Footy Times

ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്‌

0 71

രണ്ട് കളിയിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി ജയം അനിവാര്യമായ അവസ്ഥയിലാണ് ബെൽജിയം കളത്തിലിറങ്ങിയത്. ക്രൊയേഷ്യയാകട്ടെ ഒരു ജയവും ഒരു സമനിലയുമായി ബെൽജിയത്തെക്കാൾ ഒരു പോയിന്റ് മുന്നിൽ. ഇരു ടീമുകളും ജയിക്കാനുള്ള വാശിയോടെയാണ് കളിക്കാനിറങ്ങിയത്. ബെൽജിയം 3-4-2-1 എന്ന സ്ഥിരം ശൈലിയിൽ ലിയാൻട്രോ ട്രൊസാർഡിനെ ഏക സ്ട്രൈക്കറാക്കി ഇറങ്ങിയപ്പോൾ ക്രൊയേഷ്യ 4-3-3 എന്ന ഫോർമേഷനിലാണ് കളിക്കാരെ അണിനിരത്തിയത്.

ആദ്യ മിനിറ്റിൽ തന്നെ ക്രൊയേഷ്യ ആക്രമണം ആരംഭിച്ചും പന്തുമായി മുന്നേറിയ ഇവാൻ പെരിസിചിന്റെ ഷോട്ട് അലക്ഷ്യമായിരുന്നു. പതിനൊന്നാം മിനിറ്റിൽ ബെൽജിയത്തിന് വേണ്ടി യാനിക് കരാസ്കോ നല്ലൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചെങ്കിലും ഗോൾകീപർ ലിവാകോവിചിന്റെ ഇടപെടലിൽ കോർണറിൽ കലാശിച്ചു. തൊട്ടുപിന്നാലെ കെവിൻ ഡിബ്രുയ്ൻ നടത്തിയ ആക്രമണത്തിലൂടെ ബെൽജിയത്തിന് ലഭിച്ച സുവർണാവസരം ഡ്രൈസ് മെർട്ടൻസ് അടിച്ചുപറത്തി.

പതിനഞ്ചാം മിനിറ്റിൽ ക്രൊയേഷ്യയുടെ ക്രമാരിചിനെ കരാസ്കോ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനാൽട്ടി VAR ചെക്കിലൂടെ ഓഫ്സൈഡ് കാരണം നിഷേധിച്ചു. രണ്ടാം പകുതിയിൽ ബെൽജിയം മെർട്ടൻസിനെ പിൻവലിച്ച് ലുകാകുവിനെ കളത്തിലിറക്കി. 48ആം മിനിറ്റിൽ തന്നെ ലുകാകുവിന്റെ ഒരു ഹെഡർ ശ്രമം ലിവാകോവിചിന്റെ കൈകളിലൊതുങ്ങി.
അൻപതാം മിനിറ്റിൽ ക്രൊയേഷ്യക്ക് വേണ്ടി കൊവാസിച് തൊടുത്ത കിടിലൻ ഷോട്ട് തിബോട് കൊർട്ടുവാ സേവ് ചെയ്തു. പിന്നീട് തുടരെത്തുടരെ ക്രൊയേഷ്യൻ താരങ്ങൾ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവിടെയെല്ലാം കോർട്ടുവ ബെൽജിയത്തിന്റെ രക്ഷകനായി.

അറുപതാം മിനിറ്റിൽ ബെൽജിയത്തിന് വേണ്ടി കരാസ്കോ നടത്തിയ മുന്നേറ്റം ഡിഫൻഡറുടെ കാലുകൾ തടഞ്ഞ് ലുകാകുവിന് മുന്നിലെത്തി. ആളൊഴിഞ്ഞ വലയിലേക്ക് ലുകാകു അടിച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കരാസ്കോയ്ക്ക് പകരക്കാരനായി യുവതാരം ജെറമി ഡോകു കളത്തിലിറങ്ങിയതോടെ ബെൽജിയത്തിന്റെ ഇടതു വിങ്ങിലൂടെയുള്ള ആക്രമണത്തിന് വേഗം കൂടി. പക്ഷേ, അപ്പോഴും ലഭിക്കുന്ന അവസരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ സ്ട്രൈക്കർ ലുകാകു പരാജയപ്പെട്ടു.

68ആം മിനിറ്റിൽ ലൂകാ മോഡ്രിചിന്റെ പവർഫുൾ ഷോട്ട് കുർട്ടുവ സേവ് ചെയ്തു. അവസാന മിനിറ്റുകളിൽ ബെൽജിയത്തിൽ നല്ല രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ലുകാകുവിന്റെ ഫിനിഷിങ്ങിലെ പോരായ്മ ബെൽജിയത്തിന് തിരിച്ചടിയായി. മിനിറ്റുകൾക്ക് ശേഷം ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ബെൽജിയം ഗ്രൂപ് ഘട്ടം കടക്കാതെ പുറത്തേക്ക് പോയപ്പോൾ നിലവിലെ റണ്ണർമാരായ ക്രൊയേഷ്യ F ഗ്രൂപിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു.