Footy Times

ഹിഗ്വിറ്റയുടെ തിരുത്ത്

0 1,115

ഒരു കാലത്ത് കാൽപന്തുകളിയുടെ ഈറ്റില്ലമായിരുന്നു യൂറോപ്പ്. ഫുട്ബോളിന്റെ ജന്മദേശം എന്ന നിലക്ക് ലോകമെമ്പാടും യൂറോപ്പിന്റെ കളിക്കമ്പം കൊട്ടിയാഘോഷിക്കപ്പെട്ടു. സ്വാഭാവികമായും, കാലാനുസൃതമായുള്ള പരിവർത്തനം ഫുട്ബോൾ ലോകത്തും അനുഭവപ്പെട്ടു. യൂറോപ്യൻ കാൽപന്തുകളിയുടെ ഭൂമികയും അതിന്റെ ഭാവനാ ലോകവും ഫുട്ബോൾ പ്രേമികളുടെ ആരാധന സാർവലൗകികതയിൽ നിന്നും പതിയെ തെന്നിമാറാൻ തുടങ്ങി.

കാൽപന്തു കളിയിൽ മനോഹാരിതയുടെയും സൗന്ദര്യത്തിന്റെയും മകുഡോദാഹരണമായ ലാറ്റിനമേരിക്കൻ ഫുട്ബോളിലേക്കുള്ള ഗതിമാറ്റത്തിനാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ആൽഫ്രഡ് ഡി സ്റ്റെഫാനോ, പെലെ, ഡിയേഗോ മറഡോണ എന്നിവരിൽ നിന്നു തുടങ്ങി ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരിൽ വരെ എത്തിനിൽക്കുന്നു ആ വശ്യത.

പ്രതിഭാസമ്പന്നമായ ഈ ചരിത്രത്തിൽ, അദ്വിതീയമായ ചില പേരുകൾ കൂടി ചേർക്കപ്പെടേണ്ടതുണ്ട്. അതിലൊന്നാണ് വിഖ്യാത കൊളംബിയൻ ഗോൾ കീപ്പറായ ജോസേ റെനെ ഹിഗ്വിറ്റ. ആനന്ദദായകമായ കവിതകൾ ആവർത്തിക്കപ്പെടാറില്ല എന്ന് കവിതകളെ കുറിച്ച് പറയാറുണ്ട്.

അത്തരത്തിൽ, ഫുട്ബോളാൽ രചിക്കപ്പെട്ട കവിതയാണ് റെനെ ഹിഗ്വിറ്റ. ലോകം ആ പേര് മറക്കുന്നതെങ്ങനെ? “യെല്ലോക്കോ” എന്നായിരുന്നു കൊളംബിയക്കാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. “ഭ്രാന്തൻ” എന്നർത്ഥം വരുന്ന ആ വാക്ക് അദ്ദേഹത്തിന് തീർത്തും യോജിച്ചതായിരുന്നു. ഗോൾപോസ്റ്റ് അവശേഷിപ്പിക്കുന്ന വിരസമായ ഏകാന്തത അയാളിലെ ഗോൾകീപ്പറെ ഭ്രാന്തനാക്കിയിരുന്നു.

അദ്ദേഹത്തെപ്പോലെ തന്നെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. കടന്നുവന്ന വഴികൾ ഏറെ ദുഷ്കരമായിരുന്നു. കൊളംബിയൻ ലഹരി വിപണിയിലെ അപ്പോസ്തലന്മാരായ പാബ്ലോ എസ്കോബാറിനും കാർലോസ് മോളിന യെപ്സിനുമിടയിൽ ഒരു ശത്രുത നിലനിന്നിരുന്നു. ലഹരിയിലെന്നപോലെ മറ്റുകാര്യങ്ങളിലും അവർ ആനന്ദം കണ്ടെത്തി.

അതിലൊന്നായിരുന്നു കായിക വിനോദം. അവയിൽ മുഖ്യസ്ഥാനം നൽകിയിരുന്നത് ഫുട്ബോളിനും റഗ്ബിക്കും. വിവിധ ക്ലബ്ബുകൾക്കായി അവർ പണം വാരിയെറിഞ്ഞു. ഇവരിലെ ശത്രുതയുടെ മുഖ്യകാരണം മോളിനയുടെ മകളെ എസ്കോബാർ തട്ടിക്കൊണ്ടുപോയി എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ വിധിയുടെ വിളയാട്ടം ഹിഗ്വിറ്റയെ തേടിയെത്തി.

പ്രതിലോമകരമായ ഈ ശത്രുതയുടെ ഇടയിൽ പെട്ടുപോകുന്ന അവസ്ഥ വരെ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. പോസ്റ്റിലേക്ക് വരുന്ന വെടിയുണ്ടകളെ തടുക്കുന്ന ലാഘവത്തോടെ എല്ലാ പ്രശ്നങ്ങളെയും റെനെ നേരിട്ടു. ഒറ്റപ്പെടലിന്റെ ചങ്ങലകൾ പൊട്ടിച്ചെറിന് ഫോർവേഡുകളെക്കാൾ വേഗത്തിൽ അയാൾ പന്തിനു പുറകെ പാഞ്ഞു. പെനാൽറ്റി ബോക്സിലെ ഗോൾകീപ്പർമാരുടെ ലക്ഷ്മണരേഖകളും കുമ്മായവരകളൊന്നും ഹിഗ്ഗിറ്റ എന്ന കൊളംബിയൻ ഗോളിക്ക് അതിർത്തി നിശ്ചയിച്ചില്ല.

മൈതാന മധ്യത്ത് റെനെ സ്വതന്ത്രനായി വിഹരിച്ചു. നീട്ടി വളർത്തിയ, അലസമായി പാറിപ്പറക്കുന്ന മുടിയുമായി പെനാൽറ്റി ബോക്സ് വിട്ട് പന്ത് തട്ടി മൈതാന മധ്യം വരെയെത്തി കാണികളെ ആനന്ദിപ്പിച്ചു കൊണ്ടിരുന്നയാൾ, പെട്ടെന്നൊരു ദിവസം വില്ലനായി മാറി. അമിതമായ ആത്മവിശ്വാസം തന്നെയായിരുന്നു ഹിഗ്വിറ്റയ്ക്ക് വിനയായത്. ലോകകപ്പ് പ്രീക്വാർട്ടറിൽ കാമറൂണിനെതിരായ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ആ പിഴവ് ഹിഗ്വിറ്റയെ വില്ലനാക്കിയത്.

കോർണർ ഫ്ലാഗിനു മുമ്പിൽ റോജർ മില്ലെയെന്ന ആഫ്രിക്കൻ കരുത്ത് ആഘോഷ നൃത്തമാടുമ്പോൾ, ഒരു ലോകകപ്പ് തന്നെ തുലച്ചതിന്റെ സങ്കടഭാരത്തിൽ ഹിഗ്വിറ്റ തലകുനിച്ചു നിന്നു. കാമറൂൺ പകുതിയിൽ നിന്നെത്തിയ പന്ത് മൈതാന മധ്യത്തിലെത്തി തട്ടിയ ഹിഗ്വിറ്റ ഡിഫൻഡർക്ക് മറിച്ചു നൽകി. അവിടെ വരെ കാര്യങ്ങൾ ശാന്തമായിരുന്നു. പക്ഷേ, ആ പന്ത് തിരിച്ച് റിസീവ് ചെയ്ത ഹിഗ്വിറ്റ റോജർ മില്ലെ എന്ന 38 കാരനെ അണ്ടർസ്റ്റിമേറ്റ് ചെയ്തു.

തട്ടിയകറ്റേണ്ട പന്തിനെ, മിന്നൽ വേഗത്തിലെത്തിയ മില്ലെയെ ട്രിബിൾ ചെയ്യാൻ റെനെ തുനിഞ്ഞ നിമിഷത്തിൽ കൊളംബിയ തോറ്റു. ഹിഗ്വിറ്റയിൽ നിന്ന് പന്ത് റാഞ്ചിയ മില്ലെ അനായാസം വലയിലേക്ക് തട്ടിയിട്ടു. സബ്ബായി ഇറങ്ങിയ ആ 38കാരൻ തന്റെ ലോകകപ്പിലെ നാലാം ഗോൾ. ഗോൾ നേടിയതിനുശേഷമുള്ള മില്ലെയുടെ ആഹ്ലാദപ്രകടനം
അന്നത്തെ ലോകകപ്പിന്റെ തന്നെ അവിസ്മരണീയ കാഴ്ചകളിലൊന്നായിരുന്നു.

ഒരു ഗോളിന് മുന്നിട്ടുനിന്ന കൊളംബിയയ്ക്ക് എക്സ്ട്രാ ടൈമിൽ കാമറൂണിന്റെ വക ഇരട്ടപ്രകാരം. ഫലം ലോകകപ്പിൽ നിന്നും പുറത്ത്. 1962ൽ ഒരേയൊരു തവണ മാത്രം ലോകകപ്പ് കളിച്ച കൊളംബിയയെ സംബന്ധിച്ചിടത്തോളം ക്വാർട്ടർ ഫൈനലിലേക്ക് കടക്കാനുള്ള അവസരമാണ് നഷ്ടമായത്. പിന്നീട് 94 ലും 98 ലും അവർ ലോകകപ്പിനെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുവാനായിരുന്നു വിധി.

94ലെ പിഴവിന്റെ പേരിലാണ് എസ്കോബാറിനെ സ്വന്തം രാജ്യത്തെ മാഫിയ സംഘം വെടിവെച്ച് കൊന്നെതെന്നോർക്കണം. എന്നാൽ, 90ലെ പിഴവിന്റെ പേരിൽ സ്വന്തം ആരാധകരോ ടീം അംഗങ്ങളോ റെനെയെ തള്ളിപ്പറഞ്ഞില്ല. തോൽവിക്ക് ശേഷം ഡ്രസിങ് റൂമിലേക്ക് തലകുനിച്ചു നടക്കുന്ന റെനെയെ ഹർഷാരവങ്ങളോടുകൂടിയാണ് കാണികൾ സ്വീകരിച്ചത്. കാരണം, കേവലമൊരു പിഴവിന്റെ പേരിൽ ബലിയാക്കപ്പെടേണ്ട താരമായിരുന്നില്ല ഹിഗ്വിറ്റ.

68 അന്താരാഷ്ട്ര മത്സരങ്ങളിൽ കൊളംബിയൻ ഗോൾമുഖം കാത്ത റെനെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണ്. തൻറെ സ്വതസിദ്ധമായ സ്കില്ലുകൾ കൊണ്ട് ആനന്ദദായകമായ ധാരാളം നിമിഷങ്ങൾ സമ്മാനിച്ച പ്രതിഭ.

വർഷം 1995 സെപ്റ്റംബർ 6, ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുന്നു. ഇംഗ്ലണ്ടിന്റെ മധ്യനിരതാരം ജാമി റെഡ്നാപ്പിന്റെ ഒരു ക്രോസ് ഹിഗ്വിറ്റയിലേക്ക് വരുന്നു. സ്വാഭാവികമായും, പന്ത് കൈപ്പിടിയിലൊതുക്കുമെന്ന് കാണികളൊന്നടങ്കം വിശ്വസിച്ചു. എന്നാൽ, അവർ അന്നേവരെ കാണാത്ത അത്ഭുതമുളവാക്കുന്ന ഒരു മാസ്മരിക നിമിഷത്തിനായിരുന്നു ആ സ്റ്റേഡിയം സാക്ഷിയായത്. ലോകോത്തര ഗോൾകീപ്പർമ്മാറാരും ഇന്നേവരെ ആ സാഹസ്യത്തിന് മുതിർന്നിട്ടില്ല. കാരണം, 90 മിനിറ്റ് വരെ കളിച്ച് തന്നിലേക്ക് വരുന്ന ഷോട്ടുകളെ മാത്രം നേരിട്ടുകൊണ്ട് ക്ലീൻ ഷീറ്റ് വാങ്ങിപ്പോകുന്ന ഒരു പ്രവണത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലുണ്ടായിരുന്നില്ല. തന്നിലേക്ക് വരുന്ന പന്തിന്റെ മൂവ്മെന്റ് കൃത്യമായി ജഡ്ജ് ചെയ്ത റെനെ, തന്റെ പൊസിഷനിൽ നിലയുറപ്പിച്ച് ഒരു അഭ്യാസിയെ പോലെ നിന്ന നിൽപ്പിൽ മുമ്പിലേക്ക് ചാടി പിൻകാലുകൊണ്ട് പന്തിനെ കുത്തിയകറ്റി.

അസൂയാവഹമായ ഈ പ്രകടനത്തെ “Remarkable piece of goalkeeping” എന്നാണ് അന്ന് കമന്റേറ്റർസ് വിശേഷിപ്പിച്ചത്. പിന്നീടതിനെ ഫുട്ബോൾ ലോകം ” സ്കോർപിയോൺ കിക്ക്” എന്ന് ഓമനപ്പേരിട്ട് വിളിച്ചു. വർഷങ്ങളുടെ അധ്വാനഫലമായി തേച്ചു മിനുക്കിയെടുത്ത ഈ കിക്ക് പിന്നീടൊരിക്കലും ആവർത്തിക്കപ്പെട്ടില്ല. ഇനിയത് ആവർത്തിക്കപ്പെടാനും സാധ്യതയില്ല. അന്നേവരെ നിലനിന്നിരുന്ന വാർപ്പുമാതൃകകളെയെല്ലാം തകർത്തുകൊണ്ട് അദ്ദേഹം രൂപീകരിച്ച പ്രത്യയശാസ്ത്രം, ഫുട്ബോൾ ലോകത്തെ യൊന്നാകെ ആവേശഭരിതമാക്കിയ വിപ്ലവമായി മാറി. ഫുട്ബോളിനെ അതിൻറെ പരിമിതപ്പെട്ട ആനന്ദാവൃത്തത്തിൽ നിന്ന് പുറത്തു കൊണ്ടുവരാൻ റെനെയ്ക്ക് സാധിച്ചു. ഈ ഔന്നിത്യമാണ് ജോസെ റെനെ ഹിഗ്വിറ്റ എന്ന കൊളംബിയൻ ഫുട്ബോളറെ അനശ്വരനാക്കുന്നത്.