ക്വാർട്ടറിൽ ആർനേക്ക് സ്ലോട്ടില്ല
ലിവർപൂളിനെ ആൻഫീൽഡിൽ ഷൂട്ടൗട്ടിൽ മറികടന്ന് പി. എസ്.ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ആദ്യ പാദത്തിൻ്റെ മുൻതൂക്കവുമായി സ്വന്തം ഹോമിൽ ഇറങ്ങിയ ലിവർപൂളിന് പന്ത്രണ്ടാം മിനിറ്റിൽ ലീഡ് നഷ്ടമായി, സീസണിൽ മികച്ച ഫോമിലുള്ള ഡെമ്പലേ പാരിസിനായി ഗോൾ കണ്ടെത്തി. അഗ്രിഗേറ്റിൽ സമനിലയായതോടെ ലീഡെടുക്കാനായി ഇരുകൂട്ടരും ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആദ്യപാദത്തിലെന്നപോലെ അലിസൺ രക്ഷകൻ ആവുമെന്ന് കരുതിയെങ്കിലും ഇക്കുറി അവസരം ഡോണറുമ്മക്കായിരുന്നു. പി.എസ്.ജി എടുത്ത നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോൾ മറുപുറത്ത് മുഹമ്മദ് സലാഹിന് മാത്രമേ ഗോൾ നേടാനായുള്ളൂ. ഡാർവിൻ നൂനസിന്റെയും കുർട്ടിസ് ജോൺസിൻ്റെയും കിക്കുകൾ തടുത്തിട്ട് ഡോണറുമ്മ പാരീസിന്റെ രക്ഷകനായി. സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ലിവർപൂൾ പുറത്തായത് മറ്റു ടീമുകൾക്ക് ആശ്വാസം പകരുന്നതാണ്.
മറ്റു മത്സരങ്ങളിൽ ലെവർകൂസനെതിരെ രണ്ടു ഗോളിന് ജയിച്ച് ബയേൺ ക്വാർട്ടറിൽ പ്രവേശിച്ചു. ഹാരി കെയ്ൻ, അൽഫോൻസോ ഡേവീസ് എന്നിവർ ബയെണിനായി ലക്ഷ്യം കണ്ടു. ഫെയെൻറൂദിനെതിരെ ജയിച്ച ഇൻ്റർ മിലാനും ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കസ് തുറാം, ഹക്കൻ കല്ലനോഹു എന്നിവർ ഇൻ്ററിനായി ഗോൾ നേടിയപ്പോൾ ഫെയെൻറൂദിൻ്റെ ആശ്വാസ ഗോൾ പെനാൽറ്റിയിൽ നിന്നും ജാക്കബ് മോഡർ കണ്ടെത്തി.
Discover more from
Subscribe to get the latest posts sent to your email.