“മഹത്തായ ചരിത്രമുള്ള ഈ ക്ലബ്ബിൽ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ക്ലബ്ബിന്റെ ചരിത്രം എവിടെയാണോ അത് അവിടെ പുനഃസ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് കൊണ്ട് ഡച്ചുകാരനായ എറിക് ടെൻഹാഗ് പറഞ്ഞു വെച്ചത് ഇത്രയുമാണ്. ഒരു പുതിയ മാനേജർക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിന് എത്രത്തോളം പ്രതീക്ഷക്ക് അനുസരിച്ച് ഉയരാൻ സാധിച്ചെന്നും, ടീമിന്റെ പ്രകടനത്തിലും ഫലത്തിലും എത്രത്തോളം മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ടെന്നും വിലയിരുത്താവുന്നതാണ്. ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലക്ക് വിലയിരുത്തുമ്പോൾ സർ അലക്സ് ഫെർഗൂസന് ശേഷം കളിക്കാർക്കിടയിൽ കളികളത്തിനകത്തും പുറത്തും ഒരുപോലെ സ്വാധീനമുണ്ടകാൻ സാധിച്ച മാനേജറാണ് എറിക്ക് ടെൻഹാഗ് എന്ന് അതിശയോക്തിയില്ലാതെ തന്നെ പറയാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ഒരുപാട് മാനേജർമാരും നാടകീയതകളും കാരണം ഏഴാം സ്ഥാനത്ത് പൂർത്തിയക്കേണ്ടി വന്ന യുണൈറ്റഡിന് ഈയൊരു സീസൺ ഉയർത്തെഴുന്നേൽപ്പിന്റെ സീസൺ കൂടിയാണ്.
യുണൈറ്റഡിൽ സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹം നടപ്പിലാക്കിയ അഞ്ച് നിയമങ്ങൾ കളിക്കാർക്കിടയിൽ അച്ചടക്കം വീണ്ടെടുക്കുന്നതിൽ നിർണായകമായിരുന്നു. കൃത്യമായ അച്ചടക്കത്തിന്റെ അഭാവമാണ് കഴിഞ്ഞ സീസണുകളിൽ ക്ലബ്ബിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണം. ടെൻ ഹാഗിന്റെ 5 നിയമങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. പരിശീലനത്തിനോ ടീം മീറ്റിംഗുകൾക്കോ വൈകിയാൽ കളിക്കാരെ ഒഴിവാക്കും.
2. ഗെയിം വീക്ക് സമയത്ത് മദ്യം നിരോധിച്ചിരിക്കുന്നു.
3. എല്ലാ കളിക്കാരും ക്ലബ്ബ് ഷെഫുകൾ തയ്യാറാക്കിയ ഭക്ഷണങ്ങൾ മാത്രം കഴിക്കണം.
4. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) എല്ലാ മാസവും പരിശോധിക്കേണ്ടതാണ്.
5. കളിക്കാർ അവരുടെ ഏജന്റുമാരേക്കാൾ ടെൻ ഹാഗിനോട് നേരിട്ട് പരാതികൾ അറിയിക്കുക.
നിലവിൽ കരബാവോ കപ്പ് വിജയം നേടിയ യുണൈറ്റഡ് എഫ്.എ കപ്പ് സെമി ഫൈനലിലും യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിലും പ്രീമിയർ ലീഗിൽ ഇരുപത്തിയാറ് മത്സരങ്ങൾ പിന്നിടുമ്പോൾ അമ്പത് പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കരബാവോ കപ്പ് വിജയവും സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ അടക്കം പരാജയപ്പെടുത്തി യൂറോപ്പ ലീഗിൽ തുടരുന്ന വിജയ കുതിപ്പിനും പ്രധാന പങ്കുവഹിച്ചത് ടെൻ ഹാഗിന്റെ തന്ത്രങ്ങളും കാഴ്ചപ്പാടുകളാണ്. ഈ കാലയളവിൽ ബദ്ധവൈരികളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് ടെൻഹാഗ് തന്ത്രങ്ങളുടെ റഫറൻസ് പോയിന്റാണ്.
2017ൽ ഡച്ച് ലീഗിലെ എറിഡിവിസിയിൽ കളിക്കുന്ന അയാക്സ് ക്ലബ്ബിന്റെ മാനേജർ സ്ഥാനത്ത് വന്നത് മുതലാണ് ടെൻഹാഗ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ലീഗ് ടൈറ്റിലും മൂന്ന് കോമ്പറ്റീഷൻ കപ്പുകളും അദ്ദേഹം അയാകസിൽ വെച്ചു നേടി.
പരിശീലനവും തന്ത്രവും
സാങ്കേതികമായി വെർട്ടിക്കൽ ടിക്കി ടാക്ക ശൈലിയിൽ കളിക്കുന്ന ടെൻ ഹാഗ് എതിരാളികളുടെയും കളികാരുടെയും സാഹചര്യങ്ങളെ കൂടി വിലയിരുത്തി തന്ത്രപരമായ മാറ്റം നടത്തി കളിയിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്ന ഉടനെ തന്നെ തനിക്ക് ലഭിച്ച ടീമിനെ വെച്ചു അറ്റാക്കിങ് ഫുട്‌ബോൾ കളിച്ചു പരീക്ഷിച്ച ടെൻ ഹാഗ് വലിയ മാർജിനിൽ പരാജയപ്പെടുന്നതാണ് കണ്ടത്. എന്നാൽ വളരെ പെട്ടെന്നു തന്നെ അതിനോടുള്ള പ്രതികരണം എന്ന നിലക്ക് തുടർന്നുള്ള കളികളിൽ പ്രതിരോധ രൂപത്തിൽ ടീമിനെ സജ്ജീകരിക്കുകയും പടിപടിയായി കളിയുടെ ആധിപത്യം തിരിച്ചു പിടിക്കുകയും ചെയ്തു.
ടെൻഹാഗിന്റെ കീഴിൽ യുണൈറ്റഡ് ബിൽഡ് അപ്പിൽ സവിശേഷമായ തന്ത്രമാണ് പ്രയോഗിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ കിക്കിന് ശേഷം കളി തുടങ്ങാൻ അവരുടേതായ രീതിയും വഴിയുമുണ്ട്.
ഒരു ഡിഫൻഡർ ഗോൾകീപ്പറുടെ അടുത്ത് നിന്ന് കിക്ക് എടുത്ത് മറ്റൊരു ഡിഫൻഡറെ കണ്ടെത്തി പാസ്സ് ചെയ്ത് മുന്നോട്ട് പോകുന്ന പരമ്പരാഗത വഴിയാണ് സാധരണ ബിൾഡ് അപ്പ് ഫ്രം ദി ബാക്കിൽ അവലംഭിക്കാറുള്ളത്. എന്നാൽ യുണൈറ്റഡ് ഈ സീസണിൽ, ഡിഫെൻഡറായ ലിസാൻഡ്രോ മാർട്ടിനെസ് ഒരു ഗോൾ-കിക്ക് ഡേവിഡ് ഡി ഹെയയിൽ നിന്ന് സ്വീകരിച്ച ശേഷം ഡേവിഡിന് തന്നെ തിരിച്ചു കൈമാറി, പിന്നീട് ഫുൾബാക്കിനോ സെന്റർ ബാക്കിനോ പാസ് ചെയ്ത് മുന്നോട്ട് പോകുന്ന രീതിയാണ് സ്വീകരിക്കുന്നത്. യുണൈറ്റഡ് പ്ലേ സ്വിച്ച് ചെയ്ത് കളിക്കുന്നതിലൂടെ ബിൽഡ് അപ്പിൽ പ്രവചനാതീതത നിലനിൽക്കുന്നു, അതുവഴി പ്രെസ്സിങ്ങ് ഫുട്‌ബോൾ കളിക്കുന്ന ടീമുകളുടെ ഡയറക്ട് പ്രെസ്സിങ്ങ് കൊളാപ്‌സാവുകയും യുണൈറ്റഡിന് ശാന്തമായി കളിക്കാനും സാധിക്കുന്നു.
ഉദാഹരണത്തിന് ആർസനൽ പോലെ മാൻ ടു മാൻ മാർക്ക് ചെയ്ത് ഹൈ പ്രെസ്സ് ചെയ്ത് കളിക്കുന്ന ടീമുകൾക്ക് യുണൈറ്റഡിന്റെ സ്വിച്ചിങ് പ്ലേ കാരണം രണ്ട് ആളുകളെ ഒരേ സമയം പ്രെസ് ചെയ്യേണ്ടിവരുകയും അതുവഴി പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ സ്പേസ് രൂപപ്പെടുകയും ചെയ്യും, അത് മുതലെടുത്ത് യുണൈറ്റഡിന് വളരെ എളുപ്പത്തിൽ മുന്നോട്ട് കളിക്കാനും സാധിക്കും.
സ്ക്വാഡും ട്രാൻസ്ഫറുകളും കൃത്യസമയത്ത് കൃത്യമായ കളിക്കാരെ ക്ലബ്ബിൽ ലഭ്യമാക്കുക എന്നത് ടീം സ്ട്രാറ്റജിയുടെ ഭാഗമാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ കൊണ്ടുവന്ന താരങ്ങൾ ക്ലബ്ബിന്റെ പുനർനിർമാണ പ്രക്രിയയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരുപാട് കാലമായി യുണൈറ്റഡിൽ ഉണ്ടായിരുന്ന ഡിഫെൻസിവ് മിഡ്ഫീൽഡറുടെ അഭാവം ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ വന്നതോടെ നികത്തപ്പെട്ടു. കൃത്യമായി അപകടം തിരിച്ചറിഞ്ഞു ഡിഫെൻസിവ് രൂപത്തിലേക്കും സാഹചര്യങ്ങളെ മുതലെടുത്ത് ഒരു കൗണ്ടർ അറ്റാക്കിങ്ങും തുടങ്ങി വെക്കാൻ പറ്റുന്ന രീതിയിൽ വളരെ ബഹുമുഖമായ മിഡ്ഫീൽഡിങ് ഓപ്ഷനാണ് കാസിമിറോ. കാസിമിറോയുടെ കൂടെ നമ്പർ ടെൻ മിഡ്ഫീല്ഡിങ് ഓപ്ഷനായ ക്രിസ്ത്യൻ എറിക്സൻ കൂടി ചേരുമ്പോൾ കളിയുടെ നിയന്ത്രണത്തെ വളരെ അനായാസം ഏറ്റടുക്കാൻ സാധിക്കുന്നു. അതോടൊപ്പം ബ്രൂണോ ഫെർണാണ്ടസ്, ഫ്രെഡ്, മക്ക്ടോമിനായി അടക്കമുള്ള മധ്യനിര സ്ക്വാഡിന് കൂടുതൽ ഡെപ്ത്ത് നൽകുന്നു. അവസാനമായി ബയേണിൽ നിന്ന് ലോണിൽ കൊണ്ടുവന്ന സാബിറ്റ്സർ മധ്യനിരയിൽ ടെമ്പൊ പരിപാലിച്ചു കളിക്കുന്ന മികച്ച സാധ്യതയാണ്.
അയാക്സിൽ നിന്ന് കൊണ്ടുവന്ന അർജന്റീനിയൻ സെന്റർ ബാക്ക് ലിസൻഡ്രോ മർട്ടിനെസ് ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ്ങ് ആണ്. ഡിസ്ട്രോയെർ റോളിലും ബോൾ പ്ലെയിങ്ങ് സെന്റർ ബാക്ക് റോളിലും വളരെ അനായാസം സ്വിച്ച് ചെയ്ത് കളിക്കാൻ സാധിക്കുന്ന പ്ലേയർ ആണ് മാർട്ടിനെസ്.
ഫ്രഞ്ച് സെന്റർ ബാക്ക് റാഫേൽ വരാൻ – ലിസൻഡ്രോ കോംബോ ഏത് വലിയ അറ്റാക്കിങ്ങ് നിരയേയും പിടിച്ചു കെട്ടാൻ ശേഷിയുള്ളതാണ്. കൂടെ ഫുൾ ബാക്കുകളായ ഡീയാഗോ ഡാലോ, ലുക്ക് ഷോ, പുതിയ സൈനിങ്ങ് മലാസിയ എന്നിവർ ടെൻ ഹാഗിന് കീഴിൽ മെച്ചപ്പെടുന്നതും ടീമിന്റെ പ്രകടനത്തിന് മുതൽകൂട്ടാവുന്നു.
അറ്റാക്കിങ്ങിൽ യുണൈറ്റഡ് അക്കാഡമി പ്രോഡക്ട്സായ റാഷ്ഫോഡ്, പതിനെട്ടുകാരനായ ഗാർനാച്ചോ, ആന്റണി എലൻക, ഇംഗ്ലിഷ് വിങ്ങർ ജെഡൻ സാഞ്ചോ, ബ്രസീലിയൻ വിങ്ങർ ആന്റണി സാന്റോസ്, ആന്റണി മർശ്യൽ ചേർന്നുള്ള അറ്റാക്കിങ് നിര നല്ല പ്രകടനം കാഴ്ചവെക്കുമ്പോഴും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഭാവത്തിൽ ഒരു നമ്പർ 9 സ്‌ട്രൈക്കർ ഇല്ലാത്തതാണ് ക്ലബ്ബ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ട്രൈക്കർ ഓപ്ഷനിൽ കൊണ്ടുവന്ന വൗട്ട് വെഗ്ഹോർസ്റ്റ് സ്‌ട്രൈക്കർ ഔട്ട്പുട്ട് നൽകുന്നില്ലയെങ്കിലും യുണൈറ്റഡിന്റെ ടീം പ്ലെയിൽ നിർണായകമായ സാന്നിധ്യമാണ്. അടുത്ത സമ്മർ ട്രസ്‌ഫെറിൽ സ്പർസിൽ നിന്ന് ഹാരി കെയ്ൻ, നാപോളിയുടെ വികടർ ഒഷിമെൻ എന്നിവരിൽ ആരെയെങ്കിലും നൽകി ടെൻ ഹാഗിനെ അദ്ദേഹത്തിന് വേണ്ട കളിക്കാരെ നൽകി പിന്തുണച്ചാൽ യുണൈറ്റഡ് തങ്ങളുടെ പ്രതാപകാലത്തിലേക്കുള്ള തിരിച്ചുവരവ് നേടിയെടുക്കും എന്ന് പ്രതീക്ഷിക്കാം.
Discover more from
Subscribe to get the latest posts sent to your email.