Footy Times

സമനില തെറ്റാതെ; തുടർച്ചയായി ജയമറിയാതെ പഞ്ചാബ്

0

ഇന്ത്യൻ സൂപ്പർ ലീഗിൽ പതിനൊന്നാം സീസണിലെ നൂറാം മത്സരത്തിൽ മുംബൈ സിറ്റി പഞ്ചാബ് മത്സരം 1-1ൻ്റെ സമനിലയിൽ. ഡൽഹിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിന് സീസണിലെ ആദ്യ ഹോം സമനില.

ഐ.എസ്.എല്ലിൽ മൂന്നാം ദിവസവും സമനിലയോടെ അവസാനിച്ചു. തുടർച്ചയായി ആറാം മത്സരത്തിലും പഞ്ചാബിന് ജയമില്ല. മുംബൈ അരീനയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയെ പഞ്ചാബ് തോൽപ്പിച്ചത്.

ആദ്യ പകുതിയുടെ 29ാം മിനുട്ടിൽ ജയേഷ് റാണയെ ഫൗൾ ചെയ്തതിന് പഞ്ചാബ് പ്രതിരോധ താരം നൊവോസെലച് യെല്ലോ കാർഡ് കണ്ടു.

41ാം മിനുട്ടിൽ മുംബൈ മധ്യനിര താരം വാൻ നിഫ് സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടു, അടുത്ത മത്സരത്തി മൊഹമ്മദൻസിനെതിരെ കളിക്കാനാവില്ല. 44ാം മിനുട്ടിൽ മുംബൈ സിറ്റിയുടെ മലയാളി ഗോൾ കീപ്പർ ടി.പി റഹ്‌നേഷ് പരിക്കുപറ്റി പുറത്തേക്ക്.

ഒന്നാം പകുതിയുടെ അധിക സമയത്ത് 45+1ാം മിനുട്ടിൽ അസ്മിർ സുൽജിക്കിൻ്റെ അസിസ്റ്റിൽ നിന്ന് ലൂക്കാ മാച്ചൻ സീസണിലെ ആറാം ഗോൾ നേടി പഞ്ചാബിനെ മുന്നിലെത്തിച്ചു.

45+5ാം മിനുട്ടിൽ മുംബൈ സിറ്റി ഗോൾ കീപ്പർ ലചുമ്പയെ ഫൗൾ ചെയ്തതിന് ലൂക്കാ മാച്ചൻ യെല്ലോ കാർഡ് കണ്ടു.

ആദ്യ പകുതി ഒരു ഗോളിന് പഞ്ചാബ് മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ 58ാം മിനുട്ടിൽ വാൻ നീഫിൻ്റെ ത്രൂ പിടിച്ചെടുത്ത കരലിസ് പഞ്ചാബ് കീപ്പറുടെ കാലുകൾക്കിടയിലൂടെ സീസണിലെ ഒമ്പതാം ഗോൾ നേടി മുംബൈ സിറ്റിയെ ഒപ്പമെതിച്ചു.

69ാം മിനുട്ടിൽ പഞ്ചാബിൻ്റെ മലയാളി താരം മുഹമ്മദ് സുഹൈൽ പരിക്ക് പറ്റി പുറത്തേക്ക്. പകരം മലയാളി താരം നിഹാൽ സുധീഷ് കളത്തിൽ. 74ാം മിനുട്ടിൽ പഞ്ചാബ് താരം നിഹാൽ സുധീഷിൻ്റെ ഗോൾ ശ്രമം ലച്ചുമ്പ രക്ഷപ്പെടുത്തി.

83ാം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്നും പഞ്ചാബ് താരം മെർസല്ല്യാക്കിൻ്റെ ഷോട്ട് ലചുമ്പ കിടിലൻ സേവിലൂടെ മുംബൈ സിറ്റിയെ രക്ഷിച്ചു.

87ാം മിനുട്ടിൽ മുംബൈ സിറ്റിയുടെ മധ്യനിര താരം ടൊറാലിന് യെല്ലോ കാർഡ്. ഒപ്പം പഞ്ചാബ് മധ്യനിര താരം ആശിഷ് പ്രധാനും യെല്ലോ കാർഡ്.

90ാം മിനുട്ടിൽ മുംബൈ സിറ്റിയുടെ മധ്യനിര താരം ബ്രാണ്ടൻ ഫെർണാണ്ടസ് യെല്ലോ കാർഡ് കണ്ടു.

രണ്ടാം പകുതിയുടെ അധിക സമയത്ത് 90+2 പഞ്ചാബ് കീപ്പറെ മറികടന്നുള്ള ആയുഷ് ചിക്കാരയുടെ ഷോട്ട് ഗോൾ ലൈൻ സേവിലൂടെ സുരേഷ് മീതേ പഞ്ചാബിനെ രക്ഷപ്പെടുത്തി. കളി അവസാനിക്കുമ്പോൾ ഇരു ടീമുകളും സമനില നേടി പിരിഞ്ഞു.

16 മത്സരങ്ങളിൽ നിന്നായി 24 പോയിൻ്റ് നേടി മുംബൈ സിറ്റി ആറാം സ്ഥാനത്തും.15 മത്സരങ്ങളിൽ നിന്നായി 20 പോയിൻ്റ് നേടി ഒരു സ്ഥാനം മെച്ചപ്പെടുത്തി പഞ്ചാബ് എട്ടാം സ്ഥാനത്ത് നിൽക്കുന്നു.


Discover more from

Subscribe to get the latest posts sent to your email.