Footy Times

മോഡേൺ ഫുട്‌ബോളിലെ നാഗ്ൽസ്മാൻ കാലം

0 560

 

ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് ജൂലിയൻ നാഗ്ൽസ്‌മാൻ. തന്റെ കോച്ചിംഗ് കരിയറിന്റെ തുടക്കത്തിൽ തന്നെ ‘ജൂനിയർ മൗറീഞ്ഞോ’ എന്ന വിളിപ്പേര് നേടിയെങ്കിലും, ഹോഫെൻഹൈം, ആർ ബി ലെപ്സിഗ്, നിലവിലെ ബുണ്ടസ്ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ടീമുകളിൽ പരിശീലിപ്പിച്ചു വിജയിച്ചതിന് ശേഷം താൻ പുതിയ നാഗ്ൾസ്മാനാണ് എന്ന് തെളിയിച്ചു. പെപ് ഗാർഡിയോളക്ക് ശേഷം മോഡേൺ ഫുട്‌ബോൾ ഫിലോസഫിയിൽ നിർണായകമായ സാന്നിധ്യമായിരിക്കാൻ സാധ്യതയുള്ളയാളാണ് ജൂലിയൻ നാഗ്ൽസ്മാൻ.

ഒരു കളിക്കാരൻ എന്ന നിലക്ക് ഓഗ്‌സ്‌ബർഗിൽ സെന്റർ ബാക്ക് പൊസിഷനിലാണ് നാഗ്ൽസ്മാൻ കളിച്ചിരുന്നത്.എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം 20 വയസ്സിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കേണ്ടി വന്നതിനെ തുടർന്ന് ബിസ്സിനെസിലും സ്പോർട്സ് സയൻസിലും വൈദഗ്ധ്യം നേടി ഓഗ്‌സ്‌ബർഗിൽ തന്റെ കോച്ച് ആയിരുന്ന തോമസ് ടുച്ചേൽന്റെ കീഴിൽ സഹ പരിശീലകാനായി ജോയിൻ ചെയ്തു.

2016 ഫെബ്രുവരിയിൽ ഹോഫെൻഹൈമിന്റെ മുഖ്യ പരിശീലകനായി നിയമിതനാകുമ്പോൾ നാഗൽസ്മാന് പ്രായം വെറും ഇരുപത്തെട്ടു വയസ്സായിരുന്നു. 2016 ഫെബ്രുവരിയിൽ നാഗ്ൽസ്‌മാൻ ക്ലബ്ബ് ഏറ്റെടുക്കുമ്പോൾ, ഹോഫെൻഹൈം ടേബിളിൽ പതിനേഴാംസ്ഥാനത്ത് ലീഗിൽ ഒന്നാം ഡിവിഷനിൽ നിന്നും തരം താഴ്ത്തൽ ഭീഷണിയിലായിരുന്നു. നാഗ്ൽസ്മാന്റെ കീഴിൽ, അവർ ശേഷിക്കുന്ന പതിനാല് മത്സരങ്ങളിൽ ഏഴ്‌ എണ്ണം ജയിച്ച് തരംതാഴ്ത്തൽ ഒഴിവാക്കുകയും ഒന്നാം ഡിവിഷൻ ലീഗിൽ തുടരുകയും ചെയ്തു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് 2016-17 ബുണ്ടസ്‌ലിഗ സീസണിൽ മികച്ച കളി പുറത്തെടുക്കുകയും ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയെടുത്തു.

2019ൽ ആർ ബി ലേപ്‌സിഗിന്റെ ചാർജ് എടുത്ത നാഗ്ൽസ്മാൻ 2020ൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ 4-0 ന് വിജയിച്ചതിനെത്തുടർന്ന്, യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ടൈ നേടിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി മാറി. ഇതേ ടൂർണമെന്റിൽ തന്നെ സ്പാനിഷ് ടീമായ അത്ലറ്റികോ മാഡ്രിഡിനെ തോൽപിച്ച ലെപ്സിഗ് തന്റെ മുൻ കോച്ച് ആയ തോമസ് ടുഷേലിന്റെ പി.എസ്.ജിയോട് തോറ്റു പുറത്താകുകയിരുന്നു.

2021ലാണ് ബുണ്ടസ്ലീഗ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുന്നത്.പ്രസ്തുത സീസണിലെ ലീഗ് ടൈറ്റിലും രണ്ട് ജർമൻ സൂപ്പർ കപ്പുമാണ് ബയേണിലെ പ്രധാന നേട്ടങ്ങൾ.

തന്ത്രപരമായ ട്രെൻഡ്‌സെറ്റർ എന്നതിലുപരി, ടച്ച്‌ലൈനിൽ സവിശേഷമായ ഒരു ഫാഷൻ ശൈലിയും നാഗ്ൽസ്മാനുണ്ട്, പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ താല്പര്യമുള്ള അദ്ദേഹം വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടു കൂടി ആളുകളെ സ്വാധീനിക്കാറുണ്ട്.

പരിശീലനവും തന്ത്രവും

പരിശീലനത്തിൽ നാഗ്ൽസ്മാൻ സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെ കൂടുതൽ ഉപയോഗിച്ചിരുന്നു. സ്ക്വാഡിന്റെ ചലനം ചിത്രീകരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനൊപ്പം, അവരുടെ പ്രധാന പരിശീലന പിച്ചിന്റെ ഹാൽഫ് ലൈനിൽ ഒരു വലിയ വീഡിയോ വാൾ സ്ഥാപിച്ച്‌ കളിക്കാരെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. നാല് ക്യാമറകൾ ഉപയോഗിച്ചാണ് സിസ്റ്റം പ്രവർത്തിക്കുന്നത്, ഹാൽഫ്‌ ലൈനിന് മുകളിലുള്ള ഒരു ടവറിൽ രണ്ടും, ഓരോ ഗോൾ പോസ്റ്റിന് പിന്നിലും ഓരോ കാമറകളുകമാണ് സ്ഥാപിച്ചിട്ടുളത്.ഓരോ ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങൾ എപ്പോൾ വേണമെങ്കിലും സ്‌ക്രീനിൽ കാണിക്കാം, കളിക്കാർക്ക് പ്രത്യേക താൽപ്പര്യമുള്ള പോയിന്റുകൾ കാണിക്കുന്നതിന് ഫൂട്ടേജ് നിർത്താനോ റിവൈൻഡ് ചെയ്യാനോ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ അവർക്ക് അവസരം നൽകുന്നു. തന്റെ പക്കലുള്ള നാല് ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് കൂടുതൽ വിശദമായി സാഹചര്യങ്ങൾ വിശദീകരിക്കാൻ ഇത് നാഗ്ൽസ്മാന് അവസരം നൽകി.

ഒരു പ്രത്യേക ഫോർമേഷനെ ഞാൻ ഇഷ്ടപ്പെടുന്നില്ല, കാരണം അത് സംഖ്യകൾ മാത്രമാണ് എന്ന് പറയാറുള്ള നാഗ്ൽസ്മാൻ പതിനൊന്ന് കളിക്കാരെയും പലരൂപത്തിൽ വിന്യസിച്ചു കളിപ്പിക്കാറുണ്ട്. ഡിഫൻസ് പൊസിഷനിൽ മൂന്നോ നാലോ പേരെ വെച്ചു രണ്ട് ഫുൾ ബാക്കുകളിൽ ഒരാളെ അറ്റാക്ക് ചെയ്യാൻ വിട്ടും ഒരാളെ ഡിഫെൻഡ് ചെയ്യാൻ നിർത്തിയുമാണ് നാഗ്ൽസ്മാൻ കളിപ്പിക്കുക. ഒരു സെന്റർ ഫോർവേഡ് പോലുമില്ലാതെ അറ്റാക്കിങ്ങ് ഫുട്‌ബോൾ കളിക്കാൻ ശ്രമിക്കാറുള്ള നാഗ്ൽസ്മാൻ ഏത് ഫോർമേഷനിലും കളിക്കാൻ പ്രാപ്തരാക്കാൻ അദ്ദേഹം തന്റെ കളിക്കാരെ പരിശീലിപ്പിച്ചു.ഉദാഹരണത്തിന് ഒരു കളിക്കാരനെ അയാളുടെ പൊസിഷന്റെ മാക്സിമം പുറത്തെടുക്കാൻ ബഹുമുഖമായി വാർത്തെടുക്കുക. വൈഡ് ആയി സ്പേസ് പ്രൊവൈഡ് ചെയ്തും ഹാൾഫ്‌ മിഡ് സ്പേസിലും ഒരേ സമയം വിങ്ങർ പൊസിഷൻ എക്‌സ്പ്ലോർ ചെയ്യുകയാണ് ലിറോയ്‌ സാനെയിലൂടെ.ഇങ്ങനെ ഫോർമേഷനിലും ലൈൻ അപ്പിലും നാഗ്ൾസ്മാൻ നിലനിർത്തുന്ന പ്രവചനാതീതത ബയേണിനെതിരെ കളി മെനയുന്നതിൽ എതിർ ടീമുകളെ വലിയൊരളവിൽ പരിമിതപ്പെടുത്തിയിരുന്നു. ഒരു എലൈറ്റ് പേഴ്‌സണലിറ്റിയും എപ്പോഴും അപ്ഡേറ്റ് ചെയ്ത് മുന്നോട്ട് പോകുന്ന ടാക്ടിക്സും കൈമുതലായുള്ള നാഗ്ൽസ്മാൻ ഉടനെ തന്നെ ഒരു ബിഗ് ക്ലബ്ബിലേക്ക് കയറും എന്ന് പ്രതീക്ഷിക്കാം. പ്രീമിയർ ലീഗ് ക്ലബ്ബ് ആയ ടോട്ടൻഹാം ഹോട്ട്സ്‌പർസ്, സ്പാനിഷ് ജയന്റ്സ് റയൽ മാഡ്രിഡ് എന്നിവർ നാഗ്ൽസ്മാനെ അടുത്ത മാനേജർ ആയി പരിഗണിക്കുന്നു എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.