Footy Times

മാഞ്ചെസ്റ്റർ യുണൈറ്റഡ്: ഗ്ലെയ്സേഴ്സ് യുഗം അവസാനിക്കുമ്പോൾ

0 580

ഒരു ദശാബ്ദത്തിലേറെയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുണൈറ്റഡ് ഉടമകളായ ഗ്ലെയ്സേഴ്സ് ക്ലബ്ബിനെ വിൽക്കാൻ തയ്യാറായിരിക്കുന്നു. അമേരിക്കൻ വ്യവസായി മാൽക്കം ഗ്ലേസർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ആദ്യ ഓഹരി വാങ്ങിയിട്ട് ഏകദേശം 20 വർഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വരുന്നത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഗ്ലെസേഴ്‌സ് എൻ.എഫ്.എൽ ക്ലബ്ബായ തമ്പാബേ ബക്കനിയേഴ്സ് വാങ്ങുന്നതിലൂടെയാണ് കായിക മേഖലയിലേക്ക് കടന്നു വരുന്നതും, വലിയ അർഥത്തിൽ സാമ്പത്തികമായ ഉയർച്ച പ്രാപിക്കുന്നതും. അതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നതിനെ കുറിച്ച് അവർ ആലോചിക്കുന്നത്.

2003ൽ ക്ലബ്ബിന്റെ ചെറിയൊരു ഓഹരി വാങ്ങിയ മാൽകം പിന്നീട് 2005ൽ ക്ലബ്ബിനെ മുഴുവനായി വാങ്ങുകയായിരുന്നു. യുണൈറ്റഡിനെ വാങ്ങുന്നതിൽ തന്നെ അട്ടിമറി നടത്തികൊണ്ടാണ് ഗ്ലെയ്സേഴ്സ് തുടങ്ങുന്നത്. ക്ലബ്ബിനെ ആസ്തിയായി കാണിച്ച് ബാങ്കിൽ നിന്ന് ലോൺ എടുത്താണ് ഗ്ലെയ്സേഴ്സ് ടീമിനെ സ്വന്തമാക്കുന്നത്. അതിന്റെ ബാധ്യത ക്ലബ്ബിന്റെ മുകളിൽ ഇപ്പോഴും ഉണ്ട്. ഏകദേശം 700 മില്യൺ യൂറോക്ക് അടുത്താണ് ഇന്ന് ക്ലബ്ബിന്റെ കടം.

മാൽക്കം ഗ്ലേസിയർ

 

ക്ലബ്ബിനെ വെച്ചു ലോൺ എടുത്തിൽ അന്ന് തന്നെ ഒരുപാട് പ്രതിഷേധങ്ങളുണ്ടായിരുന്നു. ഒരുകൂട്ടം യുനൈറ്റഡ് ആരാധകർ ഇതിൽ പ്രതിഷേധിച്ചുകൊണ്ട് തുടങ്ങിയ ക്ലബ്ബ് ആണ് ഇംഗ്ലീഷ് ഫുട്ബോൾ ലീഗിന്റെ ഏഴാം നിരയായ നോർത്തേൺ പ്രീമിയർ ലീഗ് പ്രീമിയർ ഡിവിഷനിൽ മത്സരിക്കുന്ന എഫ്.സി യുനൈറ്റഡ് ഓഫ് മാഞ്ചസ്റ്റർ. അന്നും ഇന്നുമായി ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഗ്ലെയ്സേഴ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ചരിത്രത്തോട് ചേർത്ത് വെച്ചുകൊണ്ട് വേണം ഇപ്പോഴത്തെ വാർത്തയെയും വായിക്കാൻ.

യഥാർത്തിൽ ഇത്രയും കാലം ഗ്ലെസേഴ്‌സ് ക്ലബ്ബിന് വേണ്ടി എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. എത്രത്തോളം നിക്ഷേപങ്ങൾ ക്ലബ്ബിന് വേണ്ടി നടത്തിയിട്ടുണ്ട്, ഒരു ക്ലബ്ബ് എന്ന നിലക്ക് എത്രത്തോളം വിജയം വരിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട് എന്ന ചോദ്യങ്ങൾ എല്ലാകാലത്തും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തീർച്ചയായും ഒരു ബില്യന് മുകളിൽ ഗ്ലെസേഴ്‌സ് നിലവിൽ യുണൈറ്റഡിൽ ചിലവഴിച്ചിട്ടുണ്ട്.

എന്നാൽ അതൊന്നും കാര്യമായ രീതിയിൽ യുനൈറ്റഡിന്റെ വിജയകരമായ മുന്നേറ്റത്തിന് സഹായകമായിട്ടില്ല എന്ന് മാത്രമല്ല, യുനൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിന്റെ പ്രധാന കാരണം ഗ്ലെസേഴ്‌സിന് എളുപ്പത്തിൽ ബാങ്ക് ലോൺ ലഭ്യമാക്കി ക്ലബ്ബ് ഏറ്റെടുക്കുന്നതിൽ സഹായിച്ച ഇംഗ്ലീഷ് അക്കൗണ്ടന്റും ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമായ എഡ്വുഡ്വാർഡ് എന്ന എഡ്വേർഡ് ഗാരെത്ത് വുഡ്വാർഡിനെ ക്ലബ്ബിന്റെ ഡയറക്ടർ ഓഫ് ഫുട്‌ബോൾ ആയി നിയമിച്ചതാണ്.

ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലാത്ത ഇയാളെ ഡി.ഒ.എഫ് ആയി നിയമിച്ചതിലൂടെ ക്ലബ്ബിന്റെ സ്കൗട്ടിങ് ഡിപ്പാർട്ട്‌മെന്റ് ഒരു മാനേജർക്ക് അനുയോജ്യമായ കളിക്കാരെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ഇത് യുണൈറ്റഡിന്റെ കളിയെ വലിയ അർഥത്തിൽ ബാധിക്കുകയും ചെയ്തു.

ഏകദേശം 5 ബില്യൺ പൗണ്ട് വിലയുള്ള ക്ലബ് വിറ്റഴിക്കുകയാണെങ്കിൽ, യുഎസ് നിക്ഷേപകർ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ദുബായ് ഉടമകൾ കൂടി ക്ലബ്ബ് വാങ്ങാൻ പദ്ധതിയിടുന്നതായി വാർത്തകൾ പുറത്തു വരുന്നുണ്ട്. യുനൈറ്റഡ് പോലൊരു ടീമിനെ ഏറ്റെടുത്താൽ തന്നെയും വാങ്ങാൻ മുടക്കുന്ന തുകയേക്കാൾ അധികം ഇനിയും ചിലവഴിക്കേണ്ട പല മേഖലകൾ ഉള്ളതുകൊണ്ട് തന്നെ ക്ലബ്ബിന്റെ വിൽപന അത്ര എളുപ്പം സാധ്യമാകുന്ന ഒന്നായിരിക്കില്ല.

യുണൈറ്റഡിൽ മുൻപും ഇപ്പോഴും കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങളും മാനേജർമാരും ഒക്കെതന്നെ പല കാലങ്ങളിൽ യുനൈറ്റഡ് എന്ന ക്ലബ്ബിനുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയവരാണ്. അതിൽ ഏറ്റവും അവസാനത്തേത് മാത്രമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ ഉന്നയിച്ച വിമർശനം.

യുണൈറ്റഡിനെ കുറിച്ച് പുതിയതായി ഒന്നും തന്നെ റൊണാൾഡോ പറഞ്ഞിട്ടില്ല. മുൻപ് ഹൊസേ മൗറിഞ്ഞോയും ഇബ്രാഹിമോവിച്ചും ഒക്കെ പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സർ അലക്സ് ഫെർഗൂസൻ ടീമിന്റെ മാനേജർ ആയിരുന്ന കാലത്ത് എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ്.

അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് ടൈറ്റിലുകൾ ക്ലബ്ബ് സ്വന്തമാക്കി. റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങൾ തന്നെ പിറവിയെടുക്കുന്നതിൽ അലക്സ് ഫെർഗൂസനുള്ള പങ്ക് വലുതായിരുന്നു. 1986 മുതൽ 2013 വരെയുള്ള നീണ്ട ഇരുപത്തേഴ് വർഷം ഫെർഗൂസൻ ടീമിനെ പരിശീലിപ്പിച്ചു. ഒരു ടീമിനെ കളിക്കളത്തിൽ എങ്ങനെ കളിക്കാം എന്ന് പരിശീലിപ്പിക്കുക എന്ന ചുമതലയാണ് ഒരു മാനേജറിന് പ്രധാനമായും ഉള്ളത്.