Footy Times

വിരിയുമോ വീണ്ടുമൊരു സ്പാനിഷ് വസന്തം

0 682

ഖത്തറിന്റെ മൈതാനങ്ങളിൽ നിന്നുയരുന്ന കാൽപന്തുകളിയുടെ ആവേശവും ആരവവും ലോകത്താകമാനം അലയടിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏതാനും മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ അത്യുജ്ജലമായ പോരാട്ടങ്ങൾക്കും അപ്രതീക്ഷിതമായ അട്ടിമറികൾക്കും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ മത്സരങ്ങളെയും ഏറെ ആകാംക്ഷയോടെയാണ് കളിയാരാധകർ നോക്കിക്കാണുന്നത്.
ആദ്യ കളിയിലെ ആധികാരിക വിജയത്തോടെ കാൽപന്തുകളിയുടെ കനക കിരീടത്തിനായുള്ള പോരാട്ടത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ സ്പെയ്നിന് സാധിച്ചിട്ടുണ്ട്.

സ്പാനിഷ് ഫുട്ബോളിന്റെ സുവർണ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അത്യുഗ്രൻ പ്രകടനമാണ് ലൂയിസ് എൻറിക്വയുടെ കീഴിലുള്ള ചെമ്പട കോസ്റ്ററിക്കക്കെതിരെ കാഴ്ചവച്ചത്. വുവുസേലയുടെ അകമ്പടിയാൽ ശബ്ദമുഖരിതമായിരുന്ന ആഫ്രിക്കൻ മൈതാനങ്ങളിൽ ടിക്കി-ടാക്കയെന്ന ഇന്ദ്രജാലത്തിലൂടെ സ്പാനിഷ് പട ലോക കിരീടം വെട്ടിപ്പിടിച്ചിട്ട് 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.അക്കാലത്ത് വിരിഞ്ഞ സ്പാനിഷ് വസന്തത്തിലെ അടർന്നുവീഴാത്ത പുഷ്പമായ സെർജിയോ ബുസ്ക്കറ്റ്സ് എന്ന ശക്തനായ പോരാളിയാണ് ഇന്ന് ഖത്തറിൽ ചെമ്പടയുടെ പടനായകനായി മുന്നിൽ നിൽക്കുന്നത്.

1964 ൽ നേടിയ യൂറോകപ്പ് മാറ്റിനിർത്തിയാൽ വലിയ കിരീടങ്ങളുടെ ചരിത്രമൊന്നും അവകാശപ്പെടാൻ ഇല്ലാത്തവരായിരുന്നു സ്പാനിഷ് പട. അതിനൊരു മാറ്റം സംഭവിക്കുന്നതും ലോകഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി സ്പെയിൻ വളരുന്നതും 2008 മുതലാണ്. ലൂയിസ് അരഗോണസ് എന്ന പരിശീലകന്റെ കീഴിൽ കെട്ടുറപ്പുള്ള ടീമായി മാറിയ അവർ 2008 യൂറോ കിരീടം സ്വന്തമാക്കുന്നു. അരഗോണസിനു ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത വിചൻ്റെ ഡെൽബോസ്ക്യൂവിന്റെ കീഴിലാണ് പിന്നീട് സ്പെയിൻ 2010 ൽ ശക്തരായ നെതർലൻ്റിനെ പരാജയപ്പെടുത്തി ലോകകിരീടവും 2012 ൽ ഇറ്റലിയെ നിഷ്പ്രഭരാക്കി യൂറോ കിരീടവും സ്വന്തമാക്കുന്നത്.

ടിക്കി -ടാക്കയെന്ന കളി ശൈലിയെ ഫലപ്രദമായി അവതരിപ്പിച്ച് കൊണ്ട് മൈതാനത്ത് എതിർ ടീമിന് പന്തു നൽകാതെ തുടർച്ചയായ പാസ്സുകളാൽ ലക്ഷ്യത്തിലേക്ക് ഒഴുകി നീങ്ങുന്ന മാസ്മരികമായ കാല്പന്ത് മായാജാലത്തിലൂടെ അവർ ഫുട്ബോൾ പ്രേമികളുടെ മനം കീഴടക്കി. ക്ലബ് ഫുട്ബോളിൽ ശക്തമായ ആധിപത്യം സ്ഥാപിച്ചിരുന്ന ബാർസിലോണ – റയൽ മാഡ്രിഡ് ടീമുകളിലെ കളിക്കാരാണ് സ്പാനിഷ് പടയുടെ തേരോട്ടത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചതെന്ന് കാണാം. പെപ് ഗാർഡിയോള ബാർസിലോണയിൽ നടപ്പിലാക്കിയ ടിക്കി-ടാക്ക കളി ശൈലിയും സ്പാനിഷ് ടീമിനെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു.

സാവിയും ഇനിയേസ്റ്റയും സാബി അലോൻസോയും ബുസ്ക്കറ്റ്സുമെല്ലാം മൈതാനത്തിൻ്റെ മധ്യനിരയെ അടക്കി ഭരിച്ചപ്പോൾ ഡേവിഡ് വിയ്യയും ഫെർണാണ്ടോ ടോറസും സ്പെയിനിൻ്റെ ഗോളടി യന്ത്രങ്ങളായി മാറി .പ്യുയോളും പിക്വേയും റാമോസും പ്രതിരോധ കോട്ടയിലെ ഉലയാത്ത ശിലകളായി മാറിയപ്പോൾ ഐക്കർ കസിയസ് ഗോൾ മുഖത്തെ വിശ്വസ്തനായ കാവലാളായി നിലകൊണ്ടു. ഫാബ്രിഗസും ഡേവിഡ് സിൽവയുമെല്ലാം സ്പാനിഷ് വസന്തത്തെ സമ്പൂർണ്ണമാക്കിയവരിൽ പ്രധാനികളാണ്. 2008,2012 യൂറോ കപ്പുകളും, 2010 ലോക കിരീടവും വെട്ടി പിടിച്ച സ്പാനിഷ് പോരാളികളുടെ സുവർണ്ണതലമുറ മൂന്നു കിരീടങ്ങൾ തുടർച്ചയായി നേടുന്ന ചരിത്രമുഹൂർത്തത്തിലേക്കും സ്പെയ്ൻ ദേശീയ ടീമിനെ നയിച്ചു.അങ്ങനെ ഒരു കാലഘട്ടം മുഴുവൻ ലോക ഫുട്ബോളിന്റെ നെറുകയിൽ അജയ്യരായി നിലകൊള്ളാനും ഫുട്ബോൾ ആരാധകർക്ക് മനോഹരമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കാനും സ്പെയിനിൻ്റെ സുവർണ്ണ തലമുറക്ക് സാധിച്ചു.

2013 ലെ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലിനോട് പരാജയം ഏറ്റുവാങ്ങിയതു മുതലാണ് സ്പാനിഷ് വസന്തത്തിന്റെ പ്രതാപത്തിന് മങ്ങലേറ്റ് തുടങ്ങിയത്. തുടർന്ന് 2014,2018 ലോകകപ്പുകളിലും 2016 യൂറോ കപ്പിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാനാകാതെ മടങ്ങാനായിരുന്നു സ്പെയിനിന്റെ വിധി. അപ്പോഴേക്കും സുവർണ്ണതലമുറയിലെ മിക്കവരും ബൂട്ടഴിച്ചു കഴിഞ്ഞിരുന്നു. ഇക്കാലഘട്ടങ്ങളിൽ നിറം മങ്ങിയ സ്പാനിഷ് ടീം സമീപകാലത്ത് പ്രതിഭാധനരായ യുവനിരയുടെ ചുമലിലേറി പുതിയ വിജയഗാഥകൾ രചിച്ചു തുടങ്ങിയിരിക്കുന്നു. 2020 യൂറോ കപ്പിൽ ചാമ്പ്യന്മാരായ ഇറ്റലിയെ സെമിയിൽ വിറപ്പിച്ചാണ് ചെമ്പട കീഴടങ്ങിയത്. അതിനുശേഷം 2021 നാഷൻസ് ലീഗ് ഫൈനലിൽ അവർ ഫ്രാൻസിനെതിരെയും ശക്തമായ പോരാട്ടം കാഴ്ചവച്ചു .

ഇന്നിപ്പോൾ ഗാവിയും പെഡ്രിയും ഫെറാൻ ടോറസും അൽവാരോ മൊറാട്ടയും ഡാനി ഒൽമോയും അടങ്ങുന്ന ലൂയിസ് എൻ്റ്റിക്വയുടെ യുവത്വം തുളുമ്പുന്ന സ്പാനിഷ് സംഘം ഖത്തറിലെ ആദ്യ മത്സരത്തിൽ തന്നെ ഐതിഹാസികവും ആധികാരികവുമായ വിജയം കൈവരിച്ചിരിക്കുന്നു. ഈ ഒരു വിജയം സ്പാനിഷ് ആരാധകരുടെ മനസ്സിൽ ചെറുതല്ലാത്ത പ്രതീക്ഷകളാണ് നിറച്ചിരിക്കുന്നത്. സുവർണ്ണ തലമുറയുടെ അസ്തമയത്തിനു ശേഷം കാൽപന്തുകളിയുടെ ലോക കിരീടത്തിനായുള്ള പുതു സ്വപ്നങ്ങൾ അവർ വീണ്ടും നെയ്തു തുടങ്ങിയിരിക്കുന്നു. കാത്തിരിക്കാം ഖത്തറിന്റെ പച്ചപ്പുൽ മൈതാനങ്ങളിൽ വീണ്ടുമൊരു സ്പാനിഷ് വസന്തം വിരിയുമോ എന്നറിയാൻ…