Footy Times

മൊറോക്കോ: ചരിത്രത്തിലെ അറ്റ്ലസ് സിംഹങ്ങൾ

0 509

ഏതൊരു യൂറോപ്പിതര രാജ്യങ്ങളെയും പോലെ മൊറോക്കോയും അതിന്റെ ചരിത്രപരമായ കാരണങ്ങളാലാണ് അഥവാ ഫ്രഞ്ച് അധിനിവേശത്തിലൂടെയാണ് ഫുട്ബോളിനെ അറിഞ്ഞത്. തുടക്കകാലങ്ങളിൽ ഫുട്ബോളിനെ ഒരു ഫ്രഞ്ച് അധീശത്വ വിനോദമായിക്കണ്ട് നിരസിച്ചുവെങ്കിലും പതിയെ മൊറോക്കൻ തെരുവുകൾ ഫുട്ബോളിനെ ഏറ്റെടുക്കുകയായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു യൂറോപ് കാല്പന്തിനെ അവതരിപ്പിച്ചത്. മൊറോക്കോയെ അധീനപ്പെടുത്തിയ ഫ്രാൻസ്, 1916ലാണ് മൊറോക്കോയിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ ലീഗ് മത്സരങ്ങൾ നടത്താൻ തീരുമാനിക്കുന്നത്, അതോടുകൂടി ഫ്രാൻസിന്റെ പ്രൊമോഷൻ ക്യാറ്റഗറിയിൽ ഉൾപ്പെട്ട അൾജീരിയൻ ലീഗ്, ഒറാൻ ലീഗ്, തുനീഷ്യൻ ലീഗ് എന്നിവക്കൊപ്പം മൊറോക്കൻ ലീഗും ചേർക്കപ്പെട്ടു.

1950 കളിൽ ഫ്രഞ്ച് അധിനിവേശത്തിൽ നിന്നും സ്വന്തന്ത്ര രാജ്യമായി മാറിയപ്പോഴേക്കും മൊറോക്കോയിലെ പ്രധാന വിനോദമായി ഫുട്ബോൾ മാറിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന് ഒരു വർഷം മുമ്പ് 1955 ലെ റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷന്റെ രൂപീകരണത്തോടുകൂടി ഫ്രാൻസിന്റെ പ്രൊമോഷൻ ലീഗുകളിൽ നിന്നുകൂടിയാണ് മൊറോക്കോ മോചിതമായത്. അതിന്റെ ഭാഗമായി 1956ൽ ലീഗ് ഓഫ് മൊറോക്കോ നിർത്തലാക്കുകയും സ്വതന്ത്രമായി മൊറോക്കൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന് തുടക്കംകുറിക്കുകയും ചെയ്തു.

അധിനിവേശ വിനോദം എന്നതിൽനിന്നും ഫുട്ബോളിനെ പരിവർതിപ്പിച്‌ സ്വന്തമായി ലീഗുകൾ തുടങ്ങുന്നതിൽ ഒരു മനപ്പൂർവ്വത അനുഭവപ്പെടുന്നു എന്നതാണ് അവർ കാല്പന്തിനെ സ്നേഹിക്കിന്നുണ്ടെന്നതിനുള്ള വലിയ തെളിവ്.

ദേശിയ ടീം രൂപീകരിച്ചതിനു ശേഷം 1957 ഒക്ടോബറിൽ ലെബനനിൽ വെച്ച് നടന്ന അറബ് ഗെയിംസിൽ ഇറാനോടൊപ്പമായിരുന്നു മൊറോക്കോയുടെ ആദ്യ മത്സരം. മൂന്നു ഗോളുകൾ നേടിക്കൊണ്ട് സമനിലയിലാണ് മത്സരം അവസാനിച്ചത്.

1968 ൽ മെക്സിക്കോയിൽ സംഘടിപ്പിച്ച ഒളിമ്പിക്സിന്റെ യോഗ്യത മത്സരത്തിൽ യോഗ്യത നേടിയെങ്കിലും ഇസ്രായേലുമായി കളിക്കാൻ തങ്ങളില്ലെന്ന് പറഞ്ഞു കൊണ്ടാണ് മോറോക്കൻ ദേശീയ ടീം അന്താരാഷ്ട്ര ഫുട്ബോളിൽ വരവറിയിച്ചത്.

പിന്നീട്, ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ് (1976), ഫിഫ അറബ് കപ്പ്‌ (2012), ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ് (2018,2020) എന്നീ കിരീടങ്ങൾ നേടിക്കൊണ്ടായിരുന്നു ഉത്തരാഫ്രിക്കയിലെ അറ്റ്ലസ് സിംഹങ്ങൾ മുന്നേറിയത്.

ലോകകപ്പിൽ 1970 ൽ ആദ്യമായി പങ്കെടുത്തുവെങ്കിലും 1986 ലായിരുന്നു മികച്ച പ്രകടനം കാഴ്ചവെക്കാൻ മൊറോക്കോക്കായത്.

മേക്സിക്കോയിൽ വെച്ച് നടന്ന 1986 ലോകകപ്പിൽ പോർച്ചുഗൽ, പോളണ്ട്, ഇംഗ്ലണ്ട് എന്നീ യൂറോപ്പിലെ വമ്പന്മാരുടെ ഗ്രൂപ്പിലായിരുന്നു മൊറോക്കൻ പടയുണ്ടായിരുന്നത്. അതിൽ ഇംഗ്ലണ്ടിനെയും പോളണ്ടിനെയും സമനിലയിൽ തളച്ച മൊറോക്കോ പോർച്ചുഗലിനെ 3-1 ന് പരാചയപ്പെടുത്തി റൗണ്ട് ഓഫ് 16 ൽ ഇടം നേടുകയും ചെയ്തു. ശേഷം വെസ്റ്റ് ജർമനിയുമായി പരാജയപ്പെട്ടുവെങ്കിലും തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയായിരുന്നു അവർ. ആ ലോകകപ്പിൽ ആദ്യ റൗണ്ടിൽ നിന്നും റൗണ്ട് ഓഫ് 16 ൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡ് കൂടി നേടിക്കൊണ്ടായിരുന്നു അവർ മെക്സിക്കോ വിട്ടത്.

2018 ലോകകപ്പിൽ പോർച്ചുഗൽ ഉൾപ്പെടുന്ന ഇറാൻ, സ്പെയിൻ എന്നീ വമ്പന്മാരുള്ള ഗ്രൂപ്പിലായിരുന്നു മൊറൊക്കോ ഉൾപ്പെട്ടിരുന്നത്. ആദ്യ മത്സരത്തിൽ ഇറാനുമായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും 1-0 ത്തിന് തോൽവി വഴങ്ങേണ്ടിവന്നു. അതും ഒരു സെൽഫ് ഗോളിന്. രണ്ടാമത്തെ മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ടപ്പോഴും അതു തന്നെയായിരുന്നു ഫലം, കൃസ്റ്റിയാനോ റൊണാൾഡോ നേടിയ ഒരു ഗോളിനായിരുന്നു അന്ന് പോർച്ചുഗലിന്റെ വിജയം. പക്ഷെ സ്പെയിനുമായി കൊമ്പുകോർത്തപ്പോൾ ഖാലിദ് ബൊത്തെയ്ബ്, യുസുഫ് അന്നസൂരി എന്നിവർ നേടിയ 2-1 ന്റെ ലീഡ് നിലനിർത്താനായില്ല. തൊണ്ണൂറ്റി രണ്ടാം മിനുട്ടിൽ ആസ്പസ് നേടിയ ഗോളിലൂടെ മൊറോക്കൊയുടെ ചരിത്ര നേട്ടത്തിന് സ്പെയിൻ വിലങ്ങിടുകയായിരുന്നു.

നിലവിൽ പിഎസ്ജിയിലെ മികച്ച റൈറ്റ് ബാക്ക് അഷ്‌റഫ്‌ ഹാകിമി, ബയേൺ മ്യൂണിക്കിലെ നുസൈർ മസോരി, ചെൽസിയുടെ മധ്യനിര താരം ഹാക്കിം സെയിച്ച് തുടങ്ങി ഇംഗ്ലീഷ് പ്രമിയർ ലീഗിലെയും ലാലിഗയിലെയും മുൻനിര ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുമായാണ് വലീദ് റെഗ്രാഗയുടെ മൊറോക്കൻ പട ഇത്തവണ ഖത്തറിൽ വിമാനമിറങ്ങിയത്. പതിവുപോലെ യൂറോപ്പിലെ വമ്പന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ തന്നെയാണ് മൊറോക്കോ ഇത്തവണയുമുള്ളത്.

2018 ലെ ഗോൾഡൻ ബൂട്ട് ജേതാവായ ലൂക്കാ മോഡ്രിച്ച് നയിക്കുന്ന നിലവിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, ഗോൾഡൻ ഗ്ലൗ ജേതാവ് കോർട്ടുവ ഉൾപ്പെടുന്ന മൂന്നാം സ്ഥാനക്കാരായ ബെൽജിയം എന്നിവരെയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മൊറൊക്കോ നേരിട്ടത്. ക്രൊയേഷ്യയേ സമനിലയിൽ തളക്കുകയും ബെൽജിയത്തെ 2-0 ത്തിന് തകർക്കുകയും ചെയ്തിരുക്കുകയുമാണ് നിലവിൽ ഉത്തരാഫ്രിക്കൻ വമ്പന്മാർ. നിരവധി ആഫ്രിക്കൻ, ഏഷ്യൻ അട്ടിമറികൾ സംഭവിച്ച ഖത്തറിൽ അറ്റ്ലസ് സിംഹങ്ങൾ ചരിത്ര നേട്ടമുണ്ടാക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും മെനയുന്നുണ്ടെന്നതിൽ സംശയമില്ല.