Footy Times

ഇംഗ്ലീഷ് ആറാട്ടം

0 69
‘ഗ്രൂപ് ബി’യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇറാനും തമ്മിലെ ആദ്യ മത്സരത്തിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗോൾമഴ. കളി ആരംഭിച്ച് പത്തു മിനിറ്റ് ആവുന്നതിനു മുൻപു തന്നെ ഇറാന്റെ ഒന്നാം നമ്പർ ഗോളി അലിറാസ ബൈരൻവന്ദ് സ്വന്തം ടീംമേറ്റുമായി കൂട്ടിയിടിച്ച് പരിക്കുപറ്റി മടങ്ങിയതോടെ ഇറാന്റെ വിധി ഏതാണ്ട് നിർണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
പകരക്കാരനായി 19ആം മിനിറ്റിൽ ഹൊസൈനി എത്തിയതോടെ ഇറാന്റെ ഗോൾമുഖം വിറക്കാൻ തുടങ്ങി. ആദ്യ 25 മിനിറ്റിൽ ഇറാനും ഇംഗ്ലണ്ടും ആക്രമണത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 22ആം മിനിറ്റിൽ ഇറാന് അനുകൂലമായി ബോക്സിന് ഇടത് വശത്ത് നിന്നും ഫ്രീകിക് കിട്ടിയെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധക്കെട്ടിനെ മറികടക്കാനായില്ല.
30ആം മിനിറ്റിൽ മാസൺ മൗണ്ടിന് ബോക്സിനകത്ത് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിനായില്ല. 32ആം മിനിറ്റിൽ ട്രിപ്പിയറിന്റെ കോർണർ കിക്കിൽ മഗ്വയറിന്റെ ഹെഡറിന് ക്രോസ്ബാർ ഇറാന്റെ രക്ഷകനായി. തുടക്കം മുതലേ ഇടതുവിങ്ങിലൂടെയാണ് ഇംഗ്ലണ്ടിന്റെ ആക്രമണം ഏറെയും നടന്നത്. 35ആം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യഗോൾ പിറന്നു.
ഇടത് വിങ്ങിലൂടെ പന്തുമായി കുതിച്ച ലൂക് ഷോവിന്റെ അളന്നുമുറിച്ച ക്രോസിൽ നിന്ന് ബൊറൂസിയൻ യുവതാരം ജൂഡ് ബെല്ലിങ്ഹാം കൃത്യമായി ഹെഡ് ചെയ്ത് പന്ത് വലയിലിട്ടു. പിന്നീട് തുടരെത്തുടരെ ഇംഗ്ലണ്ടിന്റെ ഏകപക്ഷീയമായ ആക്രമണമാണ് കണ്ടത്. 43ആം മിനിറ്റിൽ ലൂക് ഷോ എടുത്ത കോർണർ കിക്കിൽ നിന്നാണ് രണ്ടാമത്തെ ഗോളിന് വഴിയൊരുങ്ങുന്നത്.
ബോളിലേക്ക് കുതിച്ച് ചാടിയ മഗ്വയർ പന്ത് ഫ്രീ സ്പേസിലേക്ക് ചെത്തിയിട്ടു. മാർക്കിങ്ങിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്ന ബുകായോ സാക ഒരു അത്യുഗ്രൻ വോളിയിലൂടെ ഇംഗ്ലണ്ടിന്റെ ലീഡുയർത്തി. 45ആം മിനിറ്റിൽ ആദ്യമായി വലത് വിങ്ങിലൂടെയുള്ള ഇംഗ്ലണ്ടിന്റെ ആക്രമണം ഗോൾ കണ്ടെത്തി. 15 മിനിറ്റ് നീണ്ട ആഡോൺ ടൈമിന്റെ ആദ്യ മിനിറ്റിൽ ബെല്ലിങ്ഹാമിൽ നിന്ന് പന്ത് സ്വീകരിച്ച്  വലത് വിങ്ങിലൂടെ കുതിച്ച ഹാരി കെയ്ൻ ബോക്സിനടുത്ത് നിന്ന് ഒരു ലോ ക്രോസിലൂടെ ബോക്സിൽ നിൽക്കുന്ന സ്റ്റെർലിങ്ങിലേക്ക് പന്തെത്തിച്ചു.
ഹൊസൈനിയെ കാഴ്ചക്കാരനാക്കിക്കൊണ്ട് സ്റ്റർലിങ്ങിന്റെ മനോഹരമായ ഗോൾ. ആഡോൺ ടൈമിന്റെ അവസാനത്തിൽ ഇറാന് സുവർണാവസരം വലത് വിങ്ങറായ ജഹൻബഹ്ശ് വിദൂരത്തിലേക്ക് അടിച്ചുപറത്തി. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് ആക്രമണം തുടർന്നു.
ആദ്യപകുതിയുടെ തുടക്കത്തിൽ ഇറാൻ മൂന്ന് സബ്റ്റിട്യൂഷൻ വരുത്തി ഇംഗ്ലണ്ടിന്റെ കുതിപ്പിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 62ആം മിനിറ്റിൽ സ്റ്റർലിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് 4 ഇറാനിയൻ പ്രതിരോധ ഭടന്മാരെ മറികടന്ന് സാക തന്റെ രണ്ടാം ഗോളും നേടി. 65ആം മിനിറ്റിൽ  അലി ഗൊലേസാദയുടെ പാസിൽ നിന്ന് മെഹദി ടറേമി ഇറാന്റെ ആദ്യ ഗോൾ നേടി. സ്കോർ 4-1.
71ആം മിനിറ്റിൽ ഇംഗ്ലണ്ട് വരുത്തിയ നാല് സബ്സ്റ്റിറ്റ്യൂഷൻ ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് വീണ്ടും മൂർച്ച കൂട്ടി. മുന്നേറ്റത്തിൽ സാക, സ്റ്റർലിങ്, മൗണ്ട് എന്നിവരെ പിൻവലിച്ച് പരിശീലകൻ ഗാരത് സൗത്ഗേറ്റ് ഫോഡൻ,റാഷ്ഫോഡ്, ഗ്രീലിഷ് എന്നിവരെ കളത്തിലിറക്കി. ഇറങ്ങി നിമിഷ നേരത്തിനുള്ളിൽ ഹാരി കെയ്ൻ നൽകിയ പാസിൽ നിന്ന് ഇടതുകാൽ ഗ്രൗണ്ട് ഷോട്ടിലൂടെ റാഷ്ഫോഡ് പന്ത് വലയിലെത്തിച്ചു.
76ആം മിനിറ്റിൽ കെയിനിന് പകരം കളത്തിലിറങ്ങിയ ക്യാലം വിൽസൺ 90ആം മിനിറ്റിൽ  വലതുവിങ്ങിലൂടെ പന്തുമായി മുന്നേറി. ഗോൾകീപ്പറുടെ തൊട്ടുമുൻപിൽവച്ച് വിൽസൺ താഴ്ത്തി നൽകിയ പാസ് ഗ്രീലിഷ് ലക്ഷ്യത്തിലെത്തിച്ചു. കളിയവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുൻപ്  കിട്ടിയ കോർണർ കിക്കിൽ നിന്ന് ഇറാന് ഗോൾ കണ്ടെത്താനായില്ലെങ്കിലും തൊട്ടുപിന്നാലെ VARലൂടെ കിട്ടിയ പെനാൽട്ടി  മെഹ്ദി ടറേമി ലക്ഷ്യത്തിലെത്തിച്ചു. ഏകപക്ഷീയമാവുമെന്ന് ആദ്യപകുതിയിൽ കരുതിയ മത്സരം 6-2 എന്ന സ്കോറിൽ അവസാനിച്ചു. 4 ഗോൾ വ്യത്യാസത്തോടെ 3 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപിന്റെ ഒന്നാം തലപ്പത്ത് നിലയുറപ്പിച്ചു.