Footy Times

ചരിത്രം കുറിച്ച് ഈസ്റ്റ് ബംഗാൾ; ഇന്ത്യൻ വനിതാ ലീഗ് കിരീടം കൊൽക്കത്തയിലേക്ക്

0

ഇന്ത്യൻ വനിതാ ലീഗിന് (ഐഡബ്ല്യുഎൽ) പുതിയ ജേതാക്കൾ. ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഈസ്റ്റ് ബംഗാൾ തങ്ങളുടെ കന്നി ഐഡബ്ല്യുഎൽ കിരീടത്തിൽ മുത്തമിട്ടു. കൊൽക്കത്തൻ ക്ലബ്ബിന്റെ വനിതാ ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്.

പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് മത്സരഫലം നിർണയിച്ച ഗോൾ പിറന്നത്. മുൻ ഗോകുലം കേരള താരം കൂടിയായ സൗമ്യ ഗുഗുലോത്താണ് ഈസ്റ്റ് ബംഗാളിനായി വിജയഗോൾ നേടിയത്.

ഈ കിരീട നേട്ടത്തോടെ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിലെ എഎഫ്‌സി വനിതാ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി. പരിശീലകൻ ആന്റണി ആൻഡ്രൂസിനും ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ മൂന്നാമത്തെ ഐഡബ്ല്യുഎൽ കിരീടമാണിത്. നേരത്തെ ഗോകുലം കേരളയെ പരിശീലിപ്പിച്ചപ്പോഴും അദ്ദേഹം രണ്ടുതവണ കിരീടം നേടിയിട്ടുണ്ട്. ലീഗ് ഘട്ടത്തിൽ ഗോകുലം കേരളയോട് മാത്രമാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്.

അതേസമയം, കഴിഞ്ഞ സീസണിലെ ജേതാക്കളായ ഒഡിഷ എഫ്‌സിക്ക് ഈ തോൽവി നിരാശ നൽകി. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അവർ തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ്.

ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു നാഴികക്കല്ലാണ്. ഇതിനു മുൻപ് ക്ലബ്ബിന്റെ പുരുഷ ടീം 2003-04 സീസണിൽ ദേശീയ ഫുട്ബോൾ ലീഗും 2003-ൽ ആസിയാൻ ക്ലബ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply