ഐപിഎൽ 2026 സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പ് വലിയ ആശങ്കയിലാണ്. ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ടീമിനെ നയിക്കാൻ ഒരു നായകനില്ലാത്തതാണ് മുംബൈയെ വലയ്ക്കുന്നത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ ഈ പോരാട്ടത്തിൽ നായക പ്രതിസന്ധി ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന പേടിയിലാണ് ആരാധകർ.
മുംബൈയെ സംബന്ധിച്ചിടത്തോളം ഞായറാഴച്ച ആർസിബിക്കെതിരെ നടക്കുന്ന മത്സരം ജീവൻമരണ പോരാട്ടമാണ്. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ അവർക്ക് പ്ലേഓഫ് സാധ്യതകൾ നേരിയ തോതിലെങ്കിലും നിലനിർത്തണമെങ്കിൽ വരും മത്സരങ്ങളെല്ലാം വലിയ മാർജിനിൽ ജയിക്കേണ്ടതുണ്ട്. മറ്റ് ടീമുകളുടെ മത്സരഫലങ്ങളും മുംബൈയ്ക്ക് അനുകൂലമായി വരികയും വേണം. ഈ സാഹചര്യത്തിൽ ഒരു പക്വതയുള്ള നായകൻ ടീമിനെ നയിക്കാൻ ഇല്ലാത്തത് വലിയ തിരിച്ചടിയാണ്.
പുറം വേദനയെ തുടർന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഹാർദിക്കിന്റെ അഭാവത്തിൽ കഴിഞ്ഞ കളിയിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ സൂര്യകുമാർ ഇപ്പോൾ ടീമിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇതോടെയാണ് നായകസ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്തേണ്ടി വന്നത്.
മുംബൈ ആരാധകർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം മുൻ നായകൻ രോഹിത് ശർമ്മ തിരിച്ചെത്തുമോ എന്നതാണ്.
അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ച രോഹിത് നിലവിൽ ബാറ്റിംഗിൽ മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങി 80-ൽ അധികം റൺസ് അദ്ദേഹം നേടിയിരുന്നു.
എന്നാൽ ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ഇനിയൊരു തവണ കൂടി ഏറ്റെടുക്കാൻ രോഹിത് തയ്യാറാകാൻ സാധ്യത കുറവാണ്. ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടാലും രോഹിത് ഈ പദവി സ്വീകരിച്ചേക്കില്ലെന്നാണ് വിലയിരുത്തലുകൾ.
മറ്റ് ഓപ്ഷനുകൾ
നായകസ്ഥാനത്തേക്ക് മുംബൈയുടെ മുന്നിലുള്ള മറ്റ് സാധ്യതകൾ ആരൊക്കെയാണെന്ന് നോക്കാം..
- ജസ്പ്രീത് ബുംറ: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച പരിചയമുണ്ടെങ്കിലും ഈ സീസണിൽ ബുംറ കടുത്ത ഫോം ഔട്ടിലാണ്. പത്ത് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയത്.
- തിലക് വർമ്മ: ടീമിലെ യുവതാരമായ തിലക് വർമ്മയാണ് മറ്റൊരു ഓപ്ഷൻ. ഗുജറാത്തിനെതിരായ സെഞ്ച്വറി മാറ്റിനിർത്തിയാൽ ബാക്കിയുള്ള മത്സരങ്ങളിൽ തിലകും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
മുംബൈ ഇന്ത്യൻസ് പോലുള്ള ഒരു വലിയ ടീമിനെ സംബന്ധിച്ച് ഇത്രയും വലിയൊരു മത്സരത്തിന് മുൻപ് നായകനില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് ഇതാദ്യമാണ്.
ഈ പ്രതിസന്ധി മറികടന്ന് ബാംഗ്ലൂരിനെതിരെ ഒരു മികച്ച ജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ALSO READ: വൈഭവ് അടക്കം 3 പുതുമുഖങ്ങൾ ഇന്ത്യൻ ടീമിലേക്ക്; അയർലാൻഡ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ് കാണാം
English Summary: Mumbai Indians face a captaincy crisis ahead of their crucial match against RCB in IPL 2026. With Hardik Pandya injured and Suryakumar Yadav away for personal reasons, the team seeks a new leader. Fans are speculating about Rohit Sharma’s return or Jasprit Bumrah taking charge.
Discover more from Footy Times
Subscribe to get the latest posts sent to your email.