ഒടുവിൽ സൂപ്പർ ലീഗിലെ കണ്ണൂർ വാരിയേഴ്‌സിൻ്റെ അപരാജിത കുതിപ്പിന് അവസാനം. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് കണ്ണൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്.
നീണ്ട ഏഴു മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ഇതോടെ അവസാനമായി. സീസണിൽ കാലിക്കറ്റ് എഫ്.സി മാത്രമാണ് ഇനി ഒരു മത്സരം പോലും തോൽക്കാതെയുള്ളത്.
മത്സരത്തിന്റെ 25 ആം മിനിറ്റിൽ ആൻ്റണി അലിസ്റ്ററിലൂടെ കണ്ണൂരാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ലീഡ് ഉയർത്താൻ കണ്ണൂരും ഒപ്പമെത്താൻ കൊമ്പൻസും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ വെല്ലുവിളിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളാണ് മത്സരഫലത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. 62 ആം മിനുട്ടിൽ വിദേശ താരം ഓട്ട്‌മറിലൂടെ തിരുവനന്തപുരം മത്സരത്തിലേക്ക് തിരിച്ചെത്തി.
അവസാന മിനിട്ടുകളിൽ ഇരുകൂട്ടരും വിജയ ഗോളിന് വേണ്ടി നിരന്തരം അക്രമങ്ങൾ അഴിച്ചുവിട്ടു. പകരക്കാരനായി ഇറങ്ങിയ അക്മൽ ഷാൻ നേടിയ ഗോളിൽ കൊമ്പൻസ് വിജയമുറപ്പിച്ചു.
എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കണ്ണൂർ. ഒരു മത്സരം കുറവ് കളിച്ച കോഴിക്കോടാണ് പട്ടികയിൽ ഒന്നാമത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് തിരുവനന്തപുരം.
Discover more from
Subscribe to get the latest posts sent to your email.