Footy Times

സെനഗലിന് ജയം: ഖത്തർ പുറത്ത്

0 386

അത്തറിന്റെ മണമുള്ള ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആതിഥേയർക്ക് തോൽവി. അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനോട് 3-1 എന്ന മാർജിനിൽ തോൽവി വഴങ്ങിയ ആതിഥേയർ, പുറത്താകലിന്റെ വക്കിലാണ്. കഴിഞ്ഞ കളിയിൽ നിന്ന് അധികം മാറ്റമില്ലാത്ത സ്ക്വാഡുമായാണ് ഇരുടീമുകളും കളത്തിൽ അണിനിരന്നത്. പതിഞ്ഞ സ്വഭാവത്തിൽ തുടങ്ങിയ കളി, സാവധാനം മുറുകുന്ന കാഴ്ചയ്ക്കാണ് കാണികൾ സാക്ഷിയായത്.

ആദ്യ മിനിറ്റുകളിൽ സെനഗൽ ബോക്സിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഖത്തർ, ഒരു വേളയിൽ മുന്നിലെത്തിയെന്നു കരുതി. ഖത്തറിന്റെ സ്റ്റാർ പ്ലെയർ അക്രം അഫീഫിനെ സെനഗൽ താരം ഇസ്മായിൽ സാർ ബോക്സിനുള്ളിൽ ഫൗൾ ചെയ്തപ്പോൾ, ഖത്തർ ആരാധകർ ഒരു നിമിഷത്തേക്ക് ആഹ്ലാദചിത്തരായി. പെനാൽറ്റിക്കു വേണ്ടി മുറവിളി കൂട്ടുന്ന ഖത്തർ താരങ്ങളുടെ നേർക്ക് സ്പാനിഷ് റഫറി അന്റോണിയോ മത്തേയു റെഡ് സിഗ്നൽ കാണിച്ചു.

പതിയെ കളിയിലേക്ക് തിരിച്ചു വന്ന സെനഗൽ, കളിയുടെ ആധിപത്യം എറ്റെടുത്തു. സെനഗലിന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങൾ നല്ല രീതിയിൽ ഖത്തർ പ്രതിരോധിച്ചതോടെ സെനഗൽ പ്രതിസന്ധിയിലായി. ഈ അഴിയാക്കുരുക്ക് തകർക്കാൻ ഒരു മനോഹരമായ മുന്നേറ്റമോ, അതോ ഖത്തർ ഡിഫൻസിന്റെ ഭാഗത്തു നിന്നുള്ള വിനാശകരമായ അബദ്ധമോ സെനഗലിന് ആവശ്യമായിരുന്നു.

നിർഭാഗ്യവശാൽ, ഖത്തർ ഡിഫൻഡർ ബൗലേം ഖാഖിക്ക് പിഴച്ചു. കളിയുടെ 41ാം മിനുറ്റിൽ സെനഗലിന്റെ ലെഫ്റ്റ് വിങ്ങറായ കെപ്രിൻ ഡിയാറ്റയുടെ ഒരു സാധാരണ ലോ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമം വിഫലമായി. വീണു കിട്ടിയ പന്ത് വലയിലാക്കാൻ സന്ദർശകരുടെ 26ക്കാരനായ യുവ സ്ട്രൈക്കർ ബൗലയെ ദിയയ്ക്ക് മറുത്തൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായില്ല. ഒന്നാം പകുതി അവസാനിക്കുമ്പോൾ സ്കോൾ 1-0.

ഖത്തർ ആരാധകരുടെ കുറഞ്ഞ അംഗബലവുമായി തുടങ്ങിയ രണ്ടാം പകുതിയുടെ 48ാം മിനുറ്റിൽ, ഇസ്മായിൽ ജേക്കബ്സയുടെ കോർണറിൽ നിന്നു ലഭിച്ച പന്ത് സ്ട്രൈക്കർ ഫമാര ദീദോ ഒരു മിന്നുന്ന ഹെഡറിലൂടെ ഖത്തറിന്റെ വലയിലേക്ക് നിക്ഷേപിച്ചുക്കൊണ്ട് സെനഗലിന്റെ ലീഡ് ഇരട്ടിയാക്കി. ആതിഥേയർക്ക് ആശ്വാസമായി, ഇസ്മായിൽ മുഹമ്മദിൽ നിന്ന് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഹെഡറിലൂടെ മുന്താരി ഗോളാക്കി മാറ്റി.

(Photo by KARIM JAAFAR / AFP)

ഖത്തറിന് ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ. എന്നാൽ, ആവേശഭരിതരായ ഖത്തർ ആരാധകരെ നിരാശരാക്കിക്കൊണ്ട്, പകരക്കാരനായി കളത്തിൽ ഇറങ്ങിയ ബാംബ ദിയോങ്ങ് മൂന്നാം ഗോൾ നേടി ഖത്തർ വധം പൂർത്തിയാക്കി. ഇതോടു കൂടി ഖത്തറിന്റെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു.