Footy Times

പെപ്പ് ഗാർഡിയോള: ആധുനിക ഫുട്ബോളിന്റെ തന്ത്രജ്ഞൻ

0 765

ഒരു കാലഘട്ടത്തിലെ ഫുട്‌ബോൾ കൾച്ചറിനെ തന്നെ മാറ്റിപ്പണിതു കൊണ്ടാണ് പെപ് ഗാർഡിയോള എന്ന ജോസെപ് ഗാർഡിയോള ‘മോഡേൺ ഡേ ഫുട്‌ബോളിൽ’ നിർണായക സാന്നിധ്യമാകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പെപ് ഗാർഡിയോളയുടെ സംഭാവനകൾ ഈ കാലഘട്ടത്തിലെ ഫുട്‌ബോൾ ചരിത്രത്തെ തന്നെ അടയാളപ്പെടുത്തുന്നതാണ്.

ഫുട്ബോളിലെ എല്ലാ ഐഡിയൽ പൊസിഷൻസും പുതിയ രീതിയിൽ കംപോസ് ചെയ്തു നിർമിക്കാൻ പെപ്പിന് സാധിച്ചു. ഓരോ കാലഘട്ടത്തെയും ഭൂമിശാസ്ത്രത്തെയും കൂടി പരിഗണിച്ചു കൊണ്ടാണ് പെപ്പിന്റെ ഫുട്‌ബോൾ ഫിലോസഫി രൂപപ്പെടുന്നത്. 2008-2012 കാലഘട്ടത്തിൽ സ്പെയിനിലും, 2013-2016 കാലഘട്ടത്തിൽ ജർമനിയിലും, 2016 മുതൽ ഇംഗ്ലണ്ടിലുമുള്ള പെപ് വ്യത്യസ്തമാവുന്നത് ഇത്തരത്തിലാണ്.

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് പെപ് ഗാർഡിയോള പരക്കെ കണക്കാക്കപ്പെടുന്നത്. കളിക്കാരനായും പരിശീലകനായും അദ്ദേഹം നിരവധി ട്രോഫികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്; പ്രത്യേകിച്ച് ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകളിൽ.

ഫിലോസഫിയും തന്ത്രവും

പെപ്പിന്റെ ഫിലോസഫി പൊസെഷൻ, ഹൈ പ്രെസ്സിങ്ങ്, പൊസിഷനൽ പ്ലേ എന്നിവ നിലനിർത്തി അറ്റാക്കിങ് ഫുട്ബോൾ കളിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഈ തത്വങ്ങളുടെ പ്രയോഗത്തിൽ അദ്ദേഹത്തിന് പിടിവാശിയോ കാർക്കശ്യമോ ഇല്ല. ഒരു കളിക്കിടെ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ വഴക്കമുളളതും സർഗാത്മകവുമാണ് പെപ്പിന്റെ പദ്ധതികൾ.

ഗാർഡിയോളാ രീതികളുടെ പ്രധാന വശങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സംവിധാനത്തിനും കാഴ്ചപ്പാടിനും അനുയോജ്യമായ കളിക്കാരെ റിക്രൂട്ട് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ്. ബാഴ്‌സലോണയിലും ബയേണിലും സിറ്റിയിലും പെപ് വളർത്തിയെടുത്ത കളിക്കാർ നിരവധിയുണ്ട്. ലയണൽ മെസ്സി, ജോഷ്വാ കിമ്മിക്ക്, കെവിൻ ഡിബ്രൂയിനയൊക്കെ ഇതിൽ പ്രധാനികളാണ്.

മോഡേൺ ഡേ ഫുട്‌ബോളിൽ 4-3-3 ഫോർമേഷനെ സവിശേഷമായി ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുള്ള മാനേജറാണ് പെപ്. പിന്നീട് ഒരു ബാക്ക് ത്രീ സിസ്റ്റത്തിലേക്ക് അഡോപ്റ്റ് ആവുകയും ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നതും നമ്മൾ കാണുന്നു. സ്‌പേസ്, കളിക്കാരുടെ ചലനങ്ങൾ, ഗെയിമിന്റെ ജ്യോമെട്രി എന്നിവയിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തുന്നതിലൂടെ, എതിരാളികൾക്ക് ചുറ്റും ഒരു യൂണിറ്റായി അറ്റാക്കിങ് ഹാൽഫിലേക്ക് നീങ്ങാനും പ്രത്യാക്രമണങ്ങളെ ഇല്ലാതാക്കുന്ന ഒരു ഘടന സ്ഥാപിക്കാനും കഴിയും എന്നതായിരുന്നു പെപ്പിന്റെ അടിസ്ഥാന ആശയം.

കരിയർ

പെപ് ഗാർഡിയോള ലോക ഫുട്‌ബോളിന് നൽകിയ ഏറ്റവും മികച്ച സംഭാവനയാണ് ലയണൽ മെസ്സി. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫാൾസ് 9 എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെസ്സിയെ സൃഷ്ടിച്ചതാണ് പെപ്പിന്റെയും മെസ്സിയുടെയും കരിയറിലെ നിർണായക സ്ഥാനം.

ഒരു സെന്റർ ഫോർവേഡ് പ്ലേയർ ഡീപ് ആയി ഇറങ്ങിവന്ന് സ്പേസുകൾ ക്രീയേറ്റ് ചെയ്തും മറ്റു കളിക്കരുമായി ലിങ്ക് അപ്പ് പ്ലേയും നടത്തുന്നതിനാണ് സാമാന്യമായി ഫാൾസ് 9 എന്ന് പറയുന്നത്. ഇത് മുന്നേ നിലനിന്നിരുന്ന തന്ത്രമായിരുന്നെങ്കിലും പെപ് ഗാർഡിയോളയാണ് ഫലപ്രദമായി ഉപയോഗിച്ച് ജനകീയമാക്കുന്നത്.

ഒരു കളിക്കാരനായി വിരമിച്ചതിന് ശേഷം, ഗാർഡിയോള ബാഴ്‌സലോണ ബി ടീമിനെ കുറച്ചു കാലം പരിശീലിപ്പിച്ചു ടെർസെറ ഡിവിഷൻ കിരീടം നേടി. 2008ൽ അദ്ദേഹം ബാഴ്‌സലോണ സീനിയർ ടീമിന്റെ ചുമതല ഏറ്റെടുത്തു. തന്റെ ആദ്യ സീസണിൽ തന്നെ ബാഴ്‌സലോണയെ ലാ ലിഗ, കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടി ട്രെബിളിലേക്ക് നയിച്ചു.

2011ൽ, ക്ലബ്ബിനെ മറ്റൊരു ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ഡബിൾസിലേക്ക് നയിച്ചതിന് ശേഷം, ഗാർഡിയോളയ്ക്ക് സ്പെയിനിലെ പരമോന്നത ബഹുമതിയായ കറ്റാലൻ പാർലമെന്റിന്റെ സ്വർണ്ണ മെഡൽ ലഭിച്ചു. അതേ വർഷം തന്നെ, ഫിഫ ലോക പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ 14 ബഹുമതികളോടെ തന്റെ നാല് വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ചു.

2013ൽ ബയേൺ മ്യൂണിക്കിൽ ചേർന്ന ഗാർഡിയോള തന്റെ മൂന്ന് സീസണുകളിൽ രണ്ട് ആഭ്യന്തര ഡബിൾസ് ഉൾപ്പെടെ ബുണ്ടസ്‌ലിഗ കിരീടങ്ങൾ നേടി. 2016ൽ അദ്ദേഹം ജർമനി വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചു. 100 ലീഗ് പോയിന്റുകൾ നേടുന്ന ആദ്യ ടീമെന്ന നിലയിൽ നിരവധി ആഭ്യന്തര റെക്കോർഡുകൾ തകർത്ത്, തന്റെ രണ്ടാം സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് സിറ്റിയെ നയിച്ചു.

ഇന്നുവരെ, 2018–19 സീസണിലെ ആഭ്യന്തര ട്രെബിൾ ഉൾപ്പെടെ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും നാല് EFL കപ്പുകളും FA കപ്പും അദ്ദേഹം നേടിയിട്ടുണ്ട്. 2021-ലെ അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അദ്ദേഹം ക്ലബ്ബിനെ നയിച്ചെങ്കിലും ചെൽസിയോട് തോറ്റു പുറത്താവുകായിരുന്നു. സിറ്റിയുടെ കൂടെ ആദ്യമായി ചാമ്പ്യൻസ് ലീഗ് അടിക്കുക എന്ന സ്വപ്നത്തെ ഒരുപാട് നാളത്തെ ശ്രമത്തിനോടുവിൽ ഇത്തവണ വീണ്ടും ഫൈനലിൽ കടന്ന് സാക്ഷാത്കരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പെപ് ഗാർഡിയോളയും സംഘവും.

ഇനിയുമൊരു ചാമ്പ്യൻസ് ലീഗ് പട്ടം നേടിയാലും ഇല്ലെങ്കിലും പെപ്പിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ പാരമ്പര്യം അസാധാരണമായ ഒന്നാണ്. നേടിയ കപ്പുകളെക്കാൾ പെപ് ഗാർഡിയോള എന്ന മനുഷ്യൻ ഓർമിക്കപ്പെടുക ആധുനിക ഫുട്ബോളിന് അദ്ദേഹം നൽകിയ ഭാവുകത്വങ്ങളിലൂടെയാണ്. ഫുട്‌ബോൾ എന്ന വിസ്മയത്തിന്റെ സൗന്ദര്യമായിരുന്നു പെപ്.