.
ഗോള്‍ ആഘോഷിക്കുന്ന സമയത്ത് ലീഡ്‌സ് ആരാധകരുടെ ഏറു യുണൈറ്റഡ് താരം എലാഗ്‌നക്ക് ഏല്‍ക്കുന്നതും കാണാന്‍ ആയി. ഇതിനു തൊട്ടു പിറകെ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരുക്കിയ മികച്ച ഒരു അവസരം പകരക്കാരനായിറങ്ങിയ യുവ താരം ആന്റണി എലാഗ്‌നക്ക് ഫിനിഷ്‌ചെയ്യാനായില്ല. സമനില നേടാനുള്ള ലീഡ്‌സ് ശ്രമങ്ങള്‍ക്ക് ഇടയില്‍ എന്നാല്‍ 88 മത്തെ മിനിറ്റില്‍ യുണൈറ്റഡ് ജയം ഉറപ്പിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്നു ആന്റണി എലാഗ്‌ന ഇത്തവണ ലക്ഷ്യം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം ഉറപ്പിച്ചു.
ചാറിയ മഴത്ത് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലാസിക് മത്സരം തന്നെയാണ് റോസ് ഡാര്‍ബിയില്‍ കാണാന്‍ ആയത്. ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്ത് തുടരും. നിലവില്‍ അഞ്ചാമതുള്ള വെസ്റ്റ് ഹാം യുണൈറ്റഡിനെക്കാള്‍ നാലു പോയിന്റ് മുകളില്‍ ആണ് അവര്‍. അതേസമയം ലീഡ്‌സ് പതിനഞ്ചാം സ്ഥാനത്ത് ആണ്.
Discover more from
Subscribe to get the latest posts sent to your email.