Footy Times

വീണ്ടുമൊരു ബ്രേക്ക് : ഫുട്ബോൾ ലോകം അന്താരാഷ്ട്ര ചൂടിലേക്ക്

0

ക്ലബ്ബ് മത്സരങ്ങൾക്ക് ഒരു താത്കാലിക ഇടവേള കൊടുത്ത് ഫുട്ബോൾ ലോകം വീണ്ടുമൊരു ഇന്റർനാഷണൽ ചൂടിലേക്ക് മടങ്ങിയെത്തുകയാണ്. യുവേഫ നാഷൻസ് ലീഗും ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമടക്കം തീപാറുന്ന പോരാട്ടങ്ങൾക്കാണ് ഇനി രണ്ടാഴ്ച ഫുട്ബോൾ ലോകം വേദിയാകുന്നത്. ബ്രസീലും അർജന്റീനയും പോർച്ചുഗലുമടക്കം വമ്പൻ ടീമുകളെല്ലാം തന്നെ കളത്തിലെത്തുന്നുണ്ട്.

ഇന്ത്യൻ സമയം ഇന്ന് ഉച്ചക്ക് 2.40 ന് ആരംഭിച്ച ആസ്ട്രേലിയ – ചൈന മത്സരത്തോടെയാണ് തുടക്കം. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ ചൂട് പിടിപ്പിക്കുന്ന ഏഷ്യൻ വൻകര സാക്ഷിയാവുന്നത് നിരവധി മത്സരങ്ങൾക്കാണ്. ദക്ഷിണ കൊറിയ, ഇറാൻ, ജപ്പാൻ തുടങ്ങിയ വമ്പന്മാരെല്ലാം തന്നെ ഇന്ന് മത്സര വേദിയിലുണ്ട്.

ഇന്ത്യൻ സമയം രാത്രി 9.30 ക്ക് നടക്കുന്ന നാഷൻസ് ലീഗ് പോരാട്ടങ്ങളിൽ മോൾഡോവയും അൻഡോറയും തമ്മിലും ലാറ്റ്വിയയും മാസിഡോണിയയും തമ്മിലും ഏറ്റുമുട്ടും.

അതേസമയം കൂട്ടത്തിലെ കൊമ്പൻ ലാറ്റിൻ അമേരിക്ക തന്നെ. ബ്രസീലടക്കമുള്ള വമ്പന്മാരുടെ ലോകകപ്പ് യോഗ്യത തുലാസിലായ സ്ഥിതിക്ക് പോരാട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ തീ പാറും. നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 ക്ക് ബ്രസീൽ ചിലെയുമായും 2.30 ക്ക് അർജന്റീന വെനസ്വേലയുമായും ഏറ്റുമുട്ടും. മറ്റ് പോരാട്ടങ്ങളിൽ ബൊളീവിയ കൊളംബിയയെയും ഇക്വഡോർ പരാഗ്വെയെയും പെറു ഉറുഗ്വെയെയും നേരിടും.

അതേസമയം അടിക്കടി വരുന്ന അന്താരാഷ്ട്ര ബ്രേക്കുകൾ ക്ലബ്ബ് ഫുട്ബോളിന്റെ ഹരം നഷ്ടപ്പെടുത്തുന്നു എന്ന വിമർശനം ഒരുകൂട്ടം ആരാധകർ ഉയർത്തുന്നുണ്ട്. റെഡ്ഡിറ്റ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ഈ വിഭാഗത്തിന് ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.


Discover more from

Subscribe to get the latest posts sent to your email.