Footy Times

കുപ്പിയേറ്, നാടകീയ രംഗങ്ങൾ : ഒടുവിൽ സാഫ് കപ്പിൽ ഇന്ത്യ പുറത്ത്

0

വനിതാ സാഫ് കപ്പിൽ ഇന്ത്യയുടെ കുതിപ്പിനവസാനം. കുപ്പിയേറും തർക്കവുമൊക്കെയായി സംഭവ ബഹുലമായ സെമി ഫൈനലിൽ ആതിഥേയരായ നേപ്പാളിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റിട്ടാണ് ഇന്ത്യ പുറത്തായത്.

ആവേശകരമായ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച ശേഷം അമ്പത്തൊന്നാം മിനിറ്റിലായിരുന്നു വിവാദങ്ങളുടെ ആരംഭം. രണ്ടാം മഞ്ഞ കാർഡ് കണ്ട നേപ്പാൾ സ്ട്രൈക്കർ രേഖ പൗഡലിന് മാർച്ചിംഗ് ഓർഡർ നൽകിയ റഫറിയുടെ തീരുമാനത്തിൽ നേപ്പാൾ താരങ്ങൾ പ്രതിഷേധിച്ചു. 12 മിനിറ്റിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. അറുപത്തി രണ്ടാം മിനിറ്റിൽ ഇന്ത്യക്ക് വേണ്ടി സംഗീത ബസ്ഫോർ സ്കോർ ചെയ്തു. ഗോൾ നേടിയതോടെ മുഴുവൻ ഇന്ത്യൻ താരങ്ങളും ഡഗ് ഔട്ടിൽ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ സമയം പാഴാക്കാതെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നേപ്പാൾ താരങ്ങൾ ഗോളടിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കാൻ തയാറായില്ല. ഇതോടുകൂടി വൻ നാടകീയ രംഗങ്ങൾക്കാണ് മത്സരം സാക്ഷിയായത്.

നേപ്പാൾ താരങ്ങൾ റഫറിയുടെ നീക്കം ചോദ്യം ചെയ്യുകയും ഗ്രൗണ്ടിൽ നിന്ന് കയറുകയും ചെയ്തു. ഇതിനിടെ ഇന്ത്യ താരങ്ങൾക്ക് നേരെ സ്റ്റേഡിയത്തിൽ നിന്ന് കുപ്പിയേറുമുണ്ടായി. ഒരു മണിക്കൂറിലധികം നീണ്ട ആശയക്കുഴപ്പത്തിന് ശേഷം നേപ്പാളിന്റെ ഗോൾ ക്യാൻസലാക്കിക്കൊണ്ട് മത്സരം പുനരാരംഭിച്ചു. പത്താളുകളുമായി വീറോടെ പൊരുതിയ നേപ്പാൾ നിമിഷങ്ങൾക്കുള്ളിൽ സബിത്ര ബണ്ഡാരിയിലൂടെ വീണ്ടും സമനില ഗോൾ നേടി.

നിശ്ചിത സമയത്തിൽ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. തങ്ങളുടെ ആദ്യ നാല് ഷോട്ടുകളും ഗോളാക്കി മാറ്റി നേപ്പാൾ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മനീഷയും കരിഷ്മയും ലക്ഷ്യം കണ്ടപ്പോൾ ക്യാപ്റ്റൻ ആശാലത ദേവിയും രഞ്ജന ചാനുവും നിരാശപ്പെടുത്തി. മറ്റൊരു സെമി ഫൈനലിൽ ഭൂട്ടാനെ ഏഴ് ഗോളുകൾക്ക് തകർത്ത ബംഗ്ലാദേശുമായി നേപ്പാൾ ബുധനാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.


Discover more from

Subscribe to get the latest posts sent to your email.