Footy Times

ലീഗിലും അടിതെറ്റി ഇന്റര്‍; തലപ്പത്തെത്താനുള്ള അവസരം പാഴായി

0

ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി ഇന്റര്‍ മിലാന്‍.

ലീഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള  സസോളോയാണ് ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സാന്‍ സിറോയില്‍ വീഴ്ത്തിയത്.

പരിക്ക് കാരണം പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ഇന്റര്‍ മിലാന്‍ കളത്തില്‍ ഇറങ്ങിയതെങ്കിലും അവരാണ് മത്സരത്തില്‍ ആധിപത്യം കാണിച്ചത്.

എന്നാല്‍ അവസരം കിട്ടുമ്പോള്‍ എല്ലാം ഇന്ററിന് വലിയ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സസോളക്കായി.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ഇന്റര്‍ മിലാന്‍ ഞെട്ടി. ബെറാഡിയുടെ പാസില്‍ നിന്നു ജിയാകോമോ റാസ്പഡോറി സസോളോക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു.

25ാമത്തെ മിനിറ്റില്‍ ഹമദ് ട്രയോരയുടെ മനോഹരമായ ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റിയ യുവ താരം ജിയലുക്ക സ്‌കമാക്ക ഇന്ററിനെ വീണ്ടും ഞെട്ടിച്ചു.

38ാമത്തെ മിനിറ്റില്‍ ബെറാഡിയുടെ മനോഹരമായ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് ഇന്ററിന് ആശ്വാസം നല്‍കി.

ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള ഇന്റര്‍ മിലാന്‍ ശ്രമങ്ങള്‍ എല്ലാം സസോളോ
പ്രതിരോധവും ഗോള്‍ കീപ്പറും പ്രതിരോധിച്ചു.

രണ്ടാം പകുതിയില്‍ ജെക്കോവിനെ കൊണ്ടു വന്നിട്ടും ലൗടാര മാര്‍ട്ടിനസ്, അലക്‌സിസ് സാഞ്ചസ്, പെരിസിച്ച്, ബരെല്ല തുടങ്ങിയ ഇന്റര്‍ മിലാന്‍ മുന്നേറ്റത്തിന് ഗോളുകള്‍ മടക്കാന്‍ ആയില്ല.

ജയിച്ചിരുന്നെങ്കില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഇന്റര്‍ മിലാന്‍ എത്തുമായിരുന്നു. നിലവില്‍ ലീഗില്‍ ഒരു മത്സരം അധികം കളിച്ച എ.സി മിലാനു രണ്ടു പോയിന്റുകള്‍ പിറകില്‍ രണ്ടാമത് ആണ് ഇന്റര്‍.

കഴിഞ്ഞ ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോട് ഇതേ മാര്‍ജിനില്‍ നിലവിലെ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ഇന്റര്‍ തോറ്റിരുന്നു.

 


Discover more from

Subscribe to get the latest posts sent to your email.