Footy Times

റോബർട്ടോ ഡി സെർബിയുടെ അട്രാക്ടിവ് ഫുട്‌ബോൾ

0 405

കഴിഞ്ഞ സീസൺ പ്രീമിയർ ലീഗ് ഒരുപാട് നടകീയതകൾ നിറഞ്ഞതായിരുന്നു. വീണുപോയവരുടെ ഉയർച്ചയും, കോട്ടകളുടെ പതനവും എല്ലാം ഒരേ സീസണിൽ കണ്ടു കൊണ്ടിരുന്ന സംഭവബഹുലമായ സീസണാണ് കഴിഞ്ഞുപോയത്. ടൈറ്റിൽ റേസ്, ടോപ്പ് 4 മുതൽ റെലെഗേഷൻ ബാറ്റിലിൽ വരെ കടുത്ത മത്സരങ്ങൾ നടന്ന സീസൺ. പ്രക്രിയകളെ വിശ്വസിച്ച പല ക്ലബുകളും അവരുടെ ഏറ്റവും നല്ല കാലത്തിന്റെ തുടക്കത്തിലേക്ക് കാലെടുത്തുവെച്ചതിന്റെ ശുഭസൂചനകൾ.

കഴിഞ്ഞ തവണത്തെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകാർശിച്ച മാനേജറാണ് ഇറ്റാലിയൻ പ്രൊഫഷണൽ ഫുട്ബോൾ പരിശീലകനായ ബ്രൈറ്റൺ & ഹോവ് അൽബിയോണിന്റെ മുഖ്യ പരിശീലകനും മുൻ കളിക്കാരനുമായ റോബർട്ടോ ഡി സെർബി. ചുരുങ്ങിയ കാലം കൊണ്ട് ബ്രൈറ്റൺ ക്ലബ്ബിനെ ആകർഷകമായ ഫുട്ബോൾ കളിക്കാൻ പരിശീലിപ്പിക്കുകയും 122 വർഷത്തെ ആദ്യത്തെ യൂറോപ്യൻ ക്യാമ്പയിനിന്റെ ഭാഗമാക്കാനും ഡി സെർബിക്ക് സാധിച്ചു. മുൻ മാനേജരായ ഗ്രഹാം പോട്ടർ ചെൽസിയിയുടെ മാനേജർ ആയി ലണ്ടനിലേക്ക് പോയതിന് ശേഷം ക്ലബ്ബ് ഏറ്റെടുത്ത ഡി സെർബി തുടക്കം മുതൽ ആരാധകരെയും കളിക്കാരെയും തിരിച്ചു പിടിക്കാൻ വലിയ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയിന്റുകൾ കാരസ്ഥമാക്കികൊണ്ടാണ് ഡി സെർബിയുടെ ബ്രൈറ്റൺ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.

ലിവർപൂളിനെതിരായ ആദ്യ മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 100 മാനേജർമാരിൽ ഒരാളായി 43കാരനായ ഡി സെർബി സ്ഥാനം പിടിച്ചു. പ്രീമിയർ ലീഗ് ചരിത്രത്തിലെ 13-ാമത്തെ ഇറ്റാലിയൻ ഹെഡ് കോച്ച് / മാനേജരാണ് അദ്ദേഹം.

തന്ത്രവും സൗന്ദര്യശാസ്ത്രവും

ഡി സെർബിയുടെ ടീം കളിക്കുന്ന ടാക്ടിക്സ് പോലെ പോലെ പ്രധാനമാണ് അവരുടെ സൗന്ദര്യശാസ്ത്രവും ഡി സെർബി സസുളോ പരിശീലകനായിരിക്കെ ദി അത്‌ലറ്റിക്‌സിന്റെ സീരി എ ലേഖകൻ ജെയിംസ് ഹോൺകാസിൽ വിശദീകരിക്കുന്നത് പോലെ: “ഇതൊരു അസംബന്ധമാണ്. സസുളോയിലെ സൗന്ദര്യശാസ്ത്രത്തിന് പിന്നിൽ എല്ലായ്പ്പോഴും ഒരു ലക്ഷ്യമുണ്ട്. ഡി സെർബിയുടെ തന്ത്രം സമഗ്രമാണ്. സങ്കീർണ്ണമായ ബിൽഡ്-അപ്പ് പ്ലേ. സമ്മർദ്ദത്തിൻകീഴിലും ഇടുങ്ങിയ ഇടങ്ങളിലും കളിക്കുന്നത് ഒരു കളിക്കാരന്റെ സാങ്കേതികത മെച്ചപ്പെടുത്തുന്നു, അത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, ഇത്തരമൊരു നീക്കം വരുമ്പോൾ അത് ആത്മാഭിമാനം വർദ്ധിപ്പിക്കുകയും മെന്റലിറ്റിയിൽ പ്രതിഫലിക്കുകയും ചെയ്യും. അതാണ് ഡി സെർബിയുടെ തത്ത്വചിന്തയുടെ കാതലായ ഗുണിത പ്രഭാവം.”

ചെറിയ പ്രതലങ്ങളിൽ ഷോർട്ട് പാസ്സ് ചെയ്ത് കളിക്കുന്ന രീതിയാണ് ഡി സെർബി ഫുട്ബോളിനെ ആകർഷകമാക്കുന്നത്. പെപ് ഗ്വാർഡിയോള സ്വാധീനമുള്ള ഡി സെർബിക്ക് പൊസെഷൻ നിർണയകമാണ്. പ്രെസ്സിങ്ങ് സിസ്റ്റത്തെ നിരന്തരം പ്രകോപിപ്പിക്കുക എന്നത് ഡി സെർബിയുടെ സമീപനത്തിന്റെ മുഖമുദ്രയാണ്. കളിക്കാർ അവരുടെ സ്വന്തം ഹാൽഫിൽ റിസർവായിരിക്കാൻ ഇത് ആവശ്യപ്പെടുന്നു, കാരണം എതിർടീമിനെ ഇങ്ങോട്ട് ക്ഷണിക്കുന്ന രീതിയാണ് ഡി സെർബിയുടേത്. ഫോർമേഷനിൽ 4-2-3-1 പ്രിയമുള്ള ഡി സെർബി പോട്ടറിനെ പിന്തുടർന്ന് മൂന്ന് സെന്റർ ബാക്കുകളെ വെച്ചാണ് തുടക്കത്തിൽ കളിച്ചു തുടങ്ങിയത്. ആവശ്യാനുസരണം ഷിഫ്റ്റ് ചെയ്യാൻ സാധിക്കുന്ന ഈ സിസ്റ്റം ഉപയോഗിച്ച് മിഡ്ഫീൽഡ് കളിക്കാരെ വെച്ചു ഏറ്റവും കൂടുതൽ ഗോൾ അടിച്ച മാനേജരാണ് ഡി സെർബി.

കേവല മിഡ്ഫീൽഡർ ആയിരുന്ന മാക് അലിസ്റ്ററിനെ ഗ്രഹാം പോട്ടർ പല രീതിയിലും കളിപ്പിച്ചു പരിശീലിപ്പിച്ചു ടീമിലെ പ്രധാന യൂട്ടിലിറ്റി കളികാരനായി പരിവർത്തിപ്പിച്ചത് ഡി സെർബിക്ക് കാര്യങ്ങൾ കഴിഞ്ഞ സീസണിൽ എളുപ്പമാക്കിയിരുന്നു.

പുതിയ സീസൺ തുടങ്ങാനിരിക്കെ പ്രധാനപ്പെട്ട കളിക്കാർ ടീം വിട്ടു പോയിട്ടും തനിക്ക് ആവശ്യമായ കളിക്കാരെ ടീമിൽ എത്തിക്കാൻ ഡി സെർബിക്ക് സാധിച്ചിട്ടുണ്ട്. യൂട്ടിലിറ്റി കളിക്കാർക്ക് വിലയേറി വരുന്ന പുതിയ ഫുട്‌ബോൾ ശൈലിക്ക് എന്തും കൊണ്ടും അനുയോജ്യമായ ഒരു ടീം നിർമിച്ചെടുക്കാനുള്ള ഡി സെർബിയുടെ ശ്രമം തുടർന്ന് കൊണ്ടിരിക്കുന്നു. നിലവിൽ മികച്ച യുവനിര കളിക്കാരും യൂറോപ്യൻ യോഗ്യത കൂടിയുള്ള ഡി സെർബിയുടെ ടീമിൽ നിന്നും പുതിയ സീസണിൽ ആകർഷകമായ ഫുട്‌ബോൾ തന്നെ പ്രതീക്ഷിക്കാം.