Footy Times

ഓറഞ്ച് നിറമുള്ള ഓർമകൾ

0 1,379

“ടോട്ടൽ ഫുട്ബോൾ” എന്ന കളി ശൈലിയെക്കുറിച്ച് കേൾക്കുമ്പോൾ ഓരോ ഫുട്ബോൾ പ്രേമിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് യോഹാൻ ക്രൈഫ് എന്ന ഡച്ച് ഇതിഹാസവും 1970ലെ നെതർലൻഡ്സിന്റെ അത്ഭുത സ്ക്വാഡുമായിരിക്കും. തടസ്സങ്ങളില്ലാത്ത ചലനങ്ങൾ, അശ്രാന്തമായ പ്രെസ്സിംഗ് ഗെയിം, അങ്ങേയറ്റത്തെ കായികക്ഷമത എന്നിവ സമന്വയിപ്പിച്ച് എതിരാളികളെ കളിയുടെ ആദ്യം മുതൽ അവസാനം വരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിപ്ലവാത്മക കളി ശൈലിക്കായിരുന്നു കോച്ച് റിനസ് മിഷേൽസും ശിഷ്യൻ യൊഹാൻ ക്രൈഫും നാന്ദി കുറിച്ചത്.

എന്നാൽ, ഇതിന്റെ തുടർച്ചയെ സംബന്ധിച്ച് കോച്ച് നിരന്തരം ആശങ്കയിലായിരുന്നു. കാരണം കളിക്കാരുടെ വൈദഗ്ധ്യവും പരസ്പര ധാരണയും ഈ കളിരീതിയുടെ അഭിവാജ്യ ഘടകങ്ങളായിരുന്നു. അവിസ്മരണീയമായ ക്രൈഫ് യുഗത്തിനുശേഷം ആ ഡച്ചു മാന്റിൽ ആംസ്റ്റർഡാമിൽ നിന്നുള്ള ഒരു വണ്ടർ ബോയ് ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഒരു തുമ്പിയെപ്പോലെ കളിക്കളത്തിന്റെ നാനാഭാഗത്തും പാറിക്കളിച്ച അവനെ കായിക പ്രേമികൾ “ദ് ബ്ളാക്ക് റ്റ്യൂലിപ്പ്” (the black tulip) എന്ന് ഓമനപ്പേരിട്ട് വിളിച്ചു.

ഗുള്ളിറ്റ് ക്രൈഫിനോടൊപ്പം ഫെയനൂർദിൽ

ഗുള്ളിറ്റിന്റെ പിതാവായ ജോർജ് ഗുള്ളിറ്റ് ലാറ്റിനമേരിക്കൻ രാജ്യവും മുൻ ഡച്ച് കോളനിയുമായിരുന്ന സുറിനാമിലെ ഒരു വമ്പൻ ക്ലബ്ബായ എസ്.വി ട്രാൻസ്‌വാലിലെ സ്ട്രൈക്കറായിരുന്നു. പിന്നീട് ജോർജ് കുടുംബവുമൊത്ത് നെതർലെൻഡ്സിലേക്ക് കുടിയേറി. ഗുള്ളിറ്റിന്റെ പിതാവിന് ഡച്ച് ഫുട്ബോളിൽ കരിയർ തുടരാൻ അത്ര താൽപര്യമുണ്ടായിരുന്നില്ല. കുടിയേറി പാർത്തവരായിരുന്നതു കൊണ്ടുതന്നെ അത്ര സുഖകരമായിരുന്നില്ല റൂഡിന്റെ ബാല്യകാലം.

സ്കൂൾ പഠനകാലം തൊട്ടേ റൂഡ് തന്റെ കളി മികവ് തെളിയിച്ചിരുന്നു. മീർ ബോയ്സ് എന്ന ലോക്കൽ ടീമിൽ പരിശീലനം ആരംഭിച്ച ഗുള്ളിറ്റിനെ, പിന്നീട് തന്റെ പിതാവ് ആംസ്റ്റർഡാമിലെ അമേച്വർ ക്ലബായ D.W.S ൽ ചേർത്തു. തീർച്ചയായും അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിലേക്കുള്ള ആദ്യത്തെ കാൽവെപ്പായിരുന്നത്. വൈകാതെ നെതർലൻഡ്സിന്റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടയിലാണ് നെതർലൻഡ്സിലെ വമ്പൻ ക്ലബായ അയാക്സ് എഫ്.സി അയാളെ തേടിയെത്തുന്നത്. എന്നാൽ, അയാളുടെ തീരുമാനം മറ്റൊന്നായിരുന്നു. എച്ച്.എഫ്.സി ഹാർലിംഗ് എന്ന കൊച്ചു ടീമിന്റെ ഭാഗമാവുകയാണ് പിന്നീടുണ്ടായത്. പതിനാറാം വയസ്സിൽ അവർക്കുവേണ്ടി ബൂട്ടുകെട്ടിയ റൂഡ്, ഡച്ച് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

എന്നാൽ, ആ സീസണിൽ ഗുള്ളിറ്റിന്റെ ടീം തരംതാഴ്ത്തപ്പെട്ടു. പകരം, അടുത്ത സീസണിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ റൂഡിന്റെ തോളിലേറി അവർ പറന്നു. ഗുള്ളിറ്റ് രണ്ടാം ഡിവിഷനിലെ ബെസ്റ്റ് പ്ലെയറായി മാറുകയും ചെയ്തു. ഗുള്ളിറ്റ് എന്ന പ്ലെയറുടെ ടോട്ടാലിറ്റിയെ ലോകം അവിടെ മനസ്സിലാക്കി തുടങ്ങുകയായിരുന്നു. ഒരു ഡിഫൻഡറായിട്ടായിരുന്നു ഗുള്ളിറ്റ് തന്റെ കരിയർ ആരംഭിച്ചതെങ്കിലും, വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.

അറ്റാക്കിങ്ങിലും ഡിഫൻസിലും എന്ന് പറയുന്നതായിരിക്കും ശരി. തൊട്ടടുത്ത സീസണിൽ ഹാർലിംഗ് ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അർഹത നേടി. നെതർലൻഡ്സിലെ പ്രമുഖർ ഗുള്ളിറ്റിനെ സ്വന്തമാക്കുവാൻ വേണ്ടി മത്സരിച്ചു. 1982ൽ 3.5 പൗണ്ടിന് ഗുളളിറ്റ് ഫെയറനൂഡിലേക്ക് ചേക്കേറി.

ആദ്യ സീസൺ നിരാശാജനകമായിരുന്നെങ്കിലും, തുടർന്നുള്ള സീസണിൽ ലീഗും കപ്പും നേടി കൊണ്ട് ഡൊമസ്റ്റിക് ഡബിളിന് അർഹരായി. ആ സീസണിലെ ബെസ്റ്റ് പ്ലെയർ അവാർഡ് ഗുള്ളിറ്റിന്. ഇതിനിടെ സ്വീപ്പർ പോസിഷനിൽ നിന്നും മിഡ്ഫീൽഡിലേക്ക് അദ്ദേഹം മാറി. 1985ൽ പി.എസ്.വി അന്തോവനുമായി ഗുള്ളിറ്റ് കരാറിലെത്തി. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ അവർ ഡച്ച് ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു.

1988ൽ മിലാനിലേക്ക് കൂടുമാറുമ്പോൾ, ഗുള്ളിറ്റിനെ അവിടെ കാത്തിരുന്നത് ഒരു അത്ഭുതമായിരുന്നു. ഡച്ച് ത്രയങ്ങളായ മാർക്കോ വാൻബാസ്റ്റണും ഫ്രാങ്ക് റൈക്കാർഡും റൂഡ് ഗുള്ളിറ്റും ഒരുമിച്ചപ്പോൾ പിറന്നത് തീർത്തും ചരിത്രം. ഒരുതരത്തിൽ പറഞ്ഞാൽ ടോട്ടൽ ഫുട്ബോളിന്റെ ‘Perfect heir’ ആയി എ.സി മിലാൻ എന്ന ടീം മാറുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം പിന്നീട് കണ്ടത്.

ഈ കൂട്ടുകെട്ട് കായികപ്രേമികൾക്ക് സമ്മാനിച്ചത് ധാരാളം അവസ്മരണീയ നിമിഷങ്ങളായിരുന്നു. മിലാനിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പോയ വർഷത്തെ മികച്ച പ്ലെയര്‍ക്കുള്ള ബാലൻ ഡി ഓർ അവാർഡറിന് ഗുളളിറ്റിനെ അർഹനാക്കി. അത് കേവലമൊരു തുടക്കം മാത്രമായിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ (1989,1990) മിലാൻ യൂറോപ്യൻ ചാമ്പ്യന്മാരാവുകയും, 1988ൽ നെതർലൻഡ്സ് യൂറോ കപ്പ് നേടുകയും ചെയ്തു.

റൈക്കാർഡും ഗുള്ളിറ്റും മിലാനിൽ

ക്ലബ്ബിലെന്നപോലെ അന്താരാഷ്ട്ര തലത്തിലുമിവർ നെതർലൻഡ്സിനെ കൂടുതൽ ഉന്നതികളിലേക്കെത്തിച്ചു. രാജ്യത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് മാധുര്യമേറിയത് മറ്റൊരു കാരണത്താലായിരുന്നു. 1982, 1986 ലോകകപ്പുകൾക്കും 1984ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ടീമിന്റെ കഴിഞ്ഞ ദശാബ്ദ കാലത്തെ തോൽവിയ്ക്കുള്ള മധുരപ്രതികാരമായിരുന്നു ഈ ചാമ്പ്യൻഷിപ്പ്.

ഫൈനലിൽ സോവിയറ്റ് യൂണിയനെതിരെയുള്ള ഗുള്ളിറ്റിന്റെ ഹെഡർ മനോഹരമായിരുന്നു. 1990 ലോകകപ്പ് സ്ക്വാഡിൽ ഗുള്ളിറ്റ് ഉണ്ടായിരുന്നെങ്കിലും, ഗ്രൂപ്പ് സ്റ്റേജിൽ തന്നെ തോറ്റു മടങ്ങാനായിരുന്നു വിധി. 1994ൽ ഗുള്ളിറ്റ് തന്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 1998ൽ ചെൽസിയിലൂടെ തന്റെ നീണ്ട ക്ലബ് കരിയറിനും വിരാമമിട്ടെങ്കിലും ടോട്ടൽ ഫുട്ബോളിന്റെ പര്യായമായി അദ്ദേഹം ഇന്നും ഫുട്ബോൾ ലോകത്ത് നിലനിൽക്കുന്നു.