Footy Times

ഡോർട്ട്മുണ്ട് ഞങ്ങൾക്ക് വെറും തോർത്തുമുണ്ട് : ബ്ലാസ്റ്റേഴ്സ് ഡാ!!!

0

ഫുട്ബോൾ ലോകത്ത് ഫാൻസ് പിന്തുണയുടെ കാര്യത്തിൽ ലോകപ്രസിദ്ധരാണ് ബൊറൂഷ്യ ഡോർട്ട്മുണ്ട്. സൂപ്പർ താരങ്ങളാൽ സമ്പന്നമായ വമ്പൻ ക്ലബ്ബുകൾ പോലും സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ കണക്കിൽ ഡോർട്ട്മുണ്ടിനോട് തോറ്റിട്ടേയുളളൂ. അക്ഷരാർത്ഥത്തിൽ സ്റ്റേഡിയത്തിൽ തിരമാലകൾ തീർക്കുന്ന ബൊറൂഷ്യൻ മഞ്ഞപ്പട എക്കാലത്തും ആവേശം തീർക്കുന്ന കാഴ്ചയാണ്.

ഇപ്പോഴിതാ ഡോർട്ട്മുണ്ടിന്റെ മഞ്ഞപ്പടയെ വെല്ലാൻ തങ്ങൾക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മറ്റൊരു മഞ്ഞപ്പട. മറ്റാരുമല്ല, നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. അതും അവരുടെ തട്ടകത്തിൽ കയറി എട്ടിന്റെ പണി കൊടുത്തുകൊണ്ട്.

ജർമൻ ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫിയാഗോ തന്റെ എക്സ് അക്കൗണ്ട് വഴി നടത്തിയ ഫാൻസ് പോളിലാണ് ബ്ലാസ്റ്റേഴ്സ് ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു കളഞ്ഞത്. തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് വഴി ട്വീറ്റുകൾ ഇട്ടുകൊണ്ട് പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്രക്ക് തടയിടാൻ ഡോർട്ട്മുണ്ടിനായില്ല. കടുത്ത പോരാട്ടത്തിനൊടുവിൽ ആകെ വോട്ടിന്റെ 50.3 ശതമാനം സ്വന്തമാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയപീഠത്തിലേറുകയായിരുന്നു.

മത്സര ശേഷം ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യാൻ ബൊറൂഷ്യ ഡോർട്ട്മുണ്ട് മറന്നില്ല. ജർമൻ വമ്പന്മാരെ കെട്ടുകെട്ടിച്ച ബ്ലാസ്റ്റേഴ്സ് പെരുമ നിലവിൽ ലോകമെങ്ങും ചർച്ചയായിരിക്കുകയാണ്. ഫാൻസിന്റെ ആവേശവും ഉത്തുംഗതയിലാണ്. വരുന്ന ഞായറാഴ്ച മുഹമ്മദൻസിനെ നേരിടാനിരിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ ആവേശം കളത്തിലും കാണിക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Discover more from

Subscribe to get the latest posts sent to your email.