മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്‌സിക്ക് ഷൂട്ടൗട്ട് ജയം; മലപ്പുറത്തെ വീഴ്ത്തിയത് 4–3ന്

ആവേശം അവസാന നിമിഷം വരെ നീണ്ട മലബാർ ഡെർബിയിൽ മലപ്പുറം എഫ്‌സിയെ ഷൂട്ടൗട്ടിൽ കീഴടക്കി കാലിക്കറ്റ് എഫ്‌സി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ 1–1ന് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിക്കറ്റ് 4–3ന് വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളവസരങ്ങൾ ലഭിച്ചെങ്കിലും വലകുലുക്കാൻ സാധിച്ചില്ല. തുടക്കത്തിൽ തന്നെ കാലിക്കറ്റ് ആക്രമണത്തിന് മുൻതൂക്കം നൽകി. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ കോർണറുകളും ഫ്രീകിക്കുകളും നേടിയെങ്കിലും അവ ഗോളാക്കി മാറ്റുന്നതിൽ ആതിഥേയർ പരാജയപ്പെട്ടു.

മലപ്പുറവും അവസരങ്ങൾ സൃഷ്ടിച്ചു. ഡാനിയൽ ലാലിംപൂയയുടെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച അവസരം കാലിക്കറ്റിന്റെ ഗോൾകീപ്പർ മിർഷാദ് സാഹസികമായി തടഞ്ഞു. പിന്നാലെ സുകുനയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും നിർണായക ഘട്ടത്തിലെ പിഴവ് മലപ്പുറത്തിന് തിരിച്ചടിയായി. 42-ാം മിനിറ്റിൽ എൽഫോർസിയുടെ ക്ലോസ് റേഞ്ച് ശ്രമവും മിർഷാദ് രക്ഷപ്പെടുത്തി. ഗോൾരഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണത്തിന് ഊന്നൽ നൽകി. 65-ാം മിനിറ്റിൽ മലപ്പുറം മത്സരത്തിലെ ആദ്യ ഗോൾ നേടി. വലതുവശത്ത് നിന്ന് ബിബിൻ അജയൻ നൽകിയ ക്രോസ് മഷ്ഹൂർ ശരീഫ് ഹെഡ് ചെയ്ത് മുന്നിലേക്കെത്തിച്ചതിന് പിന്നാലെ ഡാനിയൽ ലാലിംപൂയ പന്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നിലായതോടെ കാലിക്കറ്റ് ആക്രമണം ശക്തമാക്കി. ഒടുവിൽ 78-ാം മിനിറ്റിൽ സമനില കണ്ടെത്തി. ബുവാസോ നൽകിയ പാസ് സ്വീകരിച്ച ലിയോ ഡേവിഡ് പന്ത് വലയിലെത്തിച്ച് കാലിക്കറ്റിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

നിശ്ചിത സമയത്തിന് ശേഷം ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. അവിടെ കാലിക്കറ്റ് 4–3ന് വിജയിച്ചു. മലപ്പുറത്തിനായി എൽഫോർസിയും അഭിത്തും പെനാൽറ്റി കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതാണ് നിർണായകമായത്.

ഈ ജയത്തോടെ മലപ്പുറത്തിനെതിരെ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ നാലാം വിജയമായി ഇത് മാറി. മത്സരത്തിന് സാക്ഷ്യം വഹിക്കാൻ 31,786 ആരാധകർ കോഴിക്കോട് സ്റ്റേഡിയത്തിലെത്തി.


Discover more from Footy Times

Subscribe to get the latest posts sent to your email.

മലബാർ ഡെർബി
Comments (0)
Add Comment