ഒരൊറ്റ റയൽ താരവുമില്ലാതെ സ്പെയിൻ ലോകകപ്പ് സ്ക്വാഡ്; ബാഴ്സയിൽ നിന്ന് എട്ടുപേർ
ഒരൊറ്റ റയൽ മഡ്രിഡ് താരം പോലും ഇല്ലാതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു (Spain World Cup Squad). മുഖ്യ പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യൂവന്റെ പ്രഖ്യാപിച്ച 26 അംഗ സ്ക്വാഡിലാണ് റയൽ സാന്നിധ്യമില്ലാത്തത്. 1950-ന് ശേഷം ആദ്യമായാണ് ലോകകപ്പിനുള്ള സ്പാനിഷ് പടയിൽ റയൽ മഡ്രിഡ് താരങ്ങൾ ആരും ഇടംപിടിക്കാതെ പോകുന്നത്.
നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്കാണ് ടീമിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം. ലമിൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ഡാനി ഓൽമോ, ജൊവാൻ ഗാർഷ്യ എന്നിങ്ങനെ എട്ടുപേരാണ് കാറ്റലൻ ക്ലബ്ബിൽ നിന്ന് ടീമിലെത്തിയത്. ആഴ്‌സനൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റിക്കോ മഡ്രിഡ് എന്നീ ക്ലബ്ബുകളിൽ നിന്ന് മൂന്ന് കളിക്കാർ വീതവും സ്ക്വാഡിലിടം നേടി.
ചർച്ചയായി ഒഴിവാക്കലുകൾ; നിലപാട് വ്യക്തമാക്കി പരിശീലകൻ

ഡീൻ ഹൂയ്‌സെൻ, അൽവാരോ കരേരസ്, ഫ്രാൻ ഗാർഷ്യ എന്നിവരെ ഒഴിവാക്കിയ തീരുമാനം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. റയൽ ക്യാപ്റ്റൻ ഡാനി കാർവഹാലിന് തുടർച്ചയായി ഏൽക്കുന്ന പരിക്കുകളാണ് ദേശീയ ടീമിൽ ക്ലബ്ബിന്റെ സ്വാധീനം കുറയാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, റയൽ താരങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് പരിശീലകൻ ഡെ ലാ ഫ്യൂവന്റെ നൽകിയത്. തനിക്ക് പ്രാധന്യം ക്ലബ്ബുകൾക്കല്ല, ദേശീയ ടീമിനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു താരം ഏത് ക്ലബ്ബിൽ കളിക്കുന്നു എന്നതല്ല, മറിച്ച് ദേശീയ ജഴ്‌സിക്ക് അർഹതയുണ്ടോ എന്നത് മാത്രമാണ് താൻ പരിഗണിച്ചതെന്നും കോച്ച് കൂട്ടിച്ചേർത്തു.
പരിക്ക് ആശങ്കകൾ തള്ളി കോച്ച്
യമാൽ, നിക്കോ വില്യംസ് എന്നിവരുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ പരിശീലകൻ തള്ളിക്കളഞ്ഞു. ആദ്യ ഗ്രൂപ്പ് മത്സരത്തിന് മുൻപ് ഇരുവർക്കും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്ന് മെഡിക്കൽ സംഘം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വർഷം മുൻപ് ജർമനിയിൽ യൂറോ കപ്പ് ഉയർത്തിയ ആത്മവിശ്വാസവുമായാണ് ‘ലാ ഫൂരിയ റോഹ’ ഇത്തവണ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.
ലോകകപ്പിനുള്ള സ്പാനിഷ് സ്ക്വാഡ്
ഗോൾകീപ്പർമാർ: ഉനായ് സിമോൺ (അത്ലറ്റിക് ബിൽബാവോ), ഡേവിഡ് റായ (ആഴ്‌സനൽ), ജൊവാൻ ഗാർഷ്യ (ബാഴ്‌സലോണ)
പ്രതിരോധം: പെഡ്രോ പോറോ (ടോട്ടനം), മാർക്കോസ് ലോറെന്റെ (അത്ലറ്റിക്കോ മഡ്രിഡ്), പാവു കുബാർസി (ബാഴ്‌സലോണ), മാർക്ക് പുബിൽ (അത്ലറ്റിക്കോ മഡ്രിഡ്), എയ്‌മെറിക് ലാപോർട്ടെ (അത്ലറ്റിക് ക്ലബ്), എറിക് ഗാർഷ്യ (ബാഴ്‌സലോണ), അലക്‌സ് ഗ്രിമാൾഡോ (ബയേർ ലെവർകൂസൻ), മാർക്ക് കൂക്കൂറെയ (ചെൽസി)
മിഡ്ഫീൽഡ്: റോഡ്രിഗോ (മാഞ്ചസ്റ്റർ സിറ്റി), മാർട്ടിൻ സൂബിമെൻഡി (ആഴ്‌സനൽ), ഗാവി (ബാഴ്‌സലോണ), പെഡ്രി (ബാഴ്‌സലോണ), ഫാബിയൻ റൂയിസ് (പിഎസ്‌ജി), മൈക്കൽ മെറിനോ (ആഴ്‌സനൽ), അലക്‌സ് ബായെന (അത്ലറ്റിക്കോ മഡ്രിഡ്)
ആക്രമണം: ഡാനി ഓൽമോ (ബാഴ്‌സലോണ), ലമിൻ യമാൽ (ബാഴ്‌സലോണ), ഫെറാൻ ടോറസ് (ബാഴ്‌സലോണ), യെറേമി പിനോ (ക്രിസ്റ്റൽ പാലസ്), നിക്കോ വില്യംസ് (അത്ലറ്റിക് ക്ലബ്), വിക്ടർ മുനോസ് (ഒസാസൂന), മൈക്കൽ ഒയാർസബാൽ (റിയൽ സൊസിഡാഡ്), ബോർജ ഇഗ്ലേഷ്യസ് (സെൽറ്റ വിഗോ)
English summary: Spain’s head coach Luis de la Fuente has announced a 26-man squad for the FIFA World Cup without a single Real Madrid player, marking the first time since 1950. While rivals Barcelona dominate the squad with eight selections, including Lamine Yamal and Pedri, the coach defended his decision by stating he prioritizes national merit over club status.
Read more – സ്റ്റാറും സോണിയുമല്ല; ഇന്ത്യയിൽ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുക പുതിയ ചാനൽ വഴി
Also see – ഫ്ലെമിങ്ങിന് പകരം ലോകകപ്പ് വിന്നിങ് പരിശീലകൻ സിഎസ്കെയിലേക്ക്
Follow Footy Times on Social Media:
Facebook | Instagram | Twitter | YouTube
Discover more from Footy Times
Subscribe to get the latest posts sent to your email.