അവസാന എൻട്രികൾ ആര്? ചാംപ്യൻസ് ലീഗിൽ ഇന്ന് ആവേശപ്പോരാട്ടം
ചാംപ്യൻസ് ലീഗിന്റെ പുത്തൻ ഫോർമാറ്റിന്റെ പൂർണമായ ഫിക്സ്ചറിന് ഇന്ന് രൂപമാകും. യൂറോപ്യൻ ഫുട്ബോളിന്റെ രാജകീയ ചാംപ്യൻഷിപ്പിലേക്ക് അവശേഷിക്കുന്ന നാല് സ്ഥാനങ്ങളിലേക്കുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ രണ്ടാം പാദത്തിൽ തീപാറുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇന്ത്യൻ സമയം രാത്രി 10.15 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ക്രൊയേഷ്യൻ വമ്പന്മാരായ ഡൈനാമോ സാഗ്രെബും അസർബൈജാൻ ടീം ഖരബാഗും തമ്മിൽ ഏറ്റുമുട്ടും. ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ച സാഗ്രെബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
രാത്രി 12.30 ക്ക് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ സെർബിയൻ ക്ലബ്ബ് റെഡ് സ്റ്റാർ ബെൽഗ്രേഡ് നോർവീജിയൻ ലീഗിലെ പുത്തൻ ശക്തികളായ ബോഡോ എഫ്.സി യെ നേരിടും. ഒന്നാം പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച ബോഡോ എഫ്.സി തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിലെ ആദ്യ ചാംപ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള സ്വപ്ന യാത്രയിലാണ്.
മറ്റൊരു മത്സരത്തിൽ സ്ലോവാക്യൻ ചാംപ്യന്മാരായ ബ്രാറ്റിസ്ലാവ ഡാനിഷ് ക്ലബ്ബ് മിഡ്ജിലാൻഡിനെ നേരിടും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. അവസാന മത്സരത്തിൽ ചെക് ക്ലബ്ബ് സ്ലാവിയ പ്രാഗും ഫ്രഞ്ച് വമ്പന്മാരായ ലില്ലിയും ഏറ്റുമുട്ടും. ആദ്യ പാദത്തിലെ രണ്ട് ഗോളിന്റെ ആധിപത്യം നിലനിർത്താനാകും ലില്ലിയുടെ ശ്രമം.
ടീമുകളുടെ എണ്ണത്തിലും മത്സരഘടനയിലും അടിമുടി മാറ്റങ്ങൾ വരുത്തിയാണ് 2024-25 സീസൺ ചാംപ്യൻസ് ലീഗിന്റെ വരവ്. ക്ലബ്ബ് ഫുട്ബോളിലെ ഗ്ലാമർ ടൂർണമെന്റിൽ സാന്നിധ്യമറിയിക്കാൻ ടീമുകൾ ഇരുമെയ് മറന്ന് പോരാടുമെന്നതിനാൽ ഇന്നത്തെ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക് വിരുന്നാകുമെന്നതിൽ സംശയമില്ല.
Discover more from
Subscribe to get the latest posts sent to your email.
👍🔥