ബുധനാഴ്ച്ച നടന്ന ഫ്രാൻസ് vs സ്വീഡൻ റൗണ്ട് ഓഫ് 32 മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രാൻസ് സ്വീഡനെ പരാജയപ്പെടുത്തി പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് സ്റ്റേജുകളിൽ ഒരിക്കൽ പോലും പരാജയമറിയാത്ത ഫ്രാൻസ് ഇക്കുറിയും വലിയ ഡിഫറൻസിൽ തന്നെ എതിർ ടീമിനെ നിലം പരിശാക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ പരാഗ്വ ആയിരിക്കും ഫ്രാൻസിന്റെ എതിരാളികൾ. അതിരാവിലെ 02:30 ന് ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഒന്ന് തന്നെയായിരിക്കും.
ഫ്രാൻസ് മുന്നേറ്റം
അറ്റാക്കിങ് തന്നെയാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ മുഖമുദ്ര. സ്വീഡനുമായുള്ള കളിയിൽ അത് വളരെ വ്യക്തമായിരുന്നു. നിരന്തരമായ മുന്നേറ്റങ്ങളിലൂടെ കളിയുടെ 45-ആം മിനുട്ടിൽ എംബാപ്പെ ഫ്രാൻസിന്റെ അക്കൗണ്ട് തുറന്നു. പ്രതിരോധ നിരയിൽ നിന്ന് കഷ്ടിച്ച് കളഞ്ഞു കിട്ടിയ പന്ത് സ്വന്തം മികവിൽ മാത്രം സ്പേസ് കണ്ടെത്തി വല കുലുക്കുകയായിരുന്നു എംബാപ്പെ. തുടർന്ന് ഫ്രാൻസിന് വേണ്ടി 53-ആം മിനുട്ടിൽ ബ്രാഡ്ലി ബാർകോല രണ്ടാം ഗോൾ നേടുമ്പോൾ മൈക്കൽ ഒലിസെയുടെ കൃത്യമായ അസ്സിസ്റ്റ് അതിന്റെ പുറകിലുണ്ടായിരുന്നു. 74-ആം മിനുട്ടിൽ ഒലിസെയുടെ തന്നെ രണ്ടാം അസ്സിസ്റ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും നേടുന്നതോടു കൂടി മത്സരം ഫ്രാൻസിന്റെ ഏകപക്ഷീയമായ വിജയത്തിലേക്ക് എത്തുകയായിരുന്നു.
ഫ്രാൻസ് vs സ്വീഡൻ
ആദ്യ പകുതിയിൽ വലിയ രീതിയിലുള്ള സമ്മർദം സ്വീഡന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിൽ പോലും ഫ്രാൻസിന്റെ മുന്നേറ്റ നിരയിൽ നിന്ന് നിരവധി ഷോട്ടുകൾ സ്വീഡൻ ഗോൾവല ലക്ഷ്യമാക്കി കുതിച്ചിരുന്നു. സുപ്രധാന സേവുകൾ നടത്തിയ സ്വീഡൻ ഗോൾകീപ്പർ ആ വിഷയത്തിൽ വലിയ പ്രശംസ അർഹിക്കുന്നുണ്ട്. ആദ്യ പകുതിയിൽ എംബാപ്പെയും ഡെംബെലെയും തൊടുത്തു വിട്ട മാരക ഷോട്ടുകൾ ഗോൾകീപ്പർ ജേക്കബ് സെറ്റർസ്ട്രോം അനായാസം തടുക്കുകയായിരുന്നു.
രണ്ടാം പകുതിയിലെ സ്വീഡന്റെ കളിയിൽ വലിയ രീതിയിലുള്ള അപചയം കാണപ്പെട്ടു തുടങ്ങി. അലക്സാണ്ടർ ഐസക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായിരിക്കണം സ്വീഡൻ സ്‌ക്വാഡിന് പറ്റിയ വലിയ അബദ്ധം. പക്ഷെ, ഫ്രാൻസ് നല്ല രീതിയിലുള്ള മുന്നേറ്റം തന്നെയാണ് രണ്ടാം പകുതിയിലും കാഴ്ച വെച്ചത്. മുന്നേറ്റ നിരയിൽ എംബാപ്പെ, ഇടതു വിങ്ങിലൂടെ ബാർകോല , മധ്യ നിരയിലും വലതു വിങ്ങിലുമായി ഡെംബെലെയും ഒലിസെയും നടത്തിയ ചുവടു മാറ്റങ്ങൾ ഫ്രാൻസിന്റെ സ്കോർ ബോർഡിൽ മാത്രമല്ല കളിയുടെ ഗുണനിലവാരത്തെയും സ്വാധീനിക്കുകയായിരുന്നു. പതിവു പോലെ ഫ്രാൻസിന്റെ പ്രതിരോധ നിരയിൽ ഉപമെക്കാനോയും സാലിബയും നല്ല പ്രകടനം തന്നെ കാഴ്ച വെച്ച് മത്സരത്തിലുടനീളം കളം പിടിച്ചിരുന്നു.
മുന്നേറ്റ നിരയിൽ അലക്സാണ്ടർ ഇസാഖ് മാത്രമായിപ്പോകുന്ന അവസ്ഥ കളിക്കാരന്റെ മേലിലുള്ള ഭാരിച്ച ഉത്തരവാദിത്തത്തെയും ടീമിന്റെ ആത്മവിശ്വാസക്കുറവിനെയും നല്ല രീതിയിൽ വെളിപ്പെടുത്തുന്നതായിരു. ഫ്രാൻസ് പോലെയുള്ള വേൾഡ് കപ്പ് ഫേവറിറ്റുകളുമായി ഏറ്റുമുട്ടുമ്പോൾ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമായിരുന്നു അത്. 53-ആം മിനുട്ടിൽ ബാർകോല നേടുന്ന ഫ്രാൻസിന്റെ രണ്ടാം ഗോളിൽ പൂർണമായും സ്വീഡൻ തന്ത്രങ്ങൾ പരാജയപ്പെടുന്നതായാണ് കാണപ്പെട്ടത്. വലിയ രീതിയിൽ സമ്മർദം ചെലുത്തണോ അതോ ബസ് പാർക്കിംഗ് ചെയ്ത് ഡിഫെൻസീവ് ആവണോ എന്ന സ്വീഡിഷ് ആശങ്ക ഫ്രഞ്ച് തന്ത്രങ്ങൾക്ക് മൂർച്ച നൽകുകയായിരുന്നു. അതുകൊണ്ട് തന്നെ 74-ആം മിനുട്ടിൽ ഫ്രാൻസ് നേടുന്ന എംബാപ്പെയുടെ രണ്ടാം ഗോളിലൂടെ കളിയുടെ നിയന്ത്രണം പൂർണമായും ഫ്രാൻസ് ഏറ്റെടുത്തു. അതോടു കൂടി 3-0 എന്ന വലിയ അക്കമാറ്റം സ്വീഡന്റെ വേൾഡ് കപ്പ് മോഹത്തിന് മീതെ ഫ്രാൻസ് വരച്ച കുരിശായി മാറി. ഈയവസരത്തിൽ കഴിഞ്ഞ റൗണ്ട് ഓഫ് 32 മത്സരത്തിൽ ബ്രസീലിനെതിരെ ജപ്പാൻ സ്വീകരിച്ച തന്ത്രങ്ങൾ ഓർമ വരുന്നു. തികച്ചും മാത്സര്യബുദ്ധിയോടെ തന്നെയായിരുന്നു ജപ്പാൻ ബ്രസീലിനെ നേരിട്ടത്. പ്രത്യേകിച്ച് ബ്രസീൽ സ്കോർ ചെയ്ത് തിരിച്ചു വന്നതിനു ശേഷം പ്രതിരോധ നിരയിലും മധ്യനിരയിലും ജപ്പാൻ തീർത്ത സമ്മർദം മത്സരത്തിൽ ബ്രസീലിന് കുറച്ച് തലവേദന സൃഷ്ടിച്ചിരുന്നു. കളിയുടെ സമനില ഘട്ടത്തിലും അവസാന നിമിഷങ്ങളിലും തുടരെത്തുടരെയുള്ള ബോൾ റിക്കവറിങ്ങിലൂടെയും ബോൾ കണ്ട്രോളിങ്ങിലൂടെയും മത്സരത്തിൽ ചെറുതല്ലാത്ത ആധിപത്യം ജപ്പാന്റെ കൈവശം ഉണ്ടായിരുന്നു. പക്ഷെ, നേരെ മറിച്ച് സ്വീഡൻ ചെറിയ രീതിയിൽ അങ്കലാപ്പിലായ പോലെയാണ് കാണപ്പെട്ടത്. ഡിഫെൻസീവ് ആയിരുന്ന കളിയുടെ രീതി മെല്ലെ മെല്ലെ മധ്യനിരയിലേക്ക് താളം തെറ്റുമ്പോൾ ഗ്രൗണ്ടിന്റെ ഇരു ഭാഗങ്ങളിലും ഫ്രാൻസ് അവർക്ക് വേണ്ട സ്പേസ് കണ്ടെത്തുകയായിരുന്നു. ഒലിസെയും ഡെംബെലെ മാറി മാറി കീ പാസ്സുകളും ത്രൂ പാസ്സുകളും നൽകുന്നതോടു കൂടി സ്വീഡൻ സ്‌ക്വാഡിൽ വലിയൊരു ചാഞ്ചാട്ടം തന്നെ രൂപപ്പെടുകയായിരുന്നു.
എംബാപ്പെയുടെ വേൾഡ് കപ്പ്
1998, 2002 തുടങ്ങിയ രണ്ടു ലോകക്കപ്പുകളിലായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ അടിച്ചു കൂട്ടിയ നോക്ക്ഔട്ട് മത്സരങ്ങളിലെ ഏറ്റവും കൂടുതൽ ഗോളുകൾ (8) എന്ന റെക്കോർഡ് എംബാപ്പെ മറികടന്നു. 10 നോക്ക്ഔട്ട് ഗോളുകളുമായി താരം ഇപ്പോൾ വേൾഡ് കപ്പിന്റെ നെറുകയിലേക്ക് ഓടിയടുക്കുന്നു. കൂടാതെ വെറും 18 കളികളിൽ നിന്നും 18 ഗോളുകളുമായി എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്കോറർ എന്ന വിലാസവും താരം തന്റെ പേരിൽ എഴുതിച്ചേർത്തു. 19 ഗോളുകളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം (19). കൂടാതെ ഇരു താരങ്ങളും 2026 ലോകക്കപ്പിന്റെ ഗോൾഡൻ ബൂട്ടിനായുള്ള വാശിയേറിയ പോരാട്ടത്തിലാണ്. 6 ഗോളുകൾ വീതം നേടി ഇരു താരങ്ങളും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളായി മുന്നിൽ നിൽക്കുമ്പോൾ നോർവീജിയൻ സൂപ്പർ താരം ഹാളണ്ട് 5 ഗോളുകളുമായി തൊട്ടുപിറകിലും ഫ്രഞ്ച് മുന്നേറ്റ താരം ഡെംബെലെ, ബ്രസീലിയൻ മുന്നേറ്റ താരം വിനിഷ്യസ് ജൂനിയർ 4 ഗോളുകൾ വീതം നേടി മൂന്നാമതായും കുതിപ്പു തുടരുന്നു. കുറഞ്ഞ കളികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന എംബാപ്പെ വരും ദിവസങ്ങളിലെ മത്സരങ്ങളിൽ ഇനിയും മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ആരാധകരും അനലിസ്റ്റുകളും കരുതുന്നത്.
Discover more from Footy Times
Subscribe to get the latest posts sent to your email.