ലാലിഗ: അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്ത് ബാഴ്സലോണ

സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ശക്തരായ അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. ഉസ്മാന്‍ ഡെമ്പെലെ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ മത്സരത്തില്‍ ഔബാമയാങ്, ലുക് ഡി യോങ്, ഡീപേ എന്നിവര്‍ മറ്റു ഗോളുകള്‍ നേടി.

ആല്‍വസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിച്ചു 37ാം
മിനുട്ടില്‍ ഔബമയാങ് ആണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസിന് പകരം ഡെമ്പെലെ എത്തിയതോടെ കളി കൂടുതല്‍ ബാഴ്സക്ക് അനുകൂലമായി.

73ാം മിനുട്ടില്‍ മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ട ഡെമ്പെലെ പിന്നീട് ലുക് ഡിയോങിനും ഡീപേക്കും ഗോളിനുള്ള വഴിയും ഒരുക്കി. 90′, 93′ മിനുട്ടുകളില്‍ ആയിരുന്നു പകരക്കാരായി ഇറങ്ങിയ ഇരുവരുടെയും ഗോളുകള്‍.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബാഴ്സ നാല് ഗോള്‍ നേടുന്നത്. വലന്‍സിയ, നാപ്പോളി എന്നിവര്‍ക്കെതിരെയും ബാഴ്സ നാല് ഗോള്‍ നേടി വിജയം കണ്ടിരുന്നു.

വിജയത്തോടെ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തെത്താനും ബാഴ്‌സക്കായി. എല്‍ച്ചെക്കെതിരെയാണ് ലീഗില്‍ ബാഴ്സയുടെ അടുത്ത മത്സരം.

 


Discover more from Footy Times

Subscribe to get the latest posts sent to your email.

Comments (0)
Add Comment