Footy Times

ഫുട്ബാൾ: ചില ആലോചനകൾ

0 1,200

എന്താണ് ഫുട്ബോൾ എന്നതാണ് അടിസ്ഥാന ചോദ്യം? ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ കായിക കാഴ്ചയാണ് മനുഷ്യനു നൽകുന്നത്. അതുകൊണ്ടുതന്നെ, മനുഷ്യാവസ്ഥയെ മനസ്സിലാക്കുന്നതിൽ ഈ ചോദ്യത്തിന്റെ പ്രതികരണത്തിന് വലിയ പ്രസക്തിയുണ്ട്. ഒരു വ്യക്തിയോ ടീമോ മറ്റൊരാളുമായോ മറ്റുള്ളവരുമായോ വിനോദത്തിനായി മത്സരിക്കുന്ന ശാരീരിക അദ്ധ്വാനവും നൈപുണ്യവും ഉൾപ്പെടുന്ന ഒരു പ്രവർത്തനം എന്നതാണ് പൊതുവെ കായികം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അതിനപ്പുറം പ്രത്യേകമായ ഒരു അനുഭൂതി ഫുട്ബോൾ കളിക്കുന്നതിലും, അതു കാണുന്നതിലും ആസ്വാദനത്തിലും ഉണ്ടോ എന്ന് ആലോചിക്കാവുന്നതാണ്.

ഫുട്ബോളും ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾ അർഥശൂന്യമായി കരുതുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ഫുട്ബോൾ ആസ്വദിക്കുന്നവർ തന്നെ ആരാധകവൃന്ദത്തിന്റെ ആഘോഷത്തിൽ വലിയ തോതിൽ അർത്ഥമില്ലായ്മ കാണുന്നവർ ആണ്. ഫുട്ബോളിനെ ഗൗരവമുള്ളതായി കാണാൻ സാധിക്കുക അതിന് ഏതെങ്കിലും നിലക്കുള്ള പ്രാധാന്യം സങ്കൽപ്പിച്ചു നൽകുമ്പോഴാണ്. ഫുട്ബോളുമായി ബന്ധപ്പെട്ട വ്യക്തമായ ഒരു മിത്ത്/ഫിക്ഷൻ സൃഷ്ടിക്കുക എന്നത് ഈ പ്രാധാന്യം സങ്കൽപ്പിക്കുന്നതിന് അനിവാര്യമാണ്. അത്തരം ഒരു ഫിക്ഷൻ/മിത്ത് നമ്മുടെ സാധാരണ/യഥാർഥ ജീവിതത്തിന്റെ പുറത്തു നിൽക്കുന്നത് കൊണ്ടുതന്നെ (ഇതും ചോദ്യം ചെയ്യാവുന്ന ഒന്നാണ്) ഈ പ്രാധാന്യവും ഗൗരവുമെല്ലാം വിനോദത്തിന് വേണ്ടിയാണ് എന്നത് ഒരുപക്ഷേ ഇതിലെ വിരോധാഭാസമാണ്. ചുരുക്കത്തിൽ ഇത് ഗൗരവമായി എടുക്കാൻ കേവലം കളിക്കുക, കണ്ടാസ്വദിക്കുക എന്നതു മാത്രം ചെയ്താൽ പോരെ. അതിൽ വിശ്വസിക്കണം. യഥാർഥ ജീവിതത്തിനു പുറത്തു നിൽകുന്നു എന്നതിനാൽ ഇത് അനാവശ്യമാകുമ്പോൾ തന്നെ പ്രേത്യേകമായ ഒരു ഫിക്ഷൻ സൃഷ്ടിച്ചെടുത്ത് അതിൽ വിശ്വാസമർപ്പിക്കുന്നിടത്താണ് ഫുട്ബോൾ അസാധാരണമാക്കുന്നത് എന്ന് സ്റ്റീഫൻ ബോർഗിനെ പോലെയുള്ള ചിന്തകർ നിരീക്ഷിക്കുന്നുണ്ട്. ഈ വിശ്വാസം സാധരണയായി ഉപയോഗിച്ചു വരുന്ന ‘വിശ്വാസം’ എന്ന സംജ്ഞയെക്കാൾ ലളിതവും കൂടുതൽ ശാരീരികവുമായ അവസ്ഥയെ സൂചിപ്പിക്കുന്ന അലീഫ് (Alief) എന്ന പദമാണ് ബോർഗ് ഉപയോഗിക്കുന്നത്.

ഒരുപക്ഷേ, അത് പ്രധാനമാണെന്ന ഫുട്‌ബോളിൽ ആവശ്യമായ ഈ വിശ്വാസം, ഫുട്‌ബോൾ ഒരു വിനാശകരമായ-നിർമാണ കായിക വിനോദമായി മാറി (destructive-constructive sport) എന്ന ആശയം സജീവമാക്കിയതാണ്. അതായത് ഫുട്ബോളിന് ഇരട്ട സ്വഭാവമുണ്ട്: സ്വയം സ്കോർ ചെയ്യുന്നതുപോലെ നിർണായകമാണ് എതിരാളികളെ സ്കോർ ചെയ്യുന്നതിൽ നിന്ന് തടയുക എന്നതും. മാത്രമല്ല കളിക്കാർക്കും കാഴ്ചക്കാർക്കും എതിരാളി അനിവാര്യമാണ്. ഒരു വിനാശകരമായ-നിർമാണ കായിക വിനോദമെന്ന നിലയിൽ, എതിരാളിയുടെ പെരുമാറ്റം ഫുട്ബോളിൽ അന്തർലീനമായ ഘടകമായി മാറുന്നു; ഇത് കളിയുടെ സൗന്ദര്യശാസ്ത്രത്തെ രണ്ട് ടീമുകളുടെയും പൊതുവായതും എന്നാൽ വിരുദ്ധവുമായ പ്രവർത്തനങ്ങളെ നേരിട്ട് ആശ്രയിക്കുന്നു.

എന്താണ് ഫുട്ബാൾ എന്ന ചോദ്യത്തിന്റെ പ്രതികരണത്തിൽ അനിവാര്യമാകുന്ന മറ്റൊരു ഘടകം ഫുട്ബോൾ മുന്നോട്ടു വെക്കുന്ന സാമൂഹികതയാണ്. അത് ഏതു തരം സാമൂഹിക പ്രതിഭാസത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നത് ചോദ്യം. ഒരുവേള വ്യക്തികളിൽ- കളിക്കാർ, ആസ്വാദകർ, ആരാധകവൃന്ദം എന്നിവർ- അത് എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിനെക്കാൾ അതിന്റെ സാമൂഹികത പ്രസക്തമാണ്. അക്ഷരാർഥത്തിൽ തന്നെ, നിലവിലില്ലാത്ത സാമൂഹിക പ്രതിഭാസങ്ങൾ, ആളുകളുടെ കൂട്ടായ കരാറുകളിലൂടെയോ അല്ലെങ്കിൽ അവരുടെ അസ്തിത്വത്തിൽ പങ്കിടുന്ന വിശ്വാസത്തിലൂടെയോ ഒരു വസ്തുനിഷ്ഠമായ സാമൂഹിക യാഥാർത്ഥ്യം സൃഷ്ടിക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു എന്ന അമേരിക്കൻ ഫിലോസഫർ ആയാ ജോൺ സലിന്റെ അന്വേഷണം ശ്രദ്ധേയമാണ്. സാമൂഹിക പ്രതിഭാസങ്ങൾ കൂട്ടായ ഉദ്ദേശത്തെ (collective intentionality) സങ്കൽപ്പിക്കുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഫുട്ബോളിൽ പ്രേത്യേകമായ ന്യായമാണ് എന്ന് കാണാം.

ആ നിലക്ക് ഫുട്ബോൾ എന്ന സാമൂഹിക പ്രതിഭാസം സവിശേഷമാണ്. ബോർഗേ ഫുട്ബോളിന്റെ ചരിത്രം ചർച്ച ചെയ്യുന്നിടത്ത് ഒരു പ്രേത്യേക കായിക രൂപത്തിൽ നിന്നാണ് ഫുട്ബോളും റഗ്ബിയും വികാസം പ്രാപിച്ചത് എന്ന് പറയുന്നുണ്ട്. ആ വികാസത്തിൽ നിന്ന്, ഫുട്ബോൾ ശുദ്ധമായ അല്ലെങ്കിൽ സുതാര്യമായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഇവിടെ അദ്ദേഹം ഫുട്‌ബോളിന്റെ ഉപരിതലം അതിന്റെ ആന്തരിക തലം എന്നിങ്ങനെ വേർതിരിക്കുന്നുണ്ട്. ഉപരിതലം ഫുട്‌ബോളിന്റെ ഘടനാപരമായ നിയമങ്ങൾ ഉൾക്കൊള്ളുന്ന സുതാര്യമായ രൂപവും, ആന്തരിക തലം ഫുട്‌ബോളിൽ അന്തർലീനമായ ലക്ഷ്യം, കാരണം (എന്ത് കൊണ്ട് കായിക വിനോദത്തിൽ ഏർപ്പെടുന്നത്) എന്നിവ നിർണയിക്കുന്ന ഇടവുമാണ്.

ഒരു കളിയെ സാധ്യമാക്കുന്ന നിയമങ്ങളാണ് ഘടനാപരമായ നിയമങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഉപരിതലം അതിന്റെ സാമൂഹിക സന്ദർഭമായി മാറുന്നു എന്നദ്ദേഹം വാദിക്കുന്നു. ആന്തരികമോ കൂട്ടായ ഉദ്ദേശമോ മാറിയാൽ അത് ഫുട്ബോൾ അല്ലാതാവും. ചുരുക്കത്തിൽ, ഫുട്ബോൾ ഗോൾ നേടി/ എതിരാളിയെ ഗോൾ നേടുന്നതിൽ നിന്ന് തടയുന്ന വിജയമാണ്.