Footy Times

906 ആം ഗോളുമായി ക്രിസ്ത്യാനോ : പോളണ്ടിനെ കെട്ടുകെട്ടിച്ച് പറങ്കിപ്പടയോട്ടം

0

യുവേഫ നാഷൻസ് ലീഗിൽ ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന കളിയിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കെട്ടുകെട്ടിച്ച പോർച്ചുഗലിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ഇരട്ടിമധുരമായി. ജയത്തോടെ 3 കളിയും ജയിച്ച് 9 പോയിന്റോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം പോർച്ചുഗൽ സുരക്ഷിതമാക്കി. അതേസമയം 3 പോയിന്റ് മാത്രമുള്ള പോളണ്ടിന്റെ നില പരുങ്ങലിലാണ്.

തുടക്കത്തിലെ മന്ദതക്ക് ശേഷം പോർച്ചുഗൽ കളിയിൽ ആധിപത്യം സ്ഥാപിച്ചു. പോർച്ചുഗൽ താരങ്ങളുടെ വേഗതക്കും പന്തടക്കത്തിനും മുമ്പിൽ പിടിച്ചു നിൽക്കാൻ പോളണ്ട് പാടുപെട്ടെങ്കിലും ഇടത്തേ വിംഗിലൂടെ അപകടകരമായ നീക്കങ്ങൾ വഴി പോർച്ചുഗീസ് പ്രതിരോധത്തിന് ഇടക്കിടക്ക് തലവേദനകൾ സൃഷ്ടിച്ചിരുന്നു. കളിയുടെ ഇരുപത്തി ആറാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ബ്രൂണോയുടെ പ്രതിഭാസ്പർശം നിറഞ്ഞ ഒരു ഹെഡർ അസിസ്റ്റിൽ നിന്നും കരുത്തുറ്റ ഷോട്ടിലൂടെ ബർണാഡോ സിൽവ വലകുലുക്കി. അക്ഷരാർത്ഥത്തിൽ ഒരു സിറ്റി + യുണൈറ്റഡ് ഗോൾ!

കാണികൾ കാത്തിരുന്ന നിമിഷമെത്തിയത് മുപ്പത്തേഴാം മിനിറ്റിലാണ്. സെൻട്രൽ ലൈനിനിപ്പുറത്ത് നിന്ന് തുടങ്ങി നിരവധി ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി കുതിച്ചെത്തിയ റാഫേൽ ലിയാവോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചെങ്കിലും ഓടിയെത്തിയ റൊണാൾഡോ പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ 906 ആം കരിയർ ഗോൾ! 2007 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് റൊണാൾഡോ പോളണ്ടിനെതിരെ ഗോൾ നേടുന്നത്. എതിരില്ലാത്ത രണ്ട് ഗോളിന്റെ മുൻതൂക്കത്തോടെയാണ് പോർച്ചുഗൽ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിലും കളിയിൽ നിറഞ്ഞു നിന്നത് ആക്രമണ മനോഭാവം മാത്രമായിരുന്നു. പ്രതിരോധത്തിലേക്ക് ഉൾവലിയാൻ ഇരുടീമുകളും തയാറായില്ല. നിരന്തരമായ ശ്രമങ്ങൾക്കുള്ള പ്രതിഫലമെന്നോണം എഴുപത്തെട്ടാം മിനിറ്റിൽ പോളിഷ് മിഡ്ഫീൽഡർ സെലിൻസ്കി വലകുലുക്കി. ഗോൾ വീണതോടെ സമനിലക്കായി പോളണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പറങ്കി പ്രതിരോധം ഉലഞ്ഞില്ല. ഒടുവിൽ എൺപത്തി എട്ടാം മിനിറ്റിൽ പ്രതിരോധ താരം ബെഡ്നാരകിന്റെ സെൽഫ് ഗോൾ കൂടിയായതോടെ പോളിഷ് ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും വീണു. മൂന്ന് പോയിന്റുമായി പറങ്കികൾ കരക്ക് കയറി.

 


Discover more from

Subscribe to get the latest posts sent to your email.