ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആശങ്ക വേണ്ട, വെസ്റ്റ്വുഡിന് ഇനിയും സമയമുണ്ട്; പിന്തുണയുമായി ഐഎം വിജയൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ 2026/27 സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നോർത്ത് ഈസ്റ്റിനെതിരെയായ ദൈനീയ പ്രകടനത്തിനൊടുവിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്.

ഈയൊരു മത്സരം കണ്ട എല്ലാ ആരാധകർക്കും മനസ്സിലായൊരു കാര്യമായിരിക്കും ഒരു ടീമിന് പ്രീ സീസൺ എത്രത്തോളം വിലപ്പെട്ടതാണെന്ന്. കാരണം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ വൈകിത്തുടങ്ങിയതിന്റെ ടീമിലെ പൊരുത്തക്കേട് നല്ല രീതിയിൽ തന്നെ വ്യക്തമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് പേപ്പറിൽ മികച്ച ഒരു സ്ക്വാഡ് ഉണ്ടെങ്കിൽ പോലും ടീം ഇനിയും കളിച്ചു പൊരുത്തപ്പെടേണ്ടതുണ്ട്. ഈയൊരു കാര്യങ്ങൾ ശരിവച്ച് രംഗത്തുവന്നിരിക്കുകയാണ് കേരളത്തിന്റെ ഇതിഹാസ ഫുട്ബോൾ താരം ഐഎം വിജയൻ.

ഐഎസ്എല്ലിൽ നവംബറിൽ ലഭിക്കുന്ന ഇടവേള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതൽ മികച്ച രീതിയിൽ ഒരുക്കാനുള്ള അവസരമാണ്. പ്രീ സീസൺ ഇല്ലാത്തതാണ് പ്രതിരോധത്തിലെ പിഴവുകൾക്കും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കക്കുറവിനും പ്രധാന കാരണം. വെറും ഒരാഴ്ചത്തെ തയ്യാറെടുപ്പുമായി എത്തിയ ബ്ലാസ്റ്റേഴ്സിനെ മൂന്ന് മാസത്തെ പ്രീ സീസൺ ലഭിച്ച നോർത്ത് ഈസ്റ്റുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പരിശീലകൻ വെസ്റ്റ്വുഡിനെ ഇപ്പോൾ വിലയിരുത്തേണ്ട സമയമായിട്ടില്ലെന്നുമാണ് ഐ എം വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞത്.

“ഐഎസ്എൽ ഷെഡ്യൂൾ പ്രകാരം നവംബറിൽ കേരള ബ്ലാസ്റ്റേഴ്സിന് നല്ലൊരു ഇടവേള ലഭിക്കുന്നുണ്ട്. ടീമിനെ മികച്ച രീതിയിൽ ഒരുക്കിയെടുക്കാൻ വെസ്റ്റ്വുഡിന് ലഭിക്കുന്ന നല്ലൊരു അവസരമാണിത്. അതുവരെ നമുക്ക് കാത്തിരിക്കാം.”

“ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ പിഴവുകൾ, വേഗത്തിൽ കളിക്കുന്ന എതിരാളികൾക്കൊപ്പം പിടിച്ചുനിൽക്കാനുള്ള ബുദ്ധിമുട്ട്, താരങ്ങൾ തമ്മിലുള്ള ഒത്തിണക്കക്കുറവ് എന്നിവയെല്ലാം പ്രീ സീസൺ ലഭിക്കാത്തതിന്റെ പോരായ്മകളാണ്. കടലാസിൽ കരുത്തുറ്റ ടീമായതുകൊണ്ടുമാത്രം ഫുട്ബോൾ മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയില്ല. അതിന് കൃത്യമായ തയ്യാറെടുപ്പും മികച്ച പ്രീ സീസണും ആവശ്യമാണ്.”

“കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം കണ്ടതിന്റെ പേരിൽ പരിശീലകനെയോ താരങ്ങളെയോ ടീമിന്റെ ഗെയിം പ്ലാനെയോ ഞാൻ വിലയിരുത്താൻ ആഗ്രഹിക്കുന്നില്ല. കാരണം, അതിനുള്ള സമയമായിട്ടില്ല. വെറും ഒരാഴ്ചത്തെ തയ്യാറെടുപ്പോടെ ഐഎസ്എല്ലിനെത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് മാസത്തെ പ്രീ സീസൺ തയ്യാറെടുപ്പ് ലഭിച്ചിരുന്നു.” എന്നാണ് ഐ എം വിജയൻ പറഞ്ഞത്.

ഇനി നവംബർ മാസത്തിലെ ഇടവേളയ്ക്കു മുന്നേ കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങൾ കൂടിയാണ് കളിക്കാനുള്ളത്. കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെയും ചെന്നൈയിൻ എഫ്സിയെയുമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടതുളളത്. ഇതിൽ ഒക്ടോബർ 25 നടക്കുന്ന മുംബൈക്കെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണ്. നിലവിൽ മൂന്ന് പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Summary:- Indian football legend IM Vijayan has urged fans not to judge Kerala Blasters coach Ashley Westwood following the team’s 4-1 defeat to NorthEast United. He believes the lack of pre-season preparation has contributed to the team’s defensive errors and poor coordination, and says the November break will give Westwood an opportunity to improve the squad.


Discover more from Footy Times

Subscribe to get the latest posts sent to your email.

Ashley WestwoodIM VijayanIndian Super LeagueKerala Blasters
Comments (0)
Add Comment