ഞെട്ടിത്തരിച്ചു വമ്പന്മാർ : അപ്രവചനീയം സൗത്ത് അമേരിക്ക
എതിരാളികളില്ലാതെ മുന്നേറാൻ ബ്രസീലും അർജന്റീനയും പിന്നെ ഏറി വന്നാൽ ഉറുഗ്വായും എന്ന പതിവ് സമവാക്യം മാറിമറിയുന്ന രീതിയിലാണ് 2026 ലോകകപ്പിലേക്കുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടങ്ങളുടെ പോക്ക്. വമ്പൻ സ്രാവുകളെ മലർത്തിയടിക്കാൻ ഒരു പ്രയാസവുമില്ലെന്ന് കറുത്ത കുതിരകൾ തെളിയിച്ചതോടെ യോഗ്യതാ പോരാട്ടങ്ങളുടെ ലെവൽ തന്നെ മാറുകയാണ്.
ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ച 2026 ലോകകപ്പിൽ തെക്കൻ അമേരിക്കൻ എൻട്രികളുടെ എണ്ണം ആറാണ്. ഏഴാമതെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കേണ്ടി വരും. 18 പോയിന്റുകളുമായി ലോകചാംപ്യന്മാർ നയിക്കുന്ന പോയിന്റ് ടേബിളിൽ തൊട്ടുപിന്നിലായി കൊളംബിയയുണ്ട്. ഉറുഗ്വെക്കും ഇക്വഡോറിനും പിന്നിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിന്റെ നില അല്പം പരുങ്ങലിലാണ്. തുല്യമായ പോയിന്റോടെ വെനസ്വേലയും ഒപ്പമുണ്ടെന്നത് ബ്രസീലിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. പോയിന്റ് ടേബിളിൽ പിറകിലുള്ള ചിലെയടക്കമുള്ള ടീമുകൾ പോയിന്റ് നിലയിൽ ഏറെയൊന്നും പിന്നിലല്ല എന്നത് ഇനി വരുന്ന മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കും.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരങ്ങളിൽ അട്ടിമറികളുടെ അയ്യരുകളിയായിരുന്നു. ലോക ചാംപ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ കൊളംബിയ കോപ്പ അമേരിക്ക ഫൈനലിലേറ്റ തോൽവിക്ക് മധുര പ്രതികാരം വീട്ടി. ചിരവൈരികളുടെ തോൽവി ആഘോഷിക്കാനിരുന്ന ബ്രസീലിന് പരാഗ്വെ വക അപ്രതീക്ഷിതമായ ഷോക്കേറ്റു. ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇക്വഡോർ തങ്ങളുടെ ലോകകപ്പ് യോഗ്യതാ സാധ്യതകൾ വർദ്ധിപ്പിച്ചു. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബൊളീവിയ ചിലെയെ നാണം കെടുത്തി. കരുത്തരായ ഉറുഗ്വേ വെനസ്വേലയോട് ഗോൾരഹിത സമനില വഴങ്ങുകയും ചെയ്തതോടെ ഇന്നത്തെ മത്സരങ്ങൾ ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നം.
Discover more from
Subscribe to get the latest posts sent to your email.