Footy Times

ബുകയോ സാക അഥവാ ഫുട്ബോൾ മൈതാനത്തെ ആത്മധൈര്യത്തിൻ്റെ ആൾരൂപം

0 172

യൂറോ 2020 ഫൈനലിൽ ഇറ്റലിക്കെതിരിൽ അവസാന പനാൽട്ടി കിക്ക് എടുത്ത്, അതിലൂടെ ഇംഗ്ലണ്ടിന് കിരീടം നഷ്ടമായ അന്നാണ്, അതെ തുടർന്ന് വംശീയ അധിക്ഷേപത്തിന് ഇരയാക്കപെട്ട സാഹചര്യത്തിലാണ് ബുകായോ സാക്ക എന്ന കൊച്ചു കുഞ്ഞിനെ പോലെ ചിരിക്കുന്ന കിളിന്ത് പയ്യനെ പലരും ശ്രദ്ധിച്ചു തുടങ്ങിയത്. സീനിയർ താരങ്ങൾ പലരും പിന്നോട്ട് നിന്നപ്പോഴും അവസാനത്തെ, വിധി നിർണ്ണായകമായ പനാൽട്ടി എടുക്കാൻ കാണിച്ച സന്നദ്ധതയെ അന്ന് പല മുന്കളിക്കാരും പ്രശംസിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ മൂന്നു സീസണുകളിലായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആ്സണൽ ക്ലബിനെ ഫോളോ ചെയ്യുന്നവർക്ക് സാക എന്ന തൻ്റേടിയായ പയ്യൻസിനെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ഇയ്യടുതാണ് പ്രായം ഇരുപത്തി ഒന്നിലേക്ക് കടന്നത്, അതിനിടയിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ (2020-21& 2021-22) ആഴ്സനലിൻ്റെ പ്ലയർ ഓഫ് ദ സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാക ആയിരുന്നു, അന്ന് യഥാക്രമം 19,20 എന്നായിരുന്നു അവൻ്റെ പ്രായം.

 

ആർസനലിൽ ആഴ്സൻ വെങ്ങറ് യുഗം അവസാനിച്ചത് ശേഷം ഉണ്ടായ വല്ലാത്തൊരു അന്ധാളിപ്പിൽ ആശ്വാസത്തിൻ്റെ തെളിനീർ കണക്കെയാണ് ആഴ്സണൽ അക്കാദമി ഗ്രാജ്വേറ്റ് ആയിരുന്ന സാക്കയുടെ രംഗപ്രവേശം. ഉനയ് എമ്രി കോച്ചായി വന്ന കാലയളവിൽ, 2018 നവംബർ മാസത്തിൽ യൂറോപ്പ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് സാക്ക വരവറിയിച്ചത്. പിന്നീടങ്ങോട്ട് പിന്തിരിഞ്ഞു നോക്കാത്ത വിധത്തില് വച്ചടി കയറ്റമായിരുന്നു. ഒരു വർഷത്തിനകം, അന്ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സാക്ക ആഴ്സണൽ ടീമിൻ്റെ അഭിവാജ്യഘടകവും ഫാൻ ഫേവരേറ്റുമായി മാറി. 2020 ജൂലൈ മാസത്തിൽ ലോങ് ടേം കോൺട്രാക്ട് ഒപ്പ് വെച്ച സാക്കയെ കൊണ്ട് അത് വീണ്ടും നീട്ടി കിട്ടുവാൻ ഇപ്പൊൾ ആഴ്സണൽ ക്ലബധികൃതർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്.

ലെഫ്റ്റ് ബേക്ക്, ലെഫ്റ്റ് വിങ്, റൈറ്റ് വിങ്, മിഡ്ഫീൽഡർ എന്നീ പല പൊസിഷനുകളിൽ കളിക്കാൻ ഉള്ള അടാപ്റ്റബിലിട്ടി ഉണ്ട് എന്നത് തന്നെയാണ് സാക്കയുടെ വ്യതിരിക്തത. ആഴ്സനൽ യൂത്ത് ടീമിൽ ഭൂരിഭാഗവും മിഡ്ഫീൽഡർ ആയി കളിച്ചിരുന്ന സാക്ക ലെഫ്റ്റ് വിംഗർ ആയിട്ടാണ് ആഴ്സണൽ ഫസ്റ്റ് ടീമിൽ കളിച്ചു തുടങ്ങിയത്. ഇടക്ക് റൈറ്റ് വിങ്ങിലും കളിച്ചു. അതിനിടക്ക് ടീമിൽ ഉണ്ടായിരുന്ന രണ്ട് ലെഫ്റ്റ് ബാക്കുകൾക്കും പരിക്ക് പറ്റിയ സാഹചര്യത്തിൽ കോച്ച് ലെഫ്റ്റ് ബാക്കായും സാക്കയെ പരീക്ഷിച്ചു, ആ റോളിലും ഗംഭീരമായി തിളങ്ങിയതോടെ മോഡേൺ ഫുട്ബോളിൽ ഇന്നുള്ളവരിൽ ഏറ്റവും അധികം പോസിഷനൽ ഫ്ലെക്സിബിലിറ്റിയുള്ള താരമായി സാക്ക മാറി.

അത് കൊണ്ടൊക്കെ തന്നെയാണ് വിരലിൽ എണ്ണാവുന്ന തവണ മാത്രം ഇംഗ്ലണ്ട് ജൂനിയർ ടീമുകളിൽ കളിച്ച്, പിന്നീട് തൻ്റെ പത്തൊൻപതാം വയസ്സിൽ ഇംഗ്ലണ്ട് ഫസ്റ്റ് ടീമിൽ എത്തിയതിന് ശേഷം ഒരിക്കൽ പോലും സാക്കയില്ലാത്ത ഇംഗ്ലണ്ട് ടീം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത പ്രസക്തമാവുന്നത്. പരിചയ സമ്പന്നരും യുവപ്രതിഭകൾക്കും ഒരു പഞ്ചവുമില്ലാത്ത ഇംഗ്ലണ്ട് ടീമിൽ അവരെയെല്ലാം മറികടന്ന്, യൂറോ കപ്പിലടക്കം എല്ലായിപ്പോഴും ഫസ്റ്റ് ഇലവനിൽ സാക്കയേ കളിപ്പിക്കാൻ കോച്ച് സൗത്ത്ഗേറ്റ് ധൈര്യം കാണിക്കുന്നതും അത് കൊണ്ടൊക്കെ തന്നെ. ഫിൽ ഫോഡൻ, ഗ്രീലിഷ്, സാഞ്ചോ എന്നുവരെയൊക്കെ മറികടന്നാണ് ഈ സെലക്ഷൻ എന്നോർക്കണം.

എത്ര വലിയ ഡിഫൻസ് ആണെങ്കിലും അവർക്കിടയിലേക്ക് ആക്രമിച്ചു കയറി ചെല്ലാനും, നല്ലവണ്ണം ഡ്രിബിള് ചെയ്ത് കയറാനും, യഥേഷ്ടം ഗോളടിക്കാനും, അത്യാവശ്യം ഡിഫൻസീവ് ഡ്യൂട്ടി ചെയ്യാനും സാക്ക മിനക്കെടും. അത് കൊണ്ട് തന്നെയാണ് റെക്കോർഡ് തുക നൽകി ഫ്രഞ്ച് ലീഗിൽ നിന്ന് പൊന്നും വിലക്ക് ടീമിൽ എത്തിച്ച ഐവോറിയൻ നിക്കോളാസ് പെപ്പെയെ മറികടന്ന് ആഴ്സനൽ റൈറ്റ് വിങ്ങിലെ സ്ഥിരം ചോയ്സായി സാക്ക മാറിയത്, ഉനയ് എമ്രിക്ക് ശേഷം മികേൽ അർട്ടെറ്റ ആഴ്സണലിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തപ്പോഴും അതങ്ങനെ തന്നെ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൂർവ്വകാല മികവിലേക്ക് തിരിച്ച് കയറിക്കൊണ്ടിരിക്കുന്ന, ലോകകപ്പിന് പിരിഞ്ഞപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ, അത്രയും മത്സരത്തിൽ നിന്ന് അഞ്ച് പോയിൻ്റുകൾ അധികം നേടി ആഴ്സനൽ ഒന്നാം സ്ഥാനത്ത് വിരാജിച്ച് കൊണ്ടിരിക്കുന്നതിൽ ഈ കൊച്ചു പയ്യൻസിൻ്റെ കളിമികവ് ഒരു മുഖ്യ കാരണം തന്നെയാണ്.

ജോലി ആവശ്യാർത്ഥം ഇംഗ്ലണ്ടിലേക്ക് കുടിയേറി പാർത്ത നൈജീരിയൻ ദമ്പതികളുടെ ഈ പുന്നോമന മകനിൽ നിന്നും ഇനിയും കുറെയേറെ മാസ്മരിക പ്രകടനം നാമൊക്കെ കാണാൻ ഇരിക്കുന്നു എന്ന് വേണം കരുതാൻ.

കഴിഞ്ഞ ആഴ്ചയാണ് നൈജീരിയയിൽ ഹാർട്ട് പ്രോബ്ലം അനുഭവിക്കുന്ന 120 കുഞ്ഞു മക്കളുടെ ഓപ്പറേഷൻ ചിലവുകൾ വഹിച്ചു സാക്ക വാർത്തയിൽ നിറഞ്ഞത്.