Footy Times

വാഴ്ചയും വീഴ്ചയും : ഇന്റർനാഷണൽ ബ്രേക്കിന് വിരാമം

0

ചെറിയൊരു ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഫുട്ബോൾ വീണ്ടും ലീഗ് മത്സരങ്ങളുടെ ചൂടിലേക്ക് മടങ്ങുമ്പോൾ ഒരു തിരിഞ്ഞുനോട്ടം കൗതുകകരമായിരിക്കും. 52 യുവേഫ നാഷൻസ് ലീഗ് മത്സരങ്ങളും 10 ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരങ്ങളും 18 ഏഷ്യൻ യോഗ്യതാ റൗണ്ട് മത്സരങ്ങളുമടക്കം ആകെ 80 മത്സരങ്ങളാണ് ഈയൊരു ബ്രേക്കിൽ മാത്രം പൂർത്തിയാക്കപ്പെട്ടത്. ആകെ 197 ഗോളുകൾ പുതുതായി പിറക്കപ്പെട്ട മത്സരങ്ങൾ വാഴ്ചകളും വീഴ്ചകളും ഏറെ കണ്ടു.

എതിരാളികളില്ലാതെ ക്രിസ്ത്യാനോ

ലോക ഫുട്ബോൾ ചരിത്രത്തിൽ ഗോൾ സ്കോറിംഗിൽ തന്നെ വെല്ലാനാളില്ലെന്ന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഒരുവട്ടം കൂടി തെളിയിച്ചു. ക്രോയേഷ്യക്കെതിരായ മത്സരത്തിൽ കരിയറിൽ 900 ഗോൾ തികച്ച ആദ്യ താരമായ റോണോ തന്റെ പേര് എഴുതിച്ചേർത്തത് ചരിത്രത്തിന്റെ ഏടുകളിലാണ്. തൊട്ടുപിന്നാലെ നടന്ന സ്കോട്ട്ലാൻഡ് മാച്ചിലും മികച്ച പ്രകടനം പുറത്തെടുത്ത ഇതിഹാസ താരം മത്സരത്തിന്റെ അവസാന മിനിട്ടുകളിൽ ഗോൾ സ്കോർ ചെയ്ത് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. യൂറോ കപ്പിന് ശേഷം വിമർശനങ്ങളിൽ പെട്ടുലഞ്ഞ ക്രിസ്ത്യാനോക്കും ട്രോളുകളേറ്റ് മടുത്ത ഫാൻസിനും വലിയ ആശ്വാസമാണ് പോർച്ചുഗൽ മാച്ചുകൾ സമ്മാനിച്ചത്.

സെഞ്ച്വറിയടിച്ച് ഹാരി കെയ്ൻ

ഇംഗ്ലീഷ് കുപ്പായത്തിൽ തന്റെ നൂറാമത്തെ മത്സരം പൂർത്തിയാക്കിയ ഹാരി കെയ്നായിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഫിൻലൻഡിനെതിരെ ഇരട്ട ഗോളുകൾ നേടി മത്സരം താരം അവിസ്മരണീയമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ഇതുവരെ 68 ഗോളുകൾ സ്കോർ ചെയ്ത് എക്കാലത്തെയും വലിയ ഗോൾസ്കോററായ താരം എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാകാനുള്ള ജൈത്രയാത്രയിലാണ്. ഒപ്പം ഇംഗ്ലണ്ട് ടീമിനും കെയ്നും പൊതുവായുള്ള ട്രോഫി ശാപം ഏറെക്കാലം നീണ്ടുനിൽക്കില്ലെന്ന് ഫാൻസും പ്രത്യാശിക്കുന്നു.

വിപ്ലവ വീര്യം, വാഴ്ചയും വീഴ്ചയും

മനുഷ്യ മനസാക്ഷിയെ നടുക്കുന്ന വംശഹത്യക്കിടയിലും തലയുയർത്തി പിടിച്ചു വന്ന ഫലസ്തീൻ ടീം കരുത്തരായ ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ചത് അവിസ്മരണീയമായി. ചൈനയുടെ ഗോൾവല ജപ്പാൻ നിറച്ചു വിട്ടതായിരുന്നു മറ്റൊരു രസകരമായ കാര്യം. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ചൈന നാണം കെട്ടത്. ഞെട്ടിക്കുന്ന തോൽവികളിൽ പെട്ടുലഞ്ഞ ബ്രസീലും അർജന്റീനയും അവസാന ദിവസം ഫുട്ബോൾ ഫാൻഫൈറ്റ് ഗ്രൂപ്പുകളെ ശോകമൂകമാക്കി. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിന്റെ നില പരുങ്ങലിലാണ്. മത്സരത്തിൽ നടത്തിയ മോശം പ്രകടനത്തിന് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സ്വന്തം ആരാധകരിൽ നിന്നടക്കം വിമർശനങ്ങൾ നേരിട്ടു. അതേസമയം കോപ്പ അമേരിക്കയിലെ ഉജ്ജ്വല പ്രകടനം യോഗ്യതാ റൗണ്ടിലേക്കും നീട്ടിയ കൊളംബിയ തങ്ങളുടെ പ്രതാപ കാലത്തേക്കുള്ള തിരിച്ചു പോക്ക് അടയാളപ്പെടുത്തിക്കഴിഞ്ഞു. എന്തായാലും ചുരുക്കത്തിൽ ശനിയാഴ്ച മുതൽ വീണ്ടും ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ആരാധകർക്ക് ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാൻ ഈയൊരു ബ്രേക്കിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല.


Discover more from

Subscribe to get the latest posts sent to your email.