ഇതെന്തൊരു പതനം!! ചിലിക്ക് ഇതെന്ത് പറ്റി?

എവിടെപ്പോയ് മറഞ്ഞു ആ ലാറ്റിനമേരിക്കൻ വസന്തം…?! മഹാകഷ്ടമാണ് നിലവിൽ ചിലെ ദേശീയ ഫുട്ബോൾ ടീമിന്റെയും ഫാൻസിന്റെയും അവസ്ഥ.

“മാളിക മുകളിലേറിയ മന്നന്റെ തോളിൽ
മാറാപ്പ് കേറ്റുന്നതും ഭവാൻ”.

ഈ വരികളെങ്ങാനും ആരെങ്കിലും സ്പാനിഷിലേക്ക് തർജ്ജമ ചെയ്തിരുന്നെങ്കിൽ അതും വായിച്ച് ചിലെ ഫുട്ബോൾ ഫാൻസ് പൊട്ടിക്കരഞ്ഞേനെ! അത്രയും ദയനീയമാണല്ലോ നിലവിൽ തങ്ങളുടെ സ്ഥിതി.

2015 ലും 2016 ലും ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജന്റീനയെ കണ്ണീരിലാഴ്ത്തി കോപ്പ അമേരിക്കയും കൊണ്ട് വീട്ടിൽ പോയവരാണ് ചിലി. ബ്രസീലിന്റെയും അർജന്റീനയുടെയും തനത് ശൈലി കൈമോശം വന്നതോടെ ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യ വക്താക്കളായി ചിലെ അറിയപ്പെട്ടു. അർതുറോ വിദാലും അലക്സിസ് സാഞ്ചസുമടക്കം ക്ലബ്ബ് ഫുട്ബോൾ അടക്കി ഭരിച്ച പ്രതിഭാധനരെ സംഭാവന ചെയ്ത ചിലെ ഇന്ന് നാശത്തിന്റെ പടുകുഴിയിലാണ്.

2022 ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ചിലെക്ക് സാധിച്ചിരുന്നില്ല. ഇന്നലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനോടും തോൽവി ഏറ്റുവാങ്ങിയതോടെ പോയിന്റ് ടേബിളിൽ ഏറ്റവും പിറകിലേക്കെത്തി ചിലി. 9 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി 5 പോയിന്റാണ് ചിലെയുടെ നേട്ടം. ദുർബ്ബലരെന്നറിയപ്പെടുന്ന പെറുവും പരാഗ്വെയും വെനസ്വേലയും ബൊളീവിയയുമെല്ലാം കാതങ്ങൾ മുന്നിൽ! ഈ പോക്ക് പോയാൽ 2026 ലോകകപ്പിലും ചിലെയെ കാണാൻ പറ്റിയെന്ന് വരില്ല.

ഈ വർഷം നടന്ന കോപ്പ അമേരിക്കയിലും ദയനീയ പ്രകടനം നടത്തി ഗ്രൂപ്പ് ഘട്ടത്തിലേ പുറത്താകാനായിരുന്നു പഴയ ചാംപ്യന്മാരുടെ യോഗം. 2004 ന് ശേഷം ടീമിന്റെ ഏറ്റവും മോശം പ്രകടനം ഇതാണെന്നറിയുമ്പോഴാണ് ചിലെയുടെ പതനത്തിന്റെ ആഴം മനസ്സിലാവുക.

എന്തായിരിക്കും ഇത്രയും വലിയൊരു പതനത്തിനുള്ള കാരണങ്ങൾ? ഇപ്പോഴും വെറ്ററൻ താരങ്ങളായ അലക്സിസ് സാഞ്ചസിനെയടക്കം ആശ്രയിച്ച് പോകുന്ന ശൈലിയാണ് ടീം പിന്തുടരുന്നത്. ഒരു തലമുറ മാറ്റത്തിനുള്ള സമയം എന്നേ അതിക്രമിച്ചു എന്നാണ് ടീമിന്റെ കടുത്ത ഫാൻസടക്കം അടക്കം പറയുന്നത്.

മറ്റൊരു പ്രധാന വിമർശനം അധികാരികളുടെ മനോഭാവത്തിനെതിരായാണ്. ദേശീയ ടീം താരങ്ങൾക്ക് പോലും കൃത്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും കൊടുക്കാൻ ഫുട്ബോൾ അധികാരികൾ തയാറാകുന്നില്ല. മനുഷ്യ മാലിന്യമടക്കം പുറന്തള്ളുന്ന ഷവർ റൂമുകളുടെ കഥ കുറച്ചു മാസങ്ങൾക്ക് മുമ്പേ വൈറലായിരുന്നു.

പതനം കേവലം ദേശീയ ടീമിന്റെ മാത്രം കാര്യമല്ലെന്നും ശ്രദ്ധേയം. ചിലിയൻ ക്ലബ്ബുകളുടെ നിലവാരം നാൾക്കുനാൾ താഴോട്ടാണെന്ന് ഫുട്ബോൾ നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. കോപ്പ ലിബർട്ടഡോറസ് ടൂർണമെന്റിൽ ബ്രസീലിയൻ – അർജന്റൈൻ വമ്പന്മാർക്ക് വരെ ഭീഷണിയായിരുന്ന ചിലിയൻ ക്ലബ്ബുകൾ ഇന്ന് ചെറുകിട ക്ലബ്ബുകളോട് പോലും വിറച്ചു പോകുന്നു. അതേസമയം പരാഗ്വെ, ഇക്വഡോർ മുതലായ ടീമുകൾ തങ്ങളുടെ യുവ തലമുറയെ കൃത്യമായി രൂപപ്പെടുത്തുന്നതിൽ വ്യാപൃതരാണെന്നതും ശ്രദ്ധേയം.

കൃത്യമായ ശ്രദ്ധ കൊടുത്താൽ പുനരുജ്ജീവനം ഏറെ എളുപ്പമായ ടാലന്റ് ഫാക്ടറിയാണ് ചിലെ എന്നാണ് ഇപ്പോഴും മിക്ക ഫാൻസും വിശ്വസിക്കുന്നത്. തലമുറ മാറ്റത്തിനിടയിൽ വരുന്ന സ്വാഭാവികമായ പതനം മാത്രമാണിതെന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ തങ്ങളുടെ പ്രിയ ടീം ഉയിർത്തെഴുന്നേൽക്കുമെന്നും സ്വയം ആശ്വസിപ്പിക്കുകയാണ് ഫാൻസ്.

എല്ലാം ശരിയാവട്ടെ! ലാറ്റിനമേരിക്കൻ സൗന്ദര്യം ചിലിയൻ പ്രതിഭകളാൽ വല നെയ്യപ്പെട്ട് പൂത്തുവിരിയട്ടെ! അങ്ങനെ നമുക്കും ആശംസിക്കാം!!!


Discover more from

Subscribe to get the latest posts sent to your email.

chileconmeboldownfallLatin America
Comments (0)
Add Comment