Footy Times

ഗോര്‍ഡന്‍ ബാങ്‌സിന്റെ നൂറ്റാണ്ടിന്റെ സേവ്‌

0 578

കളിപ്രേമികൾക്കിടയിൽ കായികതാരങ്ങൾ പലപ്പോഴും ഓർമ്മിക്കപ്പെടാറുള്ളത് തങ്ങൾ അവരുടെ കരിയറിൽ നേടിയ ഒരു അവസ്മരണീയ നേട്ടത്തിലൂടെയായിരിക്കും. സർ ഡൊണാൾഡ് ബ്രാഡ്മാന്റെ 99.94 എന്നുള്ള സ്ട്രൈക്ക് റേറ്റും, അഭിനവ് ബിന്ദ്രയുടെ 2008 ബെയിജിംഗ് ഒളിമ്പിക്സിലെ സ്വർണവുമൊക്കെ അതിനുദാഹരണമാണ്. എന്നാൽ, മുൻ ഇംഗ്ലീഷ് ഗോൾകീപ്പറായ ഗോർഡൻ ബാങ്ക്സിനെ സംബന്ധിച്ചിടത്തോളം, 1970ലെ മെക്സിക്കോ ലോകകപ്പിൽ ഫുട്ബോൾ രാജാവ് സാക്ഷാൽ പെലെയ്ക്കെതിരെ നടത്തിയ അവിശ്വസനീയമായ ഒരു ഗോൾ സേവായിരുന്നു. “നൂറ്റാണ്ടിലെ സേവ്” എന്ന് കാൽപന്ത് ലോകത്ത് പിന്നീടത് വിശേഷിക്കപ്പെട്ടു. കാലത്തോടൊപ്പം സഞ്ചരിച്ച ഈ രക്ഷപ്പെടുത്തലിനെ ചുറ്റിപ്പറ്റിയുള്ള പ്രഭാവലയം, ഇപ്പോഴും ഒരു മിത്തായി നിലനിൽക്കുന്നു.

1970 ജൂൺ 7 മെക്സിക്കോയിലെ ഗ്വാലജാര സ്റ്റേഡിയത്തിൽ ബ്രസീലും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്നു. അക്കാലത്തെ ലോകോത്തര കളിക്കാരായ പെലെയും ജെയ്സീഞ്ഞോയും ബോബി മൂറും ജോർജ്ജ് ഹേഴ്സ്റ്റുമൊക്കെയായിരുന്നു കളിക്കളത്തിന്റെ ഇരുഭാഗത്തുമായി അണിനിരന്നത്. കളിയുടെ തുടക്കം മുതലേ ഇംഗ്ലണ്ട് ബോക്സിലേക്ക് ബ്രസീൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. പതിയെ കളിയുടെ അപ്രമാദിത്വം ഏറ്റെടുത്ത ബ്രസീൽ, മത്സരത്തിന്റെ പത്താം മിനിറ്റിൽ അതിമനോഹരമായ ഒരു മുന്നേറ്റം നടത്തി. ഇംഗ്ലണ്ട് ഡിഫൻഡറായ ടെറി കൂപ്പറെ വകഞ്ഞു മാറ്റിക്കൊണ്ട് ബ്രസീൽ താരം ജെയ്സീഞ്ഞോ പെലെയെ ലക്ഷ്യമാക്കി ഒരു ക്രോസ് നൽകുന്നു.

ക്രോസിനേക്കാൾ മികച്ചുനിന്നത് ബോളിനെ ഉന്നംവെച്ചുക്കൊണ്ടുള്ള പെലെയുടെ കുതിപ്പും ചാട്ടവുമായിരുന്നു. ഇംഗ്ലീഷ് പ്രതിരോധത്തിന് മുകളിലൂടെ ഒരു കുതിരയെ കണക്കെ ചാടി, സുന്ദരമായ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ പന്തിനെ ഗോൾപോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഗോർഡൻ തീർത്ത ഡെഡ് ലോക്ക് തകർത്തു എന്ന വിശ്വാസത്തിൽ പെലെ തിരികെ ലാൻഡ് ചെയ്തു.

കളിക്കിടെ പകർത്തിയ ഒരു ഫോട്ടോയിൽ, ഗോളെന്നുറച്ചുക്കൊണ്ടുള്ള പെലെയുടെ ആഘോഷപ്രകടനം കാണുവാൻ കഴിയും. എന്നാൽ, അതിശയകരമായ ഒരു റിഫ്ലെക്സ്‌ സേവിലൂടെ പന്തിനെ ക്രോസ്ബാറിന്റെ മുകളിലൂടെ പായിച്ചുകൊണ്ട് ഗോർഡൻ പെലെയെ സ്തബ്ധനാക്കി.

സേവ് ചെയ്യുന്നതിനുമുമ്പും അതിനുശേഷവുമുള്ള പെലെയുടെ പ്രതികരണവും, തുടർന്നുള്ള അദ്ദേഹത്തിൻറെ അഭിനന്ദനവുമൊക്കെയാണ് ഗോർഡൻ ഇന്നും കളി പ്രേമികൾക്കിടയിൽ ഒരു ഹൃദ്യമായ ഓർമ്മയായി നിലനിൽക്കുന്നത്. ഈയൊരു രക്ഷപ്പെടുത്തൽ, പിൽക്കാലത്ത് അവർക്കിടയിൽ വർഷങ്ങളോളം നീണ്ടുനിന്ന സൗഹൃദത്തിന് വരെ നിമിത്തമായി.

2019ൽ, ഗോർഡന്റെ മരണവേളയിൽ, പ്രസ്തുത സംഭവത്തെ പെലെ ഓർത്തെടുക്കുകയുണ്ടായി.”ആ ഹെഡർ സ്കോർ ചെയ്യുമെന്നതിൽ എനിക്ക് അത്രമാത്രം ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഗോർഡന്റെ രക്ഷപ്പെടുത്തൽ എന്നെ വളരെയധികം സന്തോഷവാനാക്കി”, പെലെ വികാരഭരിതനായി.

1966ൽ ഇംഗ്ലണ്ടിനൊപ്പമുള്ള ലോകകപ്പ് കിരീടവും, ആറുവട്ടം ഫിഫയുടെ ബെസ്റ്റ് ഗോൾകീപ്പർ അവാർഡും നേടിയ ബാങ്ക്സ്, ത്രീ ലയൺസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി ഇന്നും വാഴ്ത്തപ്പെടുന്നു. അത്ഭുതമുളവാക്കുന്ന കായികകൗശലം ഉള്ളടങ്ങിയിരിക്കുന്ന “നൂറ്റാണ്ടിൻറെ രക്ഷപ്പെടുത്തലാണ്” അദ്ദേഹത്തെ അനശ്വരനാക്കുന്നത്.