Footy Times

ഓബക്ക് ഹാട്രിക്; വലന്‍സിയയുടെ വല നിറച്ച് ബാഴ്‌സ

0 160

സ്പാനിഷ് ലാ ലീഗയിൽ പന്ത്രണ്ടാം സ്ഥാനക്കാരായ വലൻസിയക്കെതിരെ വമ്പൻ ജയവുമായി സാവിയുടെ ബാഴ്‌സലോണ. ജയത്തോടെ അത്ലറ്റികോ മാഡ്രിഡിനെ മറികടന്നു ആദ്യ നാലിലെ സ്ഥാനവും ബാഴ്‌സലോണ തിരിച്ചു പിടിച്ചു.

ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണ ആധിപത്യം പുലർത്തിയ മത്സരത്തിൽ അവർ ജയം കണ്ടത്. ബാഴ്‌സലോണക്കായി ഹാട്രിക്  ഗോളുകളുമായി കളം നിറഞ്ഞ അടുത്തിടെ ടീമിൽ എത്തിയ ഒബമയാങാണ് വലിയ വിജയം സമ്മാനിച്ചത്.

ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോളുകളാണ് ഇത്. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ജോർദി ആൽബയുടെ ലോങ് ബോളിൽ നിന്നു വലത് കാലൻ ശൂട്ടിലൂടെ ഒബമയാങ് തന്റെ ആദ്യ ഗോൾ കണ്ടത്തുകയായിരുന്നു.

തുടർന്ന് ഒമ്പതു മിനിറ്റുകൾക്കു ശേഷം ഡെമ്പലയുടെ പാസിൽ നിന്നു ഫ്രാങ്കി ഡി ജോങ് ബാഴ്‌സക്കായി രണ്ടാം ഗോളും നേടി. 38 മത്തെ മിനിറ്റിൽ ഗാവിയുടെ പാസിൽ നിന്നു ഇടത് കാലൻ ഷൂട്ടിലൂടെ തന്റെ രണ്ടാം ഗോളും നേടിയ ഒബമയാങ് ബാഴ്‌സക്ക് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചുവെങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ബ്രയാൻ ഗില്ലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ 63 മത്തെ മിനിറ്റിൽ പകരക്കാരനായ പെദ്രി 25 വാര അകലെ നിന്നും തൊടുത്തുവിട്ട ഉഗ്രന്‍ ഷോട്ട് ഔബമേയാങ്ങിന്റെ പുറകില്‍ തട്ടി വലയിലേക്ക് കയറി. ഇതോടെ ഓബ തന്റെ ബാഴ്‌സ അക്കൗണ്ട് ഹാട്രിക്ക് കൊണ്ട് തുറന്നു. ആദ്യം 19 കാരനായ പെദ്രിക്കായിരുന്നു ഗോള്‍ ലഭിച്ചതെങ്കിലും പിന്നീട് ഔബമേയാങ്ങിന് ലഭിച്ചു.

 

7 മഞ്ഞ കാർഡുകൾ ആണ് മത്സരത്തിൽ പിറന്നത്. ഒബമയാങ് തിളങ്ങിയ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ട്രയോരക്ക് പകരം ഇടം കിട്ടിയ ഡെമ്പലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ മികവ് തുടർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവും ബാഴ്‌സലോണയിൽ സാവിയുടെ ശ്രമം.