Footy Times

നാലടിച്ചു ബാഴ്‌സ, റയലിന് വൻ തോൽവി

ഗോളടിച്ചും അടിപ്പിച്ചും ഒബാമയാങ് തുടങ്ങിയപ്പോള്‍ എല്‍ ക്ലാസികോയില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ റയല്‍ മാഡ്രിഡിനെ തകര്‍ത്തത്. ഒബാമയാങ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഫെറാന്‍ ടോറസ്, അരൗജോ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ബാഴ്സലോണ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. തന്റെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തിനിറങ്ങിയ ഒബാമയാങ് 29ാം മിനുട്ടില്‍ ബാഴ്സക്ക് ലീഡ് നല്‍കി. ഡെമ്പെലെ ബോക്‌സിലേക്ക് നല്‍കിയ പന്ത് ഒബാമയാങ് ഹെഡറിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. 38ാം മിനുട്ടില്‍ ഡെമ്പെലെ എടുത്ത കോര്‍ണര്‍ കിക്ക് വലയില്‍ എത്തിച്ചു അരൗജോ ലീഡ് നില രണ്ടാക്കി ഉയര്‍ത്തി.


ഇടവേളക്ക് തൊട്ട് പിന്നാലെ ഫെറാന്‍ ടോറസ് മികച്ച ഫിനിഷിലൂടെ ലീഡ് നില ഉയര്‍ത്തിയപ്പോള്‍ 51ാം മിനുട്ടില്‍ ഒബാമയാങ് വീണ്ടും ലക്ഷ്യം കണ്ടു. ലീഗില്‍ 6 മത്സരങ്ങളില്‍ നിന്ന് തന്റെ ഏഴാമത്തെ ഗോളാണ് ഗാബോണ്‍ താരം നേടിയത്.ലീഡ് ഉയര്‍ത്താന്‍ ബാഴ്സക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ താരങ്ങള്‍ക്കായില്ല.

ജയത്തോടെ ബാഴ്സലോണക്ക് 54 പോയിന്റ് ആയി. ഒരു മത്സരം കൂടുതല്‍ കളിച്ച റയല്‍ മാഡ്രിഡ് 66 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 


Discover more from

Subscribe to get the latest posts sent to your email.